കനത്ത മഴ... മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു, സെക്കന്‍ഡില്‍ 127.42 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുകുന്നു, പെരിയാര്‍ തീരത്ത് അതീവ ജാഗ്രത

കനത്ത മഴ കാരണം നീരൊഴുക്ക് അധികമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ രാത്രി 2.45ഓടെ തുറന്നു. നേരത്തെ നിശ്ചയിച്ചിരുന്നതിലും ഒരു മണിക്കൂറോളം വൈകിയാണ് അണക്കെട്ടിലെ 13 ഷട്ടറുകളും ഒരടി വീതം തുറന്നത്. സെക്കന്‍ഡില്‍ 127.42 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച തീരുമാനത്തിലെത്തിയിട്ടില്ലെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതികരണം ആശങ്കയ്ക്കിടയാക്കിയിരുന്നു. അടുത്ത രണ്ട് മണിക്കൂര്‍ അണക്കെട്ടിലേക്ക് അധികജലമെത്തിയാല്‍ ഷട്ടറുകള്‍ തുറക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചിരുന്നത്.
എന്നാല്‍ ജലനിരപ്പ് 140 അടിയായതോടെയാണ് അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. നേരത്തെ അണക്കെട്ട് തുറക്കുമെന്ന് മന്ത്രി എം.എം.മണി അറിയിച്ചിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 138.8 കവിഞ്ഞിരിക്കുന്നു. ഇരുകരകളിലും ഉള്ള മുഴുവന്‍ ജനങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സര്‍ക്കാര്‍ നടപടികളുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ചെറുതോണി ഭാഗത്ത് അപായമണി മുഴക്കിയിട്ടുണ്ട്. മുല്ലപ്പെരിയാറിന്റെ തീരത്ത് താമസിക്കുന്ന അയ്യായിരത്തോളം പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആലുവയില്‍ അഞ്ച് ക്യാംപുകള്‍ കൂടി തുറന്നിട്ടുണ്ട്. മുല്ലപ്പെരിയാറിലെ സ്പില്‍വേ താഴ്ത്തുന്നതോടെ വണ്ടിപ്പെരിയാര്‍ ചപ്പാത്ത് വഴി മിനിട്ടുകള്‍ക്കകം വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. ഇതിനോടകം തന്നെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ച ഇടുക്കി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്ന് പരമാവധി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് കൂടുതല്‍ വെള്ളം ഒഴുക്കിക്കളയുന്നത്.
അതേസമയം, സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ഭൂരിഭാഗം നദികളും കരകവിഞ്ഞൊഴുകുന്നതിനെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് പൊന്മുടി, വര്‍ക്കല പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ജില്ലയിലെ വാമനപുരം, ചിറ്റാര്‍, നെയ്യാര്‍ നദീ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























