ഇന്നലെ രാവിലെ ജോലിക്ക് പോകുമ്പോള്‍ കുടുംബത്തില്‍ അസ്വാഭാവികമായി എന്തെങ്കിലുമുണ്ടായിരുന്നതായി തോന്നിയതേ ഇല്ല; വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച സഹിക്കാനായില്ല... തലേന്നു വരെ ചിരിച്ചുല്ലസിച്ചു കണ്ടിരുന്ന ദീപ്തിയെയും ഭര്‍തൃമാതാവിനെയും മക്കളെയും ജീവനൊടുക്കിയ നിലയില്‍ കണ്ടതിന്റെ ഞെട്ടലിൽ നാട്ടുകാർ... ദീപ്തിയുടെ കൈയില്‍ സിറിഞ്ചുണ്ടായിരുന്നതിനാല്‍ വിഷം കുത്തിവച്ചാണ് മരണമെന്ന് പ്രാഥമിക നിഗമനം

കോട്ടയം പൊന്‍കുന്നത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നിൽ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. പാലാ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ബിജു ഇന്നലെ രാവിലെ ജോലിക്കു പോകുമ്പോള്‍ കുടുംബത്തില്‍ അസ്വഭാവികമായി എന്തെങ്കിലുമുണ്ടായിരുന്നതായി തോന്നിയില്ല. വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഭാര്യയും മക്കളും അമ്മയും മരിച്ച നിലയില്‍. ഇളങ്ങോയി ഹോളി ഫാമിലി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഗൗരിനന്ദയും ഗാഥാനന്ദയും.
ചിറക്കടവ് തെക്കേത്തുകവല മൂഴിയില്‍ ബിജുവിന്റ ഭാര്യ ദീപ്തി (മനു-32), ബിജുവിന്റെ അമ്മ പൊന്നമ്മ(63), മക്കളായ ഗൗരിനന്ദ(എട്ടു വയസ്), ഗാഥാനന്ദ(മൂന്നരവയസ്) എന്നിവരെയാണ് ഇന്നലെ വൈകിട്ട് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്നു വരെ ചിരിച്ചുല്ലസിച്ചു കണ്ടിരുന്ന ദീപ്തിയെയും ഭര്‍തൃമാതാവിനെയും മക്കളെയും ജീവനൊടുക്കിയ നിലയില്‍ കണ്ടതിന്റെ ഞെട്ടലിലാണു തെക്കേത്തുകവല ഗ്രാമവാസികള്‍.
എന്നാല്‍, കടയിലെത്തിയ ശേഷം വീട്ടിലേക്കു വിളിച്ചപ്പോള്‍ ഫോണുകള്‍ രണ്ടും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പല തവണ വിളിച്ചപ്പോഴും മാറ്റമുണ്ടായിരുന്നില്ല. കടയില്‍ നിന്നു പോരാന്‍ കഴിയാത്ത സാഹചര്യമായിരുന്നതിനാല്‍ ബന്ധുക്കളോടു വിവരം പറയുകയും ചെയ്തു. ബന്ധുക്കളില്‍ പലരും മാറിമാറി വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് എന്നു പറഞ്ഞതോടെ ആശങ്ക വര്‍ധിപ്പിച്ചു.
ഒടുവില്‍ വൈകിട്ട് നാലോടെ കോരുത്തോട്ടില്‍ നിന്നെത്തിയ ബന്ധുക്കള്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറുമ്പോഴാണ് നാലു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു വിവരം അയല്‍വാസികളെയും പോലീസിനെയും അറിയിക്കുകയായിരുന്നു. പോലീസ് എത്തി മൃതദേഹങ്ങള്‍ രാത്രി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ദീപ്തി നടത്തിയിരുന്ന ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട ബാധ്യതയാകാം കൂട്ട ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ജീവനുണ്ടെന്ന സംശയത്തില്‍ ഗാഥാനന്ദയെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. ഇന്നലെ രാത്രി ഏഴോടെയാണു രണ്ടു മുറികളിലായി ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് അനുമാനം. ദീപ്തിയുടെ കൈയില്‍ സിറിഞ്ചുണ്ടായിരുന്നതിനാല്‍ വിഷം കുത്തിവച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ആശാവര്‍ക്കറായും കാഞ്ഞിരപ്പള്ളിയിലെ ജൂവലറിയുടെ കളക്ഷന്‍ ഏജന്റായും ജോലി ചെയ്യുകയായിരുന്നു ദീപ്തി.
പാലായില്‍ ഗൃഹോപകരണ വില്‍പ്പനശാലയിലെ ജീവനക്കാരനായ ബിജു രാവിലെ ജോലിക്കു പോയതാണ്. കടക്കെണിയാണു പ്രശ്‌നമെന്നാണു കരുതുന്നത്. പണം കിട്ടാനുള്ള ചിലര്‍ രാവിലെ വീട്ടിലെത്തി ബഹളംവച്ചിരുന്നതായി അയല്‍വാസികള്‍ സൂചിപ്പിക്കുന്നുണ്ട്. പൊന്‍കുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























