അട്ടപ്പാടിയില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ആക്രമണം, ഒരാള്‍ക്ക് ദാരുണാന്ത്യം

അട്ടപ്പാടിയില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഷോളയൂര്‍ ചന്തക്കടയില്‍ ചായക്കട നടത്തുന്ന രങ്കസ്വാമി കൗണ്ടര്‍ (65) ആണ് മരിച്ചത്. പുലര്‍ച്ചെ ആറോടെയായിരുന്നു സംഭവം. ചായക്കടയിലെ ജോലി തുടങ്ങുന്നതിന്റെ ഭാഗമായി പുറത്തേക്കിറങ്ങിയ രങ്കസ്വാമി കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആന പിന്തുടര്‍ന്ന് ആക്രമിച്ചു. വയറിനു കുത്തേറ്റും തലയ്ക്കു ക്ഷതമേറ്റും രക്തം വാര്‍ന്നൊലിച്ചു കിടന്ന രങ്കസ്വാമിയെ കോട്ടത്തറ െ്രെടബല്‍ സെപ്ഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാട്ടാന സമീപത്തെ വനത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ചായക്കടയ്ക്കു സമീപത്തെ വീട്ടുകാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രി പരിസരത്തു പൊതുജനം തമ്പടിച്ചിരുന്നു. പ്രദേശത്തെ കാട്ടാനശല്യം സംബന്ധിച്ച് നിരവധി പരാതികള്‍ വനംവകുപ്പിനു നല്കിയിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നു നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha



























