പാകിസ്ഥാൻ ലക്ഷ്യമിടുന്നത് ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും; ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് കേന്ദ്രസർക്കാർ

ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പടിഞ്ഞാറൻ അതിർത്തിയില്‍ ഡ്രോണുകളും ദീർഘദൂര ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് പ്രകോപനം തുടരുന്നു. ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തി.
ശ്രീനഗർ മുതൽ നലിയ വരെയുള്ള 26 സ്ഥലങ്ങളിൽ പാക്കിസ്ഥാൻ ഡ്രോണുകളുൾപ്പെടെ ഉപയോഗിച്ച് ആക്രമണം നടത്താൻ ശ്രമം നടത്തി. ഇവയെ ഇന്ത്യൻ സൈന്യം വിജയകരമായി പ്രതിരോധിച്ചു. എങ്കിലും ഉധംപുർ, പഠാൻകോട്ട്, ആദംപുർ, ഭുജ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ നേരിയ നാശനഷ്ടങ്ങളും സൈനികർക്ക് പരുക്കുമേറ്റു.
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന നടപടി പാക്കിസ്ഥാൻ തുടരുകയാണെന്നും കേന്ദ്രസർക്കാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദംപുരിലെ ഇന്ത്യയുടെ എസ്–400 മിസൈൽ പ്രതിരോധ സംവിധാനവും സൂറത്ത്ഗഢിലെയും സിർസയിലെയും എയർഫീൽഡുകളും നഗ്രോട്ടയിലെ ബ്രഹ്മോസ് ബേസ്, ചണ്ഡീഗഡ് ഫോർവേഡ് അമ്യൂണിഷൻ ഡിപ്പോ എന്നിവിടങ്ങൾ തകർത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണ് എന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു .
https://www.facebook.com/Malayalivartha