27 വര്‍ഷത്തിന് ശേഷം തൂക്കുമരം പൊടിതട്ടിയെടുക്കുന്നു; ഉദയകുമാര്‍ കേസില്‍ തൂക്കുമരം വിധിച്ചതോടെ തയ്യാറായി ആരാച്ചര്‍മാര്‍

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ 2 പോലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചതോടെ സര്‍വീസില്‍ ഇരുന്നുകൊണ്ടു തന്നെ കൊലക്കയറിലേക്ക് എത്തുന്നവരായി എഎസ്‌ഐ കെ ജിതകുമാറും എസ്‌വി ശ്രീകുമാറും മാറി. അതേസമയം ഓരോ തവണയും വധശിക്ഷകള്‍ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നത് അതുമായി ബന്ധപ്പെട്ട് ജയിലില്‍ പ്രവര്‍ത്തിക്കേണ്ട ആള്‍ക്കാരെയാണ്.
രണ്ടര ദശകം മുമ്പ് 1991 ലാണ് കേരളം ഇതിന് മുമ്പ് ഒരു വധശിക്ഷ നടപ്പാക്കിയത്. റിപ്പര്‍ ചന്ദ്രനെയായിരുന്നു അന്ന് തൂക്കിലേറ്റിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1991 ലായിരുന്നു അത്. കണ്ണൂര്‍ കഴിഞ്ഞാല്‍ പിന്നെ വധശിക്ഷ നടപ്പാക്കാന്‍ സംവിധാനമുള്ള മറ്റൊരു ജയില്‍ തിരുവനന്തപുരമാണ്. ഇവിടെ 1978 ലാണ് അവസാനമായി ഒരാളെ തൂക്കിലേറ്റിയത്. അഴകേശനായിരുന്നു അത്. ജയിലില്‍ എത്തുന്ന കുറ്റവാളിക്ക് ബ്ലാക്ക് വാറന്റ് നല്‍കുന്നതോടെയാണ് വധശിക്ഷയുടെ നടപടികള്‍ ജയിലില്‍ തുടങ്ങുക.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ തനിച്ച് പാര്‍പ്പിക്കുന്ന സെല്ലിലേക്ക് കൊണ്ടുപോകുകയാണ് ആദ്യം ചെയ്യുക. ഇവിടെ ഏകാന്തവാസത്തിന് വിടും. മരിക്കാന്‍ തയ്യാറെടുക്കാന്‍ പ്രേരിപ്പിക്കും വിധത്തിലേക്കുള്ള ഒരു വിഷാദത്തിലേക്ക് കുറ്റവാളിയെ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന വധശിക്ഷയില്‍ മരിക്കാന്‍ തയ്യാറെടുക്കുന്ന മാനസികാവസ്ഥയിലേക്ക് കുറ്റവാളി ഇതോടെ എത്തും.
ഇഷ്ടപ്പെട്ട ആഹാരവും വസ്ത്രവും നല്‍കും. ഇഷ്ടപ്പെട്ടവരെ കാണാനും അവസരം നല്‍കും. ഡോക്ടറെ ആവശ്യമുണ്ടെങ്കില്‍ ആ സേവനവും നല്‍കും. തന്റെ പേരിലുള്ള വസ്തുവകകളോ മറ്റോ ഉണ്ടെങ്കില്‍ അവ എഴുതാന്‍ അവസരം നല്‍കും. കുറ്റവാളി ഒരു ദൈവവിശ്വാസി ആണെങ്കില്‍ അയാളുടെ മതവിശ്വാസം അനുസരിച്ചുള്ള പുരോഹിതനില്‍ നിന്നും മതപരമായ പ്രാര്‍ത്ഥനകള്‍ക്ക് അവസരം നല്‍കും. അതിന് ശേഷം സൂര്യോദയത്തിന് മുമ്പ് പുലര്‍ച്ചെ അഞ്ചു മണിയോടെ ശിക്ഷ നടപ്പാക്കും. ജയില്‍ സൂപ്രണ്ട്, വാറന്റ് നടപ്പാക്കാനുള്ള ഒരു മജിസ്‌ട്രേറ്റ്, മരണം ഉറപ്പാക്കാനുള്ള ഒരു ഡോക്ടര്‍, ആരാച്ചാര്‍ എന്നിവരായിരിക്കും കുറ്റവാളിയെ കൂടാതെയുള്ളവര്‍.
വലിയ ഭിത്തികള്‍ കൊണ്ടു മറച്ച ശിക്ഷ നടപ്പാക്കുന്ന മുറിയ്ക്ക് മൃതദേഹം പുറത്തെത്തിക്കാനുള്ള ഒരു വാതില്‍ കൂടിയുണ്ട്. ജയിലിന് പുറത്ത് കാത്തു നില്‍ക്കുന്ന ബന്ധുക്കള്‍ക്ക് ഈ മൃതദേഹം നല്‍കും. കഴുത്തില്‍ കുരുക്കാനുള്ള കയര്‍ തയ്യാറാക്കുന്നത് ജയില്‍ അധികൃതരാണ്. കുറ്റവാളിയുടെ ശരീരഭാരം താങ്ങാനുള്ള ശേഷി കയറിനുണ്ടോ എന്ന പരിശോധന നടത്തും. ഇരയുടെ ശരീരത്തേക്കാള്‍ അഞ്ചു മടങ്ങ് കൂടുതല്‍ ഭാരമുള്ള ഡമ്മി ഉപയോഗിച്ചാണ് ഈ പരീക്ഷണം. ശിക്ഷ നടപ്പാക്കുമ്പോള്‍ ഇരയുടെ കഴുത്തുവരെ കറുത്ത തുണിയിട്ട് മൂടും. അതിന് ശേഷം ശിക്ഷ നടപ്പാക്കുന്നതിന് 15 മിനിറ്റ് മുമ്പ് തുക്കുകയറിന് മുന്നില്‍ എത്തിക്കും.
കഴുത്തില്‍ കുടുക്കിട്ട ശേഷം കുറ്റവാളിയെ പ്രത്യേക തട്ടിലേക്ക് കയറ്റി നിര്‍ത്തും ആരാച്ചാര്‍ ലിവര്‍ വലിക്കുമ്പോള്‍ സ്‌ക്രൂവും വിജാഗിരിയും ഉപയോഗിച്ചുള്ള തട്ട് മാറുകയും ഇര തൂങ്ങി നില്‍ക്കുകയും ചെയ്യും. തട്ടിന്റെ ലോഹഭാഗം അടിത്തട്ടില്‍ സൈഡ് ഭിത്തിയില്‍ തട്ടുമ്പോള്‍ തന്നെ അവിടെ സാന്നിദ്ധ്യത്തിലുള്ള എല്ലാവരിലേക്കും ഒരു വിറ പടര്‍ന്നുകയറുമെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. വധശിക്ഷ നടപ്പാക്കാനായി ആന്റണി എന്നയാള്‍ക്ക് ബ്ലാക്ക് വാറന്റ് കിട്ടിയതോടെ പൂജപ്പുര ജയില്‍ അധികൃതര്‍ മരണമുറിയുടെ കേടുപാടുകള്‍ തീര്‍ക്കുകയാണ്. പഌറ്റ്‌ഫോമില്‍ ഡമ്മി പരീക്ഷണം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആരാച്ചാര്‍ ജോലിക്കായി ഇതിനകം അനേകം അപേക്ഷകള്‍ എത്തിയിട്ടുണ്ട്.
ആരാച്ചാര്‍ എന്ന സ്ഥിരം തസ്തികയൊന്നും ജയിലില്‍ ഇല്ലെങ്കിലും ജയില്‍ നിയമം പരിഷ്‌ക്കരിച്ചതിലൂടെ ഈ ജോലിക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രതിഫലം ആണ് എല്ലാവരേയും മോഹിപ്പിക്കുന്നത്. വധശിക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരാച്ചാര്‍ക്കും സഹായികള്‍ക്കും എല്ലാവര്‍ക്കുമായി പുതിയ ജയില്‍ നിയമം അനുസരിച്ച് രണ്ടു ലക്ഷം രൂപയാണ് നല്‍കുന്നത്. ആവശ്യമെങ്കില്‍ ജയില്‍ സൂപ്രണ്ടിന് ഈ തുക ഉപയോഗിച്ച് പുറത്ത് നിന്നും ആരെ വേണമെങ്കിലും വിളിക്കാമെന്നും പറഞ്ഞിട്ടുണ്ട്. ഇതുവരെ ജയില്‍ അധികൃതര്‍ക്ക് ആരാച്ചാര്‍ ജോലി ചെയ്യാന്‍ 12 അപേക്ഷകള്‍ കിട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























