ഗാസയിലെ മുഴുവന്‍ പലസ്തീനികൾക്കും മുന്നറിയിപ്പ്; ഒഴിഞ്ഞ് പോയില്ലെങ്കിൽ കനത്ത ബോംബിങ്...

ഗാസയെ പൂര്‍ണമായും പിടിച്ചെടുക്കാനും പലസ്തീനികളെ അടിച്ചോടിക്കാനുമുള്ള സൈനിക ഓപ്പറേഷന്‍ ഇസ്രായേല്‍ ആരംഭിച്ചുകഴിഞ്ഞു. ഗാസയിലെ മുഴുവന്‍ പലസ്തീനികളോടും ഉടന്‍ ഒഴിഞ്ഞുപോകാനും അതിനു തയാറല്ലെങ്കില്‍ ബോംബിട്ടു കൊല്ലുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. . കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേല്‍ നടത്തിയ ശക്തമായ വ്യാപക വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ 115 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. അമേരിക്കയുടെ സഹായത്തിലും പിന്‍തുണയിലും ഗാസയുടെ വിവിധ ഭാഗങ്ങള്‍ കൈവശപ്പെടുത്താനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്. വടക്കന്‍ ഗാസയിലെ നിരവധി പ്രദേശങ്ങളില്‍നിന്ന് അയ്യായിരത്തോളം ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം ഇന്നലെ ആട്ടിയോടിച്ചു. യുദ്ധത്തില്‍ വന്‍നാശനഷ്ടങ്ങള്‍ സംഭവിച്ച ഗാസയിലേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകളും ഭക്ഷണവും കുടിവെള്ളവും അടക്കമുള്ള സഹായങ്ങള്‍പോലും ഇസ്രായേല്‍ കടത്തിവിടുന്നില്ല.
ഗാസയില്‍ മാത്രമല്ല ജറുസലേമിലും ഇസ്രായേല്‍ പലസ്തീനികള്‍ക്കു നേരെ കനത്ത പോരാട്ടം തുടരുകയാണ്. ഗാസയിലെ ജനങ്ങള്‍ കടുത്ത പട്ടിണിയില്‍ വലയുകയാണ്. ഭക്ഷണത്തിനും വെള്ളത്തിനുമായി കുട്ടികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് അഭയാര്‍ഥി ക്യാമ്പുകളില്‍ ക്യൂനില്‍ക്കുന്നത്. ഗാസയില്‍ വൈകാതെ പട്ടിണി മരണം ആരംഭിക്കുമെന്നാണ് റെഡ് ക്രോസ് ഉള്‍പ്പെടെ സംഘടനകള്‍ മുന്നറിയിപ്പു നല്‍കുന്നത്. ഇസ്രായേലി ബോംബാക്രമണം കാരണം ഗാസ മുനമ്പിലെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കാണാതായ ഫലസ്തീനികളെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് സിവില്‍ ഡിഫന്‍സ് ഏജന്‍സികള്‍ പറയുന്നത്. നൂറുകണക്കിനു പേര്‍ ഇസ്രായേലിന്റെ ഏറ്റവും പുതിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്നും പലരും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഖാന്‍ യൂനിസിന്റെ തെക്കന്‍ നഗരത്തില്‍ നിന്നു കുടിയിറക്കപ്പെട്ട കുടുംബങ്ങളെ പാര്‍പ്പിച്ച വീടുകളിലും കൂടാരങ്ങളിലും ഇസ്രായേല്‍ ബോംബ് വര്‍ഷിച്ചതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 61 പേര്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ടു. ഇതില്‍ 36 പേരും കുട്ടികളാണ്. ഇവിടെ നിരവധി കുടുംബങ്ങള്‍ പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടു. വടക്കന്‍ പട്ടണമായ ജബാലിയയിലും ഇസ്രായേല്‍ ശക്തമായ ആക്രമണം നടത്തിവരികയാണ്. കരയാക്രമണം വിപുലീകരിക്കുന്നതിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങള്‍ തച്ചുതകര്‍ക്കാന്‍ വ്യോമാക്രമണം ശക്തമാക്കാന്‍ ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പശ്ചിമേഷ്യ സന്ദര്‍ശിക്കുകയും ഹമാസും ഇസ്രയേലും തമ്മിലുള്ള പുതിയ വെടിനിര്‍ത്തല്‍, ബന്ദിമോചന കരാറിനെക്കുറിച്ച് പരോക്ഷചര്‍ച്ച തുടരുകയും ചെയ്യുന്നതിനിടയിലാണ് ആക്രമണം ശക്തമാക്കിയിരിക്കുന്നത്.
ഗാസയില്‍നിന്ന് പലസ്തീന്‍കാരെ കുടിയൊഴിപ്പിക്കാന്‍ ഇസ്രായേലിനൊപ്പം അമേരിക്കയും രംഗത്തു വന്നിട്ടുണ്ട്. ഗാസ മുനമ്പില്‍ കഴിയുന്ന പത്തുലക്ഷത്തോളം പലസ്തീനികളെയാണ് ട്രംപ് ഭരണകൂടം ലിബിയയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. ഇക്കാര്യം ട്രംപ് ലിബിയന്‍ സര്‍ക്കാരുമായി യുഎസ് ചര്‍ച്ച ചെയ്തുകഴിഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യം ഇത്തരമൊരു പദ്ധതിക്ക് യോജിച്ചതല്ലെന്നും അത്തരത്തില്‍ ഒരു ചര്‍ച്ചപോലും ഉണ്ടായിട്ടില്ലെന്നും പ്രായോഗികമല്ലാത്ത കാര്യമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. പലസ്തീന്റെ ഓരോ തരി മണ്ണും ,കുടുംബവും, നാടും സംരക്ഷിക്കാനും കുട്ടികളുടെ ഭാവിക്കായി നിലകൊള്ളാനും അവസാന ശ്വാസം വരെ പലസ്തീനിലെ ഓരോരുത്തരും നിലകൊള്ളുമെന്ന് ഹമാസ് പ്രഖ്യാപിച്ചിട്ടുണ്ട്.
കേണല്‍ ഗദ്ദാഫിക്കെതിരെ ഒന്നരപ്പതിറ്റാണ്ട് മുന്‍പ് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപമുണ്ടാക്കിയ അസ്ഥിരതകളില്‍ നിന്ന് ലിബിയ ഇതുവരെ പുറത്തുകടന്നിട്ടില്ല. നിലവിലുള്ള ജനങ്ങള്‍ക്ക് പോലും അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാനോ ക്ഷേമം ഉറപ്പാക്കാനോ പോലും സാധിക്കാത്ത സാമ്പത്തിക പരാധീനതയിലാണ് ഇപ്പോള്‍ ലിബിയ കഴിയുന്നത്. ഭീകരവാദം, കുഴിബോംബുകള്‍, ആഭ്യന്തര കലഹം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സ്വന്തം പൗരന്‍മാര്‍ ലിബിയയില്‍ പോകുന്നത് അമേരിക്ക വിലക്കിയിട്ടുമുണ്ട്.
മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതിന് ശേഷം മൂവായിരത്തിലേറെ പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2023 ഒക്ടോബറില്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത് മുതല്‍ 53,000 പലസ്തീനുകാര്‍ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. നിലവിലെ സാഹചര്യത്തില്‍ വടക്കന്‍ ഗാസയിലെ ജബാലിയയില്‍ നിന്ന് ഒഴിയാന്‍ പലസ്തീനുകാരോട് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരിക്കുകയാണ്. ഗാസയിലെ ജനങ്ങള്‍ പട്ടിണിയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ ഇസ്രയേല്‍ അനുവദിച്ചാല്‍ ഉടന്‍ ഗാസയില്‍ ഭക്ഷണം എത്തിക്കാന്‍ തയ്യാറാണെന്ന് യുഎന്നും അറിയിച്ചു.
https://www.facebook.com/Malayalivartha