നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിടചൊല്ലി നാട്. സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രതീകമായി കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു. എല്ലാവർക്കും നന്മകൾ നേരുന്നു എന്ന കുറിപ്പെഴുതിയ കടലാസാണ് വച്ചത്. മൂത്തമകൻ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തി. അന്ത്യാഞ്ജലി അർപ്പിക്കാനായി വൻ ജനാവലിയാണ് പാലാഴിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
സുഹൃത്തുക്കളും സഹപ്രവർത്തകരെയും ആയിരക്കണക്കിന് ആരാധകരെയും കണ്ണീരിലാഴ്ത്തിയായിരുന്നു അദ്ദേഹത്തിന്റെ ശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങിയത്. 1951 ഏപ്രിൽ നാലിന് തലശേരിക്കടുത്തുള്ള പാട്യത്താണ് ജനിച്ചത്. കതിരൂർ ഗവൺമെന്റ് സ്‌കൂളിലും പഴശിരാജ എൻഎസ്എസ് കോളേജിലുമായാണ് പഠനം പൂർത്തിയാക്കിയത്.
പിന്നീട് മദ്രാസിൽ ഫിലിം ചേംബർ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു. സൂപ്പർ താരം രജനികാന്ത് സഹപാഠിയായിരുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
1977ൽ പി എ ബക്കർ സംവിധാനം ചെയ്ത 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കുള്ള കടന്നുവരവ്. 1984ൽ 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയ്ക്ക് കഥയെഴുതി. വിമലയാണ് ഭാര്യ. മക്കൾ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.
"
https://www.facebook.com/Malayalivartha

























