എനിക്കു ധാരാളം പ്രശ്‌നങ്ങളുണ്ട്... എന്നാലും ആരുടെയും സഹായം വേണ്ട.. പാത്രം കഴുകിയോ കൂലിപ്പണിയെടുത്തോ ഞാന്‍ ജീവിച്ചോളാം.. ഉപദ്രവിക്കാതിരുന്നാല്‍ മതി.. കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്ന നവമാധ്യമ ക്രൂരതയുടെ ഇര; സാമൂഹിക മാധ്യമങ്ങളില്‍ അഴിഞ്ഞാടിയവര്‍ തിരിച്ചറിഞ്ഞില്ല പട്ടിണി മാറ്റാന്‍ മീന്‍ വില്‍ക്കേണ്ടിവന്ന ഈ കോളജ് വിദ്യാര്‍ഥിനിയുടെ നൊമ്പരം

എനിക്കു ധാരാളം പ്രശ്‌നങ്ങളുണ്ട്. എന്നാലും ആരുടെയും സഹായം വേണ്ട. പാത്രം കഴുകിയോ കൂലിപ്പണിയെടുത്തോ ഞാന്‍ ജീവിച്ചോളാം. ഉപദ്രവിക്കാതിരുന്നാല്‍ മതി. സാമൂഹിക മാധ്യമങ്ങളില്‍ അഴിഞ്ഞാടിയവര്‍ തിരിച്ചറിഞ്ഞില്ല പട്ടിണി മാറ്റാന്‍ മീന്‍ വില്‍ക്കേണ്ടിവന്ന ഈ കോളജ് വിദ്യാര്‍ഥിനിയുടെ നൊമ്പരം. കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്ന നവമാധ്യമ ക്രൂരതയുടെ ഒടുവിലത്തെ ഇരയാണ് തൊടുപുഴ അല്‍ അസ്‌ഹര്‍ കോളജ് വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശിനി ഹനാന്‍ (21).
മീന്‍ വില്‍പ്പനയാണെങ്കിലും തട്ടമിടാത്തതിന്റെ പേരില്‍ ലീഗുകാരൻ സോഷ്യൽ മീഡിയയിൽ കടന്നാക്രമിച്ചപ്പോൾ ഒറ്റ ഒരു ദിവസം കൊണ്ട് ആ പെണ്കുട്ടിക്ക് അനുഭവിക്കേണ്ടിവന്നത് ചെറുതൊന്നുമില്ല. മീന്‍ വില്‍പ്പന നാടകമാണെന്നു സാമൂഹികമാധ്യമങ്ങളില്‍ ഒരു കൂട്ടര്‍. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമാണെന്നു മറ്റൊരു കൂട്ടര്‍. ഒരുതെറ്റും ചെയ്യാത്ത തന്നെ സൈബര്‍ വിടന്‍മാര്‍ കൊത്തിപ്പറിക്കുമ്ബോഴും ഇന്നലെ അവള്‍ തമ്മനം ജങ്‌ഷനില്‍ മീന്‍ വില്‍ക്കാനെത്തി.
കാരണം, ജീവിക്കാനും പഠനം തുടരാനും അവള്‍ക്കു മറ്റു മാര്‍ഗമില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയെ കണ്ടുരസിക്കാന്‍ ആളുകൂടിയതോടെ പോലീസെത്തി. എന്നാല്‍, കാഴ്‌ചക്കാരെ പിരിച്ചുവിടുന്നതിനു പകരം അവളെ തിരിച്ചയയ്‌ക്കാനായിരുന്നു പോലീസിനു തിടുക്കം. അതാണല്ലോ എളുപ്പം! പോലീസിന്റെ പരുക്കന്‍ പെരുമാറ്റവും സമ്മര്‍ദവും മൂലം തളര്‍ന്നുവീണ ഹനാനെ ഒടുവില്‍ ആശുപത്രിയിലേക്കു മാറ്റി.
കോളജ് യൂണിഫോം ധരിച്ച് മീന്‍ വില്‍ക്കുന്ന ഹനാന്റെ വീഡിയോ ദൃശ്യങ്ങളാണു വിവാദമായത്. സാമൂഹികമാധ്യമങ്ങളില്‍ തനിക്കെതിരായ പോസ്‌റ്റുകള്‍ വൈറലായതോടെ ജീവിക്കാനാകാത്ത അവസ്‌ഥയാണെന്നു പറഞ്ഞ് അവള്‍ പൊട്ടിക്കരഞ്ഞു. "ഇത്രയും കാലം കഷ്‌ടപ്പെട്ടാണു ജീവിച്ചത്. ഉപജീവനമാര്‍ഗമായിരുന്ന മീന്‍കച്ചവടം നടത്താന്‍ ഇപ്പോള്‍ നാട്ടുകാരും പോലീസും അനുവദിക്കുന്നില്ല. എന്നാലും മീന്‍ കച്ചവടം തുടരും. വേറേ വരുമാനമില്ല. ദിവസം 1000 രൂപയ്‌ക്കായി സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റായി അലഞ്ഞിട്ടുണ്ട്. ഇവന്റ് മാനേജ്‌മെന്റ്, ആങ്കറിങ് തുടങ്ങി അറിയാവുന്ന ജോലികള്‍ വേറെയുമുണ്ടെങ്കിലും ദീര്‍ഘദൂരം സഞ്ചരിക്കാന്‍ ആരോഗ്യസ്‌ഥിതിയും ധനസ്‌ഥിതിയും അനുവദിക്കുന്നില്ല. അതുകൊണ്ടാണു മീന്‍ കച്ചവടം തുടങ്ങിയത്.
എനിക്കു ധാരാളം പ്രശ്‌നങ്ങളുണ്ട്. എന്നാലും ആരുടെയും സഹായം വേണ്ട. ജീവിക്കാന്‍ അനുവദിച്ചാല്‍ മതി. അക്കൗണ്ട് നമ്ബര്‍ നല്‍കി കാശുണ്ടാക്കാന്‍ ശ്രമിച്ചെന്നു സാമൂഹികമാധ്യമങ്ങളില്‍ ചിലര്‍ പ്രചാരണം നടത്തി. അധ്യാപകരോടും മറ്റും ചോദിച്ചിട്ടാണ് അക്കൗണ്ട് നമ്ബര്‍ മാധ്യമങ്ങള്‍ക്കു നല്‍കിയത്. ആ അക്കൗണ്ടിലേക്കു വന്ന പണം ഞാന്‍ നിങ്ങള്‍ക്കു തരാം; ഉപദ്രവിക്കരുത്. അസഹ്യമായ ചെവിവേദനയുണ്ട്. കച്ചവടം ചെയ്യാന്‍ പോലീസുകാര്‍ സമ്മതിച്ചില്ല. പാത്രം കഴുകിയോ കൂലിപ്പണിയെടുത്തോ ഞാന്‍ ജീവിച്ചോളാം. ഉപദ്രവിക്കാതിരുന്നാല്‍ മതി"- ഹനാന്‍ വിതുമ്ബി. പഠനത്തിനൊപ്പം ഉപജീവനത്തിനായി മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടിയുടെ കഥ രണ്ടുദിവസം മുമ്ബാണു ചില ദൃശ്യമാധ്യമങ്ങളില്‍ വന്നത്. ഇതോടെ സാമൂഹികമാധ്യമങ്ങളില്‍ കെട്ടുകഥകളുടെ പ്രവാഹമായി.
ഹനാനെ അനുകൂലിച്ചും അവഹേളിച്ചും ചര്‍ച്ചകള്‍ കൊഴുത്തു. അവളുടെ മതം ചികഞ്ഞെടുത്തവര്‍ ആക്രമണത്തിന്റെ കുന്തമുന കൂര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ തമ്മനത്തു മീന്‍ വില്‍ക്കാനെത്തിയ ഹനാനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടി. ഗതാഗതക്കുരുക്കായതോടെ പാലാരിവട്ടം പോലീസ് സ്‌ഥലത്തെത്തി. കാണികള്‍ കൂടിയതോടെ ഇവിടെ മത്സ്യം വില്‍ക്കാനാവില്ലെന്നു കച്ചവടക്കാരും പോലീസും പറഞ്ഞു. 10 കിലോ മീനാണു കൈയിലുണ്ടായിരുന്നത്.
അതു വില്‍ക്കാന്‍ അനുവദിക്കണമെന്നു കേണപേക്ഷിച്ചെങ്കിലും പോലീസ് സമ്മതിച്ചില്ല. തുടര്‍ന്ന്, ഹനാന്‍ മത്സ്യം സൂക്ഷിക്കാനേല്‍പ്പിച്ച വീട്ടിലേക്ക് അവളെ മാറ്റി. അവിടെ അവള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു. തുടര്‍ന്ന് വനിതാ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്കു മാറ്റി.
തനിക്കു വൈറലാകേണ്ടെന്നും ജീവിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നും ഫെയ്‌സ്‌ബുക് ലൈവിലൂടെയും ഹനാന്‍ അഭ്യര്‍ഥിച്ചു. പിതാവ് ഉപേക്ഷിച്ചുപോയ ഹനാന്‍ പ്ലസ്‌ടുവിനു പഠിക്കുന്ന അനുജനും മനോദൗര്‍ബല്യമുള്ള ഉമ്മയ്‌ക്കൊപ്പം മാടവനയിലെ വാടകമുറിയിലാണു കഴിയുന്നത്.
തന്റെയും അനുജന്റെയും പഠനച്ചെലവുകള്‍ക്കും മരുന്നിനും മറ്റു ജീവിതച്ചെലവുകള്‍ക്കുമായാണു മീന്‍ വില്‍പ്പയ്‌ക്കിറങ്ങിയത്. പ്ലസ്‌ടുവരെ മുത്തുമാലകള്‍ ഉണ്ടാക്കി വിറ്റും കുട്ടികള്‍ക്കു ട്യൂഷനെടുത്തുമാണ് ഹനാന്‍ വീടു നോക്കിയിരുന്നത്. തുടര്‍പഠനത്തിനും മറ്റുമായി കുടുംബം തൃശൂരില്‍നിന്നു കൊച്ചിയിലേക്കു താമസം മാറ്റി. തൊടുപുഴയിലെ അല്‍ അസര്‍ കോളജിലെ മൂന്നാംവര്‍ഷ കെമിസ്‌ട്രി വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍. കളമശേരി എച്ച്.എം.ടി. പള്ളിലാംകര ബസ് സ്‌റ്റോപ്പിനു സമീപമായിരുന്നു ആദ്യം കച്ചവടം. മോശം അനുഭവങ്ങളുണ്ടായതോടെ മൂന്നുദിവസം മുൻപ് തമ്മനത്തേക്കു മാറി. പുലര്‍ച്ചെ മൂന്നിന് ഉണരുന്ന ഹനാന്‍ സൈക്കിളില്‍ ചമ്ബക്കര മീന്‍ മാര്‍ക്കറ്റിലെത്തും.
തുടര്‍ന്നു തമ്മനത്തെത്തി ഒരു വീട്ടില്‍ മീന്‍ ഇറക്കിവച്ച് മടങ്ങും. പിന്നെ 60 കിലോമീറ്ററോളം അകലെയുള്ള കോളജിലേക്ക്. തിരിച്ചെത്തി വൈകിട്ടായിരുന്നു മീന്‍വില്‍പ്പന. ഡബ്ബിങ്ങും ആങ്കറിങ്ങുമൊക്കെ ചെയ്‌തിട്ടുള്ള ഹനാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ഒരു സംവിധായകന്‍ പുതിയ സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌തു.
എന്നാല്‍ വൈകിട്ടായതോടെ സിനിമയ്‌ക്കുവേണ്ടി ഹനാന്‍ അഭിനയിക്കുകയായിരുന്നെന്ന വ്യാജവാര്‍ത്ത പരന്നു. അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ടിയാണു വാര്‍ത്ത സൃഷ്‌ടിച്ചതെന്ന്"സൈബര്‍ ഡിറ്റക്‌ടീവുകള്‍" വിധിയെഴുതി. എന്നാല്‍, ബുധനാഴ്‌ച രാത്രിതന്നെ ഹനാനെ അറിയുന്നവര്‍ ഈ പ്രചാരണങ്ങള്‍ക്കെതിരേ രംഗത്തുവന്നു. തട്ടമിടാത്തതിന്റെ പേരില്‍ മതമൗലികവാദികളും വാളെടുത്തതോടെ കോളജ് ഡയറക്‌ടര്‍തന്നെയാണു ഹനാനു പറയാനുള്ളത് എല്ലാവരെയും അറിയിക്കാന്‍ അവസരമൊരുക്കിയത്. സോഷ്യൽ മീഡിയയുടെ കടന്നാക്രമണത്തിൽ ഹൃദയംപൊട്ടി ഹനാൻ കരയുമ്പോൾ എല്ലാ മലയാളികളുടെ നൊമ്പരമായി മാറുകയാണ് ഇവൾ.
https://www.facebook.com/Malayalivartha

























