വിദേശത്ത് നിന്ന് നാട്ടിലെത്തിയ യുവാവിനെ യാത്രക്കിടെ തട്ടികൊണ്ടുപോയത് സ്വര്‍ണ കള്ളക്കടത്ത് സംഘമാണോ എന്ന് സംശയം

അവധിക്ക് നാട്ടിലെത്തിയ ദുബൈ പോലീസിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി. സംഭവത്തിന് പിന്നില്‍ സ്വര്‍ണ കള്ളക്കടത്ത് സംഘമാണോ എന്ന് സംശയിക്കുന്നു. ദുബൈ പോലീസ് ആസ്ഥാനത്തെ ജീവനക്കാരനും അരക്കിണര്‍ സ്വദേശിയുമായ മുസഫര്‍ അഹമ്മദിനെയാണ് തട്ടിക്കൊണ്ട് പോയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് വിദേശത്ത് നിന്ന് നാട്ടിലെത്തിയ മുസഫറിനെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് മേയ് രണ്ടിന് മുസഫറിന്റെ ബന്ധുക്കള്‍ മാറാട് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതി ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ സ്വര്‍ണ കള്ളക്കടത്തുകാരുടെ പങ്കുണ്ടെന്ന സംശയം ഉരുത്തിരിഞ്ഞത്. വിദേശത്ത് നിന്ന് ആറുമാസം മുമ്ബ് നാട്ടിലെത്തിയ മുസഫറിന്റെ കൈവശം കള്ളക്കടത്ത് സംഘം സ്വര്‍ണം കൊടുത്തു വിട്ടിരുന്നു. മുസഫര്‍ നാട്ടിലെത്തിയാല്‍ ഇത് കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ സ്വര്‍ണം മുസഫര്‍ കൈമാറിയില്ല. മാത്രമല്ല പിന്നീട് മുസഫര്‍ വിദേശത്തേക്ക് തന്നെ തിരിച്ച് പോവുകയും ചെയ്തു. അതിനുശേഷം വീണ്ടും കഴിഞ്ഞ മാസം 22ന് നാട്ടിലെത്തി. ഈ വിവരം നേരത്തെ മനസിലാക്കിയ കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് സംശയം. യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് മാറാട് സി.ഐ ദിലീസിന്റേയും എസ്.ഐ തോമസ് കെ സെബാസ്റ്റിന്റേയും നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏപ്രില്‍ 24 ന് മുസഫര്‍ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നാട്ടിലെത്തിയിട്ടുണ്ടെന്നും വൈകാതെ വീട്ടിലേക്കെത്തുമെന്നുമായിരുന്നു അന്ന് അറിയിച്ചത്. അതേസമയം ദുബൈയില്‍ നിന്ന് മുസഫര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയിട്ടില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെന്ന് മുസഫറില്‍ നിന്ന് അറിയാന്‍ കഴിഞ്ഞുവെന്നാണ് വിവരം.
കാണാതായെന്ന പരാതി ലഭിച്ചതിന് ശേഷവും മുസഫര്‍ കോഴിക്കോട് നഗരത്തിലുണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. എന്നാല്‍ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫാണ്. മുസഫറിനെ അന്വേഷിച്ച് ആരെങ്കിലും വീട്ടിലെത്തിയിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
മുസഫറിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിക്കുന്നുണ്ടെന്ന് മാറാട് എസ്.ഐ തോമസ് കെ സെബാസ്റ്റിന്‍ പറഞ്ഞു. അതേസമയം ദുബൈ പോലീസിലെ സ്ഥിരം ജീവനക്കാരനാണോ മുസഫര്‍ എന്നതില്‍ അവ്യക്തതയുണ്ട്. താത്കാലിക ജീവനക്കാരനായിരിക്കാമെന്നാണ് കരുതുന്നതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























