കേരളത്തെ നിരീക്ഷിച്ച നാസ പറയുന്നു ഇപ്പോഴുണ്ടായത് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം; ഡാമുകള്‍ തുറക്കാന്‍ വൈകിയത് വെള്ളപ്പൊക്കം ഗുരുതരമാക്കി; ക്രമാനുഗതമായി വെള്ളം തുറന്നുവിടുന്നതിന് പകരം ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടത് പ്രളയത്തിന്റെ വ്യാപ്തി കൂട്ടി!!

മഹാപ്രളയമുണ്ടാകുന്നതിന് മുമ്പുണ്ടായ കനത്ത മഴയിൽ കേരളം നട്ടം തിരിഞ്ഞപ്പോൾ അതെല്ലാം മുൻകൂട്ടികൊണ്ടിരുന്നുവെന്ന അവകാശ വാദവുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ രംഗത്ത് വന്നിരുന്നു. ഇതോടെ കേരളത്തിലേക്കുള്ള യാത്ര വേണ്ടെന്ന് പൗരന്മാരെ അമേരിക്ക മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പ്രകൃതിഭംഗി കാണാന്‍ എത്തുന്നവരെയാണ് അമേരിക്ക വിലക്കിയത്.
നാസയിലെ പഠനങ്ങളിലൂടെയാണ് കേരളത്തിലെ കാലാവസ്ഥയെ കുറിച്ച് അമേരിക്ക തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ നാസ കേരളത്തെ നിരീക്ഷിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ ദക്ഷിണേന്ത്യയിലെ മഴയെ കുറിച്ച് നാസ പ്രത്യേകം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുകയാണ്. കേരളത്തിലെ വെള്ളപ്പൊക്കം ഗുരുതരമാകാന്‍ കാരണമായത് ഡാമുകള്‍ തുറക്കാന്‍ വൈകിയതാണെന്ന് നാസ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
നാസ എര്‍ത്ത് ഒബ്സെര്‍വേറ്ററിയില്‍ കേരളത്തിലെ പ്രളയത്തെ കുറിച്ച് വന്ന ലേഖനത്തിലാണ് നാസയുടെ ഗൊഡാര്‍ഡ് സ്പേസ് സെന്‍ററിലെ ശാസ്ത്രജ്ഞന്‍ സുജയ് കുമാര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. എന്നാല്‍ ഈ പ്രളയം ഇത്ര ഗുരുതരമാകാന്‍ കാരണം നിറഞ്ഞിരുന്ന ഒട്ടേറെ ഡാമുകള്‍ തുറന്നുവിട്ടതാണ്.

ക്രമാനുഗതമായി വെള്ളം തുറന്നുവിടുന്നതിന് പകരം ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമുകളിലൊന്നായ ഇടുക്കി ഉള്‍പ്പെടെയുള്ള മേഖലയിലെ ഡാമുകള്‍ ഒരുമിച്ച് തുറന്നുവിടുകയായിരുന്നു അധികൃതര്‍.ഇതില്‍ ഏറെയും പണിതതിനും ശേഷം ആദ്യം തുറക്കുകയുമായിരുന്നു. ‘കനത്ത മഴയ്ക്കൊപ്പം ഡാമുകള്‍ തുറന്നു വിടാന്‍ വൈകിയതും പ്രളയത്തിന് കാരണമായി. ’നാസ ശാസ്ത്രജ്ഞന്‍ സുജയ് കുമാര്‍ ലേഖനത്തില്‍ പറയുന്നു.
1924 ന് ശേഷമുണ്ടായ ഏറ്റവും കനത്ത മഴയാണ് കേരളത്തിലുണ്ടായതെന്നും ലേഖനത്തില്‍ പറയുന്നു. ദക്ഷിണ പൂര്‍വേഷ്യയില്‍ പൊതുവെ ഇത്തവണ കനത്തമഴയാണ് ഉണ്ടായതെങ്കിലും അതില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തിറങ്ങിയത് കേരളത്തിലാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ മഴയുടെ തീവ്രത സൂചിപ്പിക്കുന്ന അനിമേഷന്‍ ചിത്രവും ലേഖനത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
ജൂലൈ 19 മുതല്‍ ഒാഗസ്റ്റ് വരെയായിരുന്നു ഏറ്റവും തീവ്രമായ മഴ പെയ്തത്. ജൂലൈ ഇരുപതിന് മഴ അങ്ങേയറ്റം കനത്തു പെയ്തു. പിന്നീട് ഒാഗസ്റ്റ് എട്ടിനും പതിനാറുമിടയിലാണ് മഴ അതിന്‍റെ പരകോടിയിലെത്തിയത്.ജൂണ്‍ മുതല്‍ നോക്കുകയാണെങ്കില്‍ 42 ശതമാനം അധികമഴയാണ് ലഭിച്ചത്. ഒാഗസ്റ്റിലെ ആദ്യ ഇരുപത് ദിവസങ്ങളില്‍ മാത്രം സാധാരണയേക്കാള്‍ 164 ശതമാനം അധികമഴ ലഭിച്ചെന്നും നാസ ഒബ്സര്‍വേറ്ററി ലേഖനത്തില്‍ പറയുന്നു.

https://www.facebook.com/Malayalivartha
























