മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല അന്തരിച്ചു...ലീഗിന്റെ തലമുതിര്‍ന്ന നേതാവ്; നാല് തവണ കാസര്‍കോഡ് മണ്‍ഡലത്തെ പ്രതിനിധീകരിച്ചു; മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ചെര്‍ക്കളം അബ്ദുല്ല അന്തരിച്ചു. 76 വയസ്സായിരുന്നു. കാസര്‍കോട് ചെര്‍ക്കളത്തെ സ്വവസതിയില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വ്യാഴാഴ്ച രാത്രിയാണ് വീട്ടിലെത്തിച്ചത്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
ബാരിക്കാട് മുഹമ്മദ് ഹാജി – ആയിഷുമ്മ ദമ്പതികളുടെ മകനായി 1942 സെപ്തംബര്‍ 15ന് കാസര്‍കോട് ജില്ലയിലെ ചെര്‍ക്കളത്ത് ജനനം. മുസ്ലിം യൂത്ത് ലീഗിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റായി.
1987ല്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു. തുടര്‍ന്ന് 1991,1996,2001 തിരഞ്ഞെടുപ്പുകളിലും ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2001ലെ എ കെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി. പിന്നാക്ക വിഭാഗ ക്ഷേമ കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, കാസര്‍കോട് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, യുഡിഎഫ കാസര്‍കോട് ജില്ലാ ലെയസണ്‍ കമ്മിറ്റി ചെയര്‍മാന്‍, കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അംഗം, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, ജില്ലാ സ്‌പോര്‍ട്‌സ് കൗണസില്‍ അംഗം, പിന്നാക്ക സമുദായ ഏകോപന സമിതി അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























