നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം

11 ദിവസത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിലെ മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്തിരിക്കുകയാണ്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് പ്രഖ്യാപനം. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും അവസാനഘട്ട ചര്‍ച്ചകളില്‍ സജീവമായിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖമായി മുന്നില്‍ നിന്നതും എല്‍ഡിഎഫിനെതിരെ ശക്തമായ പ്രചാരണം നയിച്ചതുമാണ് സതീശന് അനുകൂലമായ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.
മുഖ്യമന്ത്രിമാരാകുന്ന എല്ലാവര്‍ക്കും മേല്‍ ഓഡിറ്റ് ചെയ്യപ്പെടുന്ന ഒരു കാര്യമാണ് അവരുടെ ആസ്തി. നിയുക്ത മുഖ്യമന്ത്രിയായ വി ഡി സതീശന്‍ അധികാരത്തിലേറുമ്പോള്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അദ്ദേഹം നല്‍കിയ ആസ്തികളുടെയും ബാധ്യതകളുടെയും കണക്കുകള്‍ നോക്കാം. സത്യവാങ്മൂലം പ്രകാരം, സതീശനും ഭാര്യ ലക്ഷ്മിപ്രിയയും ചേര്‍ന്ന് ഏകദേശം 6.69 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ കൈവശം വച്ചിട്ടുണ്ട്. സതീശന്റെ പേരില്‍ ബാങ്ക് നിക്ഷേപമായി 53,82,286 രൂപയും, ഭാര്യയുടെ പേരില്‍ 68,45,474 രൂപയുടെ നിക്ഷേപവുമുണ്ട്. 64,000 രൂപ പണവും 25,000 രൂപയുടെ ബാങ്ക് ഓഹരികളും 35 ഗ്രാം സ്വര്‍ണ്ണവും ഉണ്ടെന്ന് സതീശന്‍ വ്യക്തമാക്കിയിരിക്കുന്നു.
ഇനി സ്ഥാവര ആസ്തികള്‍ നോക്കാം. സ്വന്തം പേരില്‍ നിലവിലെ വിപണി മൂല്യം ഏകദേശം 2,42,63,816 രൂപയുടെ ആസ്തിയുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഭാര്യയുടെ പേരില്‍ നിലവിലെ വിപണി മൂല്യം ഏകദേശം 2,42,63,816 വരുന്ന ആസ്തിയുമുണ്ട്. ഇനി ബാധ്യതകളുടെ കണക്ക് നോക്കാം. വി ഡി സതീശന് സ്വന്തം പേരില്‍ 24,00,635 രൂപയുടെ കടമുണ്ട്. ഇതില്‍ കാര്‍ ലോണും ബാങ്കുകളില്‍ നിന്നുള്ള മറ്റ് വായ്പകളും ഉള്‍പ്പെടുന്നു. ഭാര്യ ലക്ഷ്മി പ്രിയയുടെ പേരില്‍ 17,45,000 രൂപയുടെ ബാധ്യതയുമുണ്ട്. വിഡി സതീശന്റെ പ്രധാന വരുമാന സ്രോതസ്സായി രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ശമ്പളവും അലവന്‍സുകളുമായിരുന്നു. കൂടാതെ അഭിഭാഷകനെന്ന നിലയിലും നേരത്തെ സമ്പാദിച്ചിരുന്നു.
https://www.facebook.com/Malayalivartha



























