ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം

ഗാസയില്‍ രൂക്ഷമായ ആക്രമണം ഇസ്രയേല്‍ തുടരുകയാണ്. ഗാസയിലെ ദേര്‍ അല്‍-ബലാഹിലും ഖാന്‍ യൂനിസിലും വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. 64 പേര്‍ കൊല്ലപ്പെട്ടതായി വിവിധ ആശുപത്രികള്‍ സ്ഥിരീകരിച്ചു. 48 മൃതദേഹങ്ങള്‍ ഇന്തോനേഷ്യന്‍ ആശുപത്രിയിലേക്കും 16 മൃതദേഹങ്ങള്‍ നാസര്‍ ആശുപത്രിയിലേക്കും കൊണ്ടുപോയതായി അധികൃതര്‍ പറഞ്ഞു.
ഗാസയിലെ മുനമ്പിലുടനീളം വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 115 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖാന്‍ യൂനിസിന്റെ തെക്കന്‍ നഗരത്തില്‍ ഒറ്റരാത്രികൊണ്ട് കുടിയിറക്കപ്പെട്ട കുടുംബങ്ങളെ പാര്‍പ്പിച്ച വീടുകളിലും കൂടാരങ്ങളിലും ബോംബുകള്‍ വര്‍ഷിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 61 പേര്‍ ഇവിടെ കൊല്ലപ്പെട്ടു. ഇതില്‍ 36 പേരും കുട്ടികളാണ്. നിരവധി കുടുംബങ്ങള്‍ പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടു.
വടക്കന്‍ പട്ടണമായ ജബാലിയയിലും ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തി. ജബാലിയ അഭയാര്‍ഥിക്യാമ്പിലെ ഹെല്‍ത്ത് ക്ലിനിക്കിലും പ്രാര്‍ഥനാഹാളിലും വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. കരയാക്രമണം വിപുലീകരിക്കുന്നതിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങള്‍ തച്ചുതകര്‍ക്കാന്‍ വ്യോമാക്രമണം ശക്തമാക്കാന്‍ ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പശ്ചിമേഷ്യ സന്ദര്‍ശിക്കുകയും ഹമാസും ഇസ്രയേലും തമ്മിലുള്ള പുതിയ വെടിനിര്‍ത്തല്‍, ബന്ദിമോചന കരാറിനെക്കുറിച്ച് പരോക്ഷചര്‍ച്ച തുടരുകയും ചെയ്യുന്നതിനിടയിലാണ് ആക്രമണം ശക്തമായി തുടരുന്നത്. ട്രംപ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇസ്രയേല്‍ സന്ദര്‍ശനം ഒഴിവാക്കിയിരുന്നു. ഗാസയുടെ നേര്‍ക്കുള്ള ഇസ്രയേലി പ്രതിരോധം മൂന്ന് മാസം കടന്നിരിക്കുകയാണ്. ആക്രമണത്തിന് പിന്നാലെ ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ നിന്നും ബെയ്ത്ത് ലാഹിയ പട്ടണത്തില്‍ നിന്നും ആളുകള്‍ പലായനം ചെയ്തു.
2023 ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ കടന്നുകയറ്റത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ 53,000-ത്തിലധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. മാര്‍ച്ച് 18 ന് ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതിനുശേഷം ഏകദേശം 3,000 പേര്‍ കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha