സ്‌പെയിന്‍കാരെ ഉപദേശിച്ച് നേരെയാക്കാന്‍ സെനറ്റര്‍ എഡല്‍മിറ

സ്‌പെയിന്‍കാര്‍ക്ക് അടുത്ത കാലത്തായി രണ്ടേ രണ്ടു വിചാരങ്ങളേ ഉള്ളത്രേ. അന്തിയോളം പണിയെടുക്കണം പിന്നെ സകലതും മറന്ന് ഉറങ്ങണം . ജനങ്ങളുടെ ഈ രീതി കൊണ്ട് രാജ്യത്തിന്റെ നിലനില്‍പ്പു തന്നെ ഭീഷണിയിലാണെന്ന് ഗവണ്‍മെന്റ് കണ്ടെത്തി. കാര്യങ്ങള്‍ ഈ രീതിയില്‍ പോകുകയാണെങ്കില്‍ കുറച്ചു കാലം കൂടി കഴിയുമ്പോള്‍ സ്‌പെയിന്‍ എന്നൊരു രാജ്യം തന്നെ നാമാവശേഷമാകുമെന്ന സ്ഥിതിയിലാണെന്ന് സര്‍ക്കാരിനു ബോധ്യമായി.
പ്രശ്‌നം എന്താണെന്നോ? അവിടത്തെ ജനങ്ങള്‍ക്ക് സെക്‌സിനായി മാറ്റി വയ്ക്കാന്‍ സമയമില്ലത്രേ. തന്മൂലം അവിടത്തെ ജനസംഖ്യ പ്രതിവര്‍ഷം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തി. സര്‍ക്കാരിന് കാര്യത്തിന്റെ ഗൗരവം മനസ്സിലായതു കൊണ്ട് അവര്‍ ഒരു വനിതാ സെനറ്റംഗത്തെ തന്നെ ജനങ്ങളെയൊക്കെയൊന്ന് ഉത്സാഹിപ്പിക്കാനുള്ള ചുമതല ഏല്‍പ്പിച്ചു. ജനസംഖ്യാ ശാസ്ത്രത്തില്‍ വിദഗ്ദ്ധയായ എഡെല്‍മിറ ബറെയ്‌റയെ അവര്‍ സെക്‌സ് സാര്‍ ആയി അവരോധിച്ചു. (സര്‍ക്കാരിനാല്‍ ഏതെങ്കിലും പ്രത്യേക ചുമതല ഏല്‍പ്പിക്കപ്പെടുന്നവരെയാണ് സ്‌പെയിനില്‍ സാര്‍ എന്നു പറയുന്നത്.)
2015-ലെ സെന്‍സസ് പ്രകാരം ആ കൊല്ലം നടന്ന മരണങ്ങളുടെ എണ്ണമാണ് ജനനങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലെന്ന് കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. യുവദമ്പതികളോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഒരു ദിവസം മുഴുവന്‍ നീളുന്ന ജോലിയ്ക്കു ശേഷം വീട്ടിലെത്തി കഴിയുമ്പോള്‍ കിടന്നുറങ്ങാന്‍ മാത്രമാണ് തോന്നുന്നത് എന്നാണ്.
സ്‌പെയിന്റെ സാമൂഹ്യ സാമ്പത്തിക രംഗത്തെ സ്വാധീന ശക്തിയായ ഫണ്‍കാസിന്റെ സര്‍വ്വേ കാണിക്കുന്നത് കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളുടെ എണ്ണം 1977 ല്‍ 1.5 ദശലക്ഷമായിരുന്നത് 2015 ആയപ്പോഴേക്കും 4.4 ദശലക്ഷമായി എന്നാണ.് ദിവസം മുഴുവന്‍ നീളുന്ന ജോലിയും രാത്രി ഷിഫ്റ്റുകളുമൊക്കെയായി ജീവിക്കുന്നതിനിടെ ഒരു കുഞ്ഞു കൂടി ഉണ്ടായാല്‍ കാര്യങ്ങളൊക്കെ കുഴഞ്ഞു മറിയുമെന്ന് ദമ്പതികള്‍ ചിന്തിക്കുന്ന രീതി മാറ്റാന്‍ സഹായിക്കുന്ന രീതിയില്‍ നിയമസംവിധാനം പരിഷ്‌ക്കരിക്കുമെന്ന് പ്രധാനമന്ത്രി മരിയാനോ രജോയ് സെനറ്റര്‍ എഡല്‍മിറയ്ക്ക് ഉറപ്പു നല്‍കി.
2014-ല്‍ ഡാനിഷ് സര്‍ക്കാരും ഇത്തരമൊരു നീക്കം നടത്തിയിരുന്നു. ഡെന്മാര്‍ക്കിനു വേണ്ടി അതു ചെയ്യു (ഡൂ ഇറ്റ് ഫൊര്‍ ഡെന്‍മാര്‍ക്ക്) എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. അതേ തുടര്‍ന്ന് അനുകൂല ലക്ഷണങ്ങളാണ് ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha























