തൊഴിൽ തട്ടിപ്പ് സംഘങ്ങളുടെ വലയിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി ദേവസ്വം മന്ത്രി

സംസ്ഥാനത്തെ 5 ദേവസ്വം ബോർഡുകളിലും നിയമനങ്ങൾ നടത്തുന്നത് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ്. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ. ഡി ക്ലാർക്ക്, സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച അവസരത്തിൽ ചില തല്പരകക്ഷികൾ തട്ടിപ്പിന് ശ്രമിക്കുന്നുവെന്നു സർക്കാരിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മാത്രവുമല്ല ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ കൊടുക്കുന്നു.
തൊഴിൽ തട്ടിപ്പ് സംഘങ്ങളുടെ വലയിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പ് നൽകാനാണ് ഈ പോസ്റ്റ്. 2017 ഡിസംബർ 6 ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ച ദേവജാലിക എന്ന ഓൺലൈൻ റിക്രൂട്ട്മെന്റ് സോഫ്റ്റ് വെയർ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നതും, പരീക്ഷാനടപടികൾ ഏർപ്പെടുത്തുന്നതും, ഉത്തരപേപ്പർ മൂല്യനിർണയം നടത്തുന്നതും, ചുരുക്കപ്പട്ടികയും, റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുമെല്ലാം. പി എസ് സി മാതൃകയിലുള്ള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പരീക്ഷാ രീതിയും നിയമന രീതിയും ഒരു പരാതിക്കും ഇടയില്ലാത്ത വിധം മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ ഇപ്പോൾ, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ. ഡി ക്ലാർക്ക് / സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച സാഹചര്യത്തിൽ ഇതിന്റെ മറവിൽ വൻ തട്ടിപ്പിന് ചിലർ ശ്രമിക്കുന്നുവെന്ന വിവരം സർക്കാരിന് ലഭിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തോളം പേർ അപേക്ഷകരായുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ തസ്തികയിൽ കോഴ നൽകിയാൽ നിയമനം കിട്ടുമെന്ന് പ്രചരിപ്പിച്ച് വൻതുക കൈക്കലാക്കാനാണ് ഗൂഢസംഘങ്ങളുടെ ശ്രമം. ഇത്തരം കോഴ നിയമനങ്ങളും അഴിമതിയും തടയാനാണ് ദേവസ്വം നിയമനങ്ങൾ റിക്രൂട്ട്മെന്റ് ബോർഡ് വഴി നടത്താൻ സർക്കാർ തീരുമാനിച്ചത്.
ചോദ്യപേപ്പർ മുൻകൂർ നൽകാമെന്നും മറ്റും തെറ്റിദ്ധരിപ്പിച്ച് ചിലർ ഉദ്യോഗാർത്ഥികളുടെ പക്കൽ നിന്ന് പണം കൈപ്പറ്റുന്നുവെന്ന വിവരത്തെ തുടർന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ. എം.രാജഗോപാലൻ നായർ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ഈ തട്ടിപ്പിൽ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ചിലരുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഈ തട്ടിപ്പിന് പിന്നിലുള്ളവരെയെല്ലാം നിയമത്തിന് മുമ്പിൽ കൊണ്ടുവരാനുള്ള നിർദ്ദേശം വകുപ്പ് മന്ത്രിയെന്ന നിലയിൽ ഞാൻ നൽകിയിട്ടുണ്ട്. തൊഴിൽ വാഗ്ദാന തട്ടിപ്പുകളിൽ കുടുങ്ങി പണം കളയരുതെന്ന് എല്ലാ ഉദ്യോഗാർത്ഥികളോടും അഭ്യർത്ഥിക്കുകയാണ്. തികച്ചും സുതാര്യവും, മെറിറ്റും, സംവരണവും പാലിച്ചുള്ള നിയമനമാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നടത്തുന്നത്. ആർക്കെങ്കിലും പണം നൽകി നിയമനം നേടാമെന്ന കുറുക്കുവഴി തേടിയാൽ പണം നഷ്ടമാകുക മാത്രമാകും ഫലം. വിവിധ അന്വേഷണ ഏജൻസികളുടെ സഹായം ഇത്തരം തട്ടിപ്പുകൾ തടയാൻ തേടിയിട്ടുണ്ട്.
അനുഭവങ്ങളിൽ നിന്ന് പഠിക്കാത്ത മട്ടിലാണ് തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ ആളുകൾ ചെന്ന് വീഴുന്നത്. കെടിഡിസി നിയമനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയവർ കഴിഞ്ഞ വർഷം മാർച്ചിലാണ് എന്റെ ഓഫീസിൽ നിന്ന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടിയിലായത്. കഴിഞ്ഞ ആഴ്ചയും സമാനമായ തട്ടിപ്പ് നടത്തിയവർ പോലീസ് പിടിയിലായിട്ടുണ്ട്. വ്യാജ നിയമന ഉത്തരവ് നല്കിയാണ് ഈ തട്ടിപ്പ് നടന്നത്.
തട്ടിപ്പിനിരയാകുന്നവർ പരാതി പോലും നൽകാൻ തയ്യാറാകാത്തതാണ് ഇത്തരം തട്ടിപ്പുകാർക്ക് പ്രോത്സാഹനമാകുന്നത്. വിവിധ വകുപ്പുകളുടെ പേരിൽ തട്ടിപ്പിനുള്ള ശ്രമം നടക്കുന്നതായി അറിഞ്ഞ് തടയിടുന്നുണ്ടെങ്കിലും എങ്ങനെയും പണം നല്കി വഞ്ചിതരാകുന്നതിൽ വിദ്യാസമ്പന്നർ വരെ ഉൾപ്പെടുകയാണ്. ഇത്തരം തട്ടിപ്പ് സംഘങ്ങൾ വിചാരിച്ചാൽ നിയമനം നൽകാനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് വ്യാജ നിയമന രേഖകൾ വരെ ചമയ്ക്കുന്ന സംഭവങ്ങൾ തെളിയിക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ), ഓവർസീയർ ഗ്രേഡ് 3 (സിവിൽ), ശാന്തി എന്നീ തസ്തികകളിലേക്കും, മലബാർ ദേവസ്വത്തിലെ എക്സിക്യുട്ടീവ് ഓഫീസർ ഗ്രേഡ് 4, കൊച്ചി ദേവസ്വം ബോർഡിലെ ശാന്തി, വിവിധ വാദ്യ കലാകാരന്മാർ എന്നീ തസ്തികകളിലേക്ക് പരീക്ഷയും ഇന്റർവ്യൂവും നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കി ഉദ്യോഗാർത്ഥികളെ അഡ്വൈസ് ചെയ്തത് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴിയാണ്. ഈ തസ്തികകളിലേക്കുള്ള പരീക്ഷയെയോ, ഇന്റർവ്യൂവിനെയോ കുറിച്ച് ഒരു ആക്ഷേപവും ഉയരാത്ത വിധം അഴിമതി രഹിതമായാണ് നടപടികൾ പൂർത്തിയാക്കിയത്. പ്രഗത്ഭരായ അധ്യാപകരിൽ നിന്നും ചോദ്യങ്ങൾ തയ്യാറാക്കി വാങ്ങി, കേരളത്തിന് പുറത്തുള്ള സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയ പ്രധാന പ്രസുകളിൽ ചോദ്യപേപ്പർ അച്ചടിച്ച് സുതാര്യമായി പരീക്ഷ നടത്തി സംസ്ഥാനത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്ധരെ കൊണ്ട് സോഫ്റ്റ് വെയർ വഴി മൂല്യനിർണയം നടത്തി, അതാത് വിഷയത്തിൽ വിദഗ്ധരായവരെ കൊണ്ട് അഭിമുഖവും നടത്തിയാണ് നിയമന യോഗ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. അഴിമതിക്ക് ഇടയില്ലാത്ത വിധമുള്ള സംവിധാനമാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ഏതെങ്കിലുമൊക്കെ ക്രിമിനലുകളോ, തട്ടിപ്പുകാരോ ഒരുക്കുന്ന മോഹവലയിൽ കുടുങ്ങി പണം കളയാതെ പരീക്ഷയിൽ വിജയിക്കുന്നതിന് വേണ്ടി പഠിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ കുടുങ്ങിയവരോ, ഇത്തരം തട്ടിപ്പുകാരെ പറ്റി അറിയുന്നവരോ ഉണ്ടെങ്കിൽ എത്രയും വേഗം പോലീസിനെ അറിയിക്കുകയോ, kadakampallysurendran99@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ പരാതി നൽകുുകയോ ചെയ്യണമെന്ന് കൂടി അറിയിക്കുകയാണ്. ഇത്തരം പരാതികൾ പരിശോധിച്ച് കർശന നടപടിയെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
1950-ലെ തിരുവിതാംകൂർ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരം സ്വകാര്യക്ഷേത്രങ്ങൾ ഒഴികെയുള്ളവയുടെയെല്ലാം ചുമതല സംസ്ഥാന സർക്കാരിനാണ്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലെത്തിയതോടെയാണ് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് രൂപീകരിച്ചത്. അർഹരായവരുടെ തൊഴിൽ അവസരങ്ങൾ നഷ്ടപെടാതിരിക്കട്ടെ.
https://www.facebook.com/Malayalivartha



























