നാടിനെ നടുക്കിയ പെരുമണ്‍ തീവണ്ടി ദുരന്തം സംഭവിച്ചിട്ട് 30 വര്‍ഷം... 105 പേരുടെ ജീവനെടുത്ത രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമായിരുന്നു, അഷ്ടമുടിക്കായലിന്റെ ആഴങ്ങളില്‍ ഇല്ലാതായവര്‍ക്ക് ഓര്‍മ്മപ്പൂക്കളുമായി ബന്ധുക്കളും പ്രിയപ്പെട്ടവരും ഇന്ന് പെരുമണിലെത്തും

മൂന്ന് പതിറ്റാണ്ട് മുന്‍പൊരു നട്ടുച്ച സമയത്ത് അഷ്ടമുടിക്കായലിന്റെ ആഴങ്ങളിലേക്ക് പതിച്ച ഐലന്റ് എക്‌സ്പ്രസിന്റെ മരണം അറിയിച്ചുള്ള ചൂളം വിളി ഇപ്പോഴും പെരുമണ്‍ പാലത്തില്‍ മുഴങ്ങുന്നു.105 പേരുടെ ജീവനെടുത്ത രാജ്യത്തെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തങ്ങളിലൊന്നാണ് 1988 ജൂലായ് 8ന് കൊല്ലം വേദനയോടെ ഏറ്റുവാങ്ങിയത്. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഐലന്റ് എക്‌സ്പസ് ഉച്ചയ്ക്ക് 12.50ന് മണ്‍റോതുരുത്തിനും പെരിനാടിനും ഇടയിലുള്ള പെരുമണ്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു. 80 കിലോമീറ്റര്‍ വേഗതയിലെത്തിയ ട്രെയിനിന്റെ എന്‍ജിന്‍ പാലം കടന്നതിന് പിന്നാലെ ആയിരുന്നു അപകടം.
കായലിന്റെ അടിത്തട്ടിലേക്ക് പതിച്ച ബോഗികള്‍ക്കുള്ളില്‍ കുടുങ്ങി ശ്വാസം കിട്ടാതെയാണ് മിക്കവരും മരിച്ചത്. മരണത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു പോയ പലരുടെയും മൃതദേഹങ്ങള്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തെത്തിക്കാനായത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്.
പെരുമണില്‍ വീശിയടിച്ച ചുഴലിക്കാറ്റ് (ടൊര്‍ണാഡോ) ഐലന്റ് എക്‌സ്പ്രസിനെ താഴേക്ക് ചുഴറ്റി എറിഞ്ഞെന്ന റെയില്‍വേ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍ ഇന്നും മിഥ്യയായി തുടരുകയാണ്. റെയില്‍വേ സേഫ്ടി കമ്മിഷണറായിരുന്ന സൂര്യനാരായണന്റെ നേതൃത്വത്തിലുള്ള കമ്മിഷന്റെ കണ്ടെത്തലുകള്‍ ജനങ്ങള്‍ തള്ളികളഞ്ഞു.
ട്രെയിനിനെ മറിച്ചിടാന്‍ ശേഷിയുള്ള കാറ്റ് കായല്‍പരപ്പില്‍ വീശിയില്ലെന്ന വാദം ശക്തമായപ്പോള്‍ പുനരന്വേഷണത്തിന് റെയില്‍വേ തയ്യാറായി. റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥന്‍ സി.എസ്.നായിക്ക് നടത്തിയ പുനരന്വേഷണവും മുന്‍ കമ്മിഷന്റെ കണ്ടെത്തലുകളെ ശരിവച്ചു. റെയില്‍വേ ഉദ്യോഗസ്ഥരുടെ സുരക്ഷാ വീഴ്ചയാണ് മഹാദുരന്തത്തിന് ഇടയാക്കിയതെന്ന വാദം ഇപ്പോഴും ശക്തമാണ്. ദുരന്തത്തില്‍ മരിച്ചവര്‍ക്കായി ശ്രദ്ധേയമായ ഒരു സ്മാരകവും നിലവിലില്ല. റെയില്‍വേ ഭൂമിയിലെ സ്മൃതി സ്തൂപവും പെരുമണ്‍ ജങ്കാര്‍ കടവിലെ സ്മൃതി മണ്ഡപവുമാണ് ഓര്‍മ്മകളെ മൂന്ന് പതിറ്റാണ്ട് പിന്നിലേക്ക് എത്തിക്കുന്നത്. അഷ്ടമുടിക്കായലിന്റെ ആഴങ്ങളില്‍ ഇല്ലാതായവര്‍ക്ക് ഓര്‍മ്മപ്പൂക്കളുമായി ബന്ധുക്കളും പ്രിയപ്പെട്ടവരും ഞായറാഴ്ച പതിവ് പോലെ പെരുമണിലെത്തും.
https://www.facebook.com/Malayalivartha


























