സംസ്‌കരിക്കാന്‍ ആളില്ലാതെ ചെങ്ങന്നൂരിന്റെ ഉള്‍പ്രദേശങ്ങളില്‍ കന്നുകാലികളുടെ ജഡം കുന്നുകൂടുന്നു

വെള്ളമിറങ്ങിത്തുടങ്ങിയപ്പോള്‍ ചെങ്ങന്നൂരിന്റെ ഉള്‍പ്രദേശങ്ങളില്‍ വളര്‍ത്തുമൃഗങ്ങളുടെയും പക്ഷിമൃഗാദികളുടെയും ജഡങ്ങള്‍ ചീഞ്ഞളിഞ്ഞ് ചിതറിക്കിടക്കുകയാണ്. പാടങ്ങളിലും ജലാശയങ്ങളിലും വളര്‍ത്തുമൃഗങ്ങള്‍ പുഴുവരിച്ച് കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ജഡങ്ങള്‍ കുമിഞ്ഞുകിടക്കുമ്പോള്‍ സംസ്‌കരിക്കാനാരുമില്ല. രൂക്ഷമായ ദുര്‍ഗന്ധത്തിന് പുറമേ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. തിരുവന്‍വണ്ടൂര്‍, മഴുക്കീര്‍, പാണ്ടനാട്, ഇടനാട്, മംഗലം ഭാഗങ്ങളില്‍ കന്നുകാലികളുടെ ജഡം ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നു.
രൂക്ഷമായ ദുര്‍ഗന്ധത്തില്‍ ബുദ്ധിമുട്ടുകയാണ് പരിസരവാസികള്‍. പരാതിപ്പെടുമ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ്. തിരുവന്‍വണ്ടൂര്‍ ഉപ്പുകളത്തില്‍ പാലത്തിന് സമീപം നാല് കന്നുകാലികള്‍ ചത്ത് ചീഞ്ഞളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് അഞ്ചുദിവസം പിന്നിട്ടു. മാടവനപ്പടിക്ക് സമീപം ഒരു എരുമയും പശുവും പാടത്ത് ചത്തുകിടക്കുന്നുണ്ട്. തിരുവന്‍വണ്ടൂര്‍ ക്ഷേത്രത്തിന് സമീപവും ഒരു പശു ചത്തുകിടക്കുന്നുണ്ട്.
അമ്പീരേത്ത് പടിക്ക് സമീപം കോഴികളാണ് ചീഞ്ഞുകിടക്കുന്നത്. പ്രദേശത്ത് ഫാമുകള്‍ നടത്തുന്ന ഒരാളുടെ 70 പശുക്കളും മറ്റൊരാളുടെ 16 എരുമകളും ഒഴുക്കില്‍പ്പെട്ട് കാണാതായിട്ടുണ്ട്. ചുരുക്കം ചിലതിന്റെ ജഡം കിട്ടിയെങ്കിലും ബാക്കിയുള്ളവ പലഭാഗത്തായി ഒഴുകിനടക്കുന്നു. സംസ്‌കരിക്കാനുള്ള വിഷമംമൂലം ആറ്റില്‍ ഒഴുക്കിവിടുകയാണ് പലരും. ഇത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
ബുധനാഴ്ച പ്രളയപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പരിസ്ഥിതിപ്രവര്‍ത്തക മേധാ പട്കറോട് നാട്ടുകാര്‍ ജഡങ്ങള്‍ സംസ്‌കരിക്കാത്തതിനെപ്പറ്റി പരാതി പറഞ്ഞു. ഇത്രനാളായിട്ടും ഇതൊന്നും നീക്കംചെയ്തില്ലേ എന്നായിരുന്നു മേധയുടെ ചോദ്യം. ചത്ത കന്നുകാലികളുടെ ജഡം സംസ്‌കരിക്കാത്തതിനെപ്പറ്റി ചോദിച്ചപ്പോള്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞത്, മുന്‍ഗണന ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ആണെന്നാണ്.
കന്നുകാലികളുടെ ജഡം ശരിയായി മറവുചെയ്തില്ലെങ്കില്‍ ഗുരുതരമായ രോഗബാധയ്ക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. കെ.ആര്‍.രാധാകൃഷ്ണന്‍ പറഞ്ഞു. കിണറുകള്‍ക്ക് സമീപമാണെങ്കില്‍ കുടിവെള്ളം മലിനമാകും.
മാലിന്യസംസ്‌കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. ഇത് കാര്യക്ഷമമായി നടപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.എങ്കിലും വേണ്ടരീതിയില്‍ നടക്കുന്നില്ലെന്നാണ് അറിയുന്നതെന്ന് ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ, വി.ഹരികുമാര്‍ പറഞ്ഞു.
ദുുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളതെന്നും എങ്കിലും മാലിന്യസംസ്‌കരണത്തിനുള്ള നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി കുര്യാക്കോസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























