മനോഹരമായ നടക്കാത്ത സ്വപ്നങ്ങള്‍... മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷം ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ കാണാനെത്തിയ കെ ചന്ദ്രശേഖര റാവുവിനെ കാണാന്‍ സമ്മതിച്ചില്ല; റാവുവും പിണറായിയും അങ്ങനെ കിംഗ് മേക്കറാകേണ്ട

കഴിഞ്ഞ ദിവസം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും കേരള മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ കൂടിക്കാഴ്ച ദേശീയ ശ്രദ്ധ നേടിയിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിയ്ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നാല്‍ കളിക്കാനാണ് റാവു പിണറായിയെ കാണാന്‍ എത്തിയത്. അതായത് റാവുവിനെ പറ്റുമെങ്കില്‍ പ്രധാനമന്ത്രിയാകണം. പിണറായിക്കാകട്ടെ കിംഗ് മേക്കറും. ഈ സ്വപ്നവുമായാണ് റാവു ചെന്നൈയ്ക്ക് വണ്ടി കയറിയത്. എന്നാല്‍ ചന്ദ്രശേഖര റാവുവിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.
ചന്ദ്രശേഖര്‍ റാവുവിനെ അവഗണിച്ച് ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. ബിജെപി കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണി എന്ന ആശയവുമായി പിണറായിയെ കണ്ട ശേഷമാണ് ചന്ദ്രശേഖര്‍ റാവു എം.കെ സ്റ്റാലിനെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍, തനിക്ക് പ്രചാരണ തിരക്കുണ്ട് എന്ന് അറിയിച്ച് സ്റ്റാലിന്‍ കൂടിക്കാഴ്ചയില്‍ നിന്ന് ഒഴിഞ്ഞു മാറിയിരിക്കുകയാണ്.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്ന് നേരത്തെ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള സ്റ്റാലിന്‍, കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള മൂന്നാം മുന്നണി നീക്കങ്ങള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ തങ്ങളില്ല എന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. 13ാം തിയതി ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടന്നേക്കില്ല എന്ന് സ്റ്റാലിന്റെ ഓഫീസ് സൂചിപ്പിക്കുന്നു.
1996ലെ സൂത്രവാക്യത്തില്‍ ബിജെപി കോണ്‍ഗ്രസ് ഇതര കൂട്ടായ്മയാണ് കെ.സി ആര്‍ ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹം ഇതിനുള്ള പ്രയത്‌നങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍ എത്തി നില്‍ക്കെ ചര്‍ച്ചകള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് കെ.സി.ആര്‍.
തമിഴ്‌നാട്ടില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 18നാണ് വെല്ലൂര്‍ ഒഴികെയുള്ള 38 സീറ്റുകളിലേയ്ക്കുള്ള വോട്ടെടുപ്പ് നടന്നത്. അതേസമയം 22 സീറ്റുകളിലേയ്ക്കുള്ള നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ നാല് സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കാനുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചന്ദ്രശേഖര്‍ റാവു ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ച ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയെ കണ്ടതിന് ശേഷമാണ് പിണറായി വിജയനെ കാണാന്‍ ചന്ദ്രശേഖര റാവു എത്തിയത്.
റാവുവിന്റെ ആശയങ്ങളില്‍ പലതും നല്ലതാണ് എന്ന് തോന്നിയെന്നാണ് പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയോ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയോ ഭൂരിപക്ഷം നേടില്ലെന്നാണ് ചന്ദ്രശേഖര്‍ റാവു കരുതുന്നത് എന്നും പ്രാദേശിക കക്ഷികള്‍ക്ക് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായ പങ്കുണ്ടാകുമെന്നും ആരു പ്രധാനമന്ത്രിയാകണം എന്ന് തീരുമാനിച്ചിട്ടില്ല എന്നും പിണറായി പറഞ്ഞിരുന്നു.
ദക്ഷിണേന്ത്യയില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയായി ബിജെപി കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ എന്നതാണ് കെസിആര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ യുപിഎ സഖ്യകക്ഷികളായ ജനതാദള്‍ സെക്കുലറിനേയും ഡിഎംകെയേയും ഇതിനായി ചന്ദ്രശേഖര റാവു ലക്ഷ്യം വെച്ചിരുന്നു.
നേരത്തെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികുമായും ഇത് സംബന്ധിച്ച് കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും മമതയോ നവീനോ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച ദേശീയ തലത്തില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എംഎല്‍എ വി.ടി ബല്‍റാം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് ശേഷം രാജ്യത്ത് പ്രത്യേകിച്ച് തിരക്കൊന്നും ഇല്ലാത്ത പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് തെലങ്കാനക്കാരന്‍ അവസരവാദിയെ വിളിച്ചിരുത്തി ചായകൊടുത്ത് സല്‍ക്കരിക്കാം. അതില്‍ തെറ്റില്ലെന്നായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Malayalivartha


























