മത്സ്യബന്ധനത്തിനിടെ വല വലിച്ചുകയറ്റാനുപയോഗിക്കുന്ന വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

മത്സ്യബന്ധനത്തിനിടെ വല വലിച്ചുകയറ്റാനുപയോഗിക്കുന്ന വലിയ കപ്പി പൊട്ടി തലയില്‍ വീണ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് ചോമ്പാല്‍ ഭാഗത്താണ് അപകടം സംഭവിച്ചത്.
എലത്തൂര്‍ പുതിയനിരത്ത് ഹാര്‍ബര്‍ ഗസ്റ്റ്ഹൗസിന് സമീപം തമ്പുരാന്‍ വളപ്പില്‍ താമസിക്കുന്ന വാമനന്‍(58) ആണ് മരിച്ചത്. ജിനരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മണിമുത്ത് എന്ന ബോട്ടില്‍ വെച്ചാണ് അപകടം സംഭവിച്ചത്.
പകല്‍ ഒന്നോടെ ചോമ്പാല്‍ ഭാഗത്ത് കടലില്‍ വല വലിക്കുന്നതിനിടെ സുമിത്രാ മാധവ് എന്ന ബോട്ടിലെ വലയുമായി ഉടക്കിപ്പോവുകയായിരുന്നു. തുടര്‍ന്ന് ശക്തമായി വലിക്കുന്നതിനിടെ കപ്പി പൊട്ടി വാമനന്റെ തലയില്‍ പതിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വാമനനെ പെട്ടെന്ന് തന്നെ ബോട്ട് ഹാര്‍ബറില്‍ അടുപ്പിച്ച് വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുഗതയാണ് ഭാര്യ. മക്കള്‍: ജിനിഷ, വിഷ്ണുപ്രിയ, സംഗീത. മരുമക്കള്‍: ജെറീഷ്, ശോഗില്‍.
https://www.facebook.com/Malayalivartha

























