തിരുവനന്തപുരം നഗരത്തിലെ നാല് വന്‍കിട ക്ലബുകള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി

തിരുവനന്തപുരം നഗരത്തിലെ നാല് വന്‍കിട ക്ലബുകള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി. വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്യുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധന. വ്യാഴാഴ്ച വൈകിട്ട് 5.30ന് ഒരേ സമയം നാലിടത്തും ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടു. ചിലയിടങ്ങളില്‍നിന്ന് പഴകിയ ഭക്ഷണവും പിടിച്ചെടുത്തു. ട്രിവാന്‍ഡ്രം ക്ലബ്, മന്നം ക്ലബ്, ശ്രീമൂലം ക്ലബ്, ടെന്നീസ് ക്ലബ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.
പത്തനംതിട്ട ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍ഡ് കമീഷണര്‍ ശ്രീകലയുടെ നേതൃത്വത്തിലായിരുന്നു ടെന്നീസ് ക്ലബില്‍ പരിശോധന നടത്തിയത്. ശുചിത്വം പാലിക്കാതെ ഭക്ഷണം പാകം ചെയ്തതിന് 10000 രൂപ പിഴ ചുമത്തി. സെക്രട്ടറിയറ്റിന് പിറകിലെ മന്നം ക്ലബില്‍ ആലപ്പുഴ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍ഡ് കമീഷണര്‍ സി എല്‍ ദിലീപിന്റെ നേതൃത്വത്തിലാണ് സംഘം പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. 20000 രൂപ പിഴ ചുമത്തി.
ട്രിവാന്‍ഡ്രം ക്ലബിലും ശ്രീമൂലം ക്ലബിലുമായിരുന്നു ഏറ്റവും വൃത്തിഹീനമായ സഹചര്യം പരിശോധനയില്‍ കണ്ടെത്തിയത്. രണ്ട് ക്ലബിനും അരലക്ഷം രൂപവീതം പിഴ ചുമത്തി. ശ്രീമൂലം ക്ലബില്‍ കൊല്ലം അസിസ്റ്റന്‍ഡ് കമീഷണര്‍ കെ അജിത്തിന്റെ നേതൃത്വത്തിലും ഡ്രിവാന്‍ഡ്രം ക്ലബില്‍ തിരുവനന്തപുരം അസിസ്റ്റന്‍ഡ് കമീഷണര്‍ സി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുമായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























