ഒത്തുകൂടലും ആഘോഷവും കഴിഞ്ഞ് 50കഴിഞ്ഞ കമിതാക്കൾ ഒളിച്ചോടി...പുറത്തായത് വമ്പൻ ട്വിസ്റ്റ്

മൂവാറ്റുപുഴയില്‍ 1987-ലെ പത്താംക്ലാസുകാരുടെ ഒരു സംഗമം നടന്നു. പഴയ ഓർമ്മകളും പുതിയ കഥകളുമായി അവർ ഒരു ദിവസം ആഘോഷിച്ചു. എന്നാൽ ഒത്തുകൂടലും ആഘോഷവും കഴിഞ്ഞതോടെ കഥ മാറി. പിറ്റേന്നു മുതൽ കൂട്ടത്തിലുള്ള രണ്ടുപേരെ കാണാനില്ല. മൂവാറ്റുപുഴയിൽ അമ്പത് കഴിഞ്ഞ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. 35 വര്‍ഷത്തിനുശേഷം പൂര്‍വവിദ്യാര്‍ഥിസംഗമത്തില്‍ കണ്ടുമുട്ടിയ കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും ഒളിച്ചോടുകയായിരുന്നു.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വരികയാണ്. അമ്പതുകാരി വീട്ടമ്മ പത്താം ക്ലാസിൽ പഠിക്കുമ്പോഴുള്ള തൻ്റെ പ്രണയ നായകനൊപ്പം വീട് വിട്ട് ഇറങ്ങുകയായിരുന്നു. പൂർവ വിദ്യാർത്ഥി സംഗമം നടന്ന് മൂന്നാഴ്ചയ്ക്കുശേഷമാണ് സംഭവം നടക്കുന്നത്. മൂന്ന് മക്കളുടെ അമ്മയായ ഇവരുടെ സ്വന്തം വീട് മൂവാറ്റുപുഴയിലാണ്. മൂന്നാഴ്ച മുമ്പ് മൂവാറ്റുപുഴയിൽ വച്ചായിരുന്നു പഴയ സഹപാഠികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചത്. വാട്സ് ആപ്പ് കൂട്ടായ്മയിലൂടെയായിരുന്നു ഒത്തുചേരൽ. പത്താം ക്ലാസിനു ശേഷം പലരും ആദ്യമായി കാണുന്നതും ഈ കൂട്ടായ്മയിൽ വച്ചായിരുന്നു.
കോട്ടക്കവലയിൽനിന്ന് വീട്ടമ്മയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയതോടെയാണ് നിശബ്ദ പ്രണയത്തിൻ്റെ പുതിയ ഘട്ടത്തിന് തുടക്കമാകുന്നത്. നാല് ദിവസം മുൻപാണ് ഭർത്താവിൻ്റെ പരാതി കരിമണ്ണൂർ പൊലീസിന് ലഭിച്ചത്. പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ മൂവാറ്റുപുഴ സ്വദേശിയായ പുരുഷനെ കാണാനില്ലെന്ന് കാട്ടി മൂവാറ്റുപുഴ പൊലീസിൽ മറ്റൊരു പരാതി ലഭിച്ചു.
കൂടുതൽ അന്വേഷണത്തിൽ കാണാതായ വീട്ടമ്മയും മൂവാറ്റുപുഴ സ്വദേശിയും മൂന്നാഴ്ച മുൻപ് സംഘടിപ്പിച്ച 1987 പത്താം ക്ലാസ് ബാച്ചിൻ്റെ കൂട്ടായ്മയിൽ പങ്കെടുത്തതായി പൊലീസിന് മനസ്സിലായി. തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
കാണാതായ പുരുഷനും സ്ത്രീയും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിൽ എത്തിയതായി സൈബർ സെല്ലിന് വിവരം ലഭിച്ചു. തുടർന്ന് മൂവാറ്റുപുഴ പൊലീസ് ഇവരെ ഫോണിൽ ബന്ധപ്പെട്ടു. ഇവരോട് എത്രയും വേഗം സ്‌റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇരുവരും പോലീസ് സ്റ്റേഷനിൽ ഹാജരായി. മൂവാറ്റുപുഴ എസ്എച്ച്ഒ അറിയിച്ചതിനെത്തുടർന്ന് കരിമണ്ണൂർ പൊലീസ് വീട്ടമ്മയെ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് ഇവരെ അടിമാലി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha