ആനയില്ലാ പൂരം; ഒരാനകളെയും ഇനി ഒരുത്സവത്തിനും വിട്ടുനല്‍കില്ല; ഗജരാജന്‍ തെച്ചിക്കോട്ട് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് തങ്ങളുടെ ഒരാനകളെയും ഇനി ഒരുത്സവത്തിനും വിട്ടുനല്‍കില്ലെന്ന് ആന ഉടമകള്‍

ഗജരാജന്‍ തെച്ചിക്കോട്ട് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് തങ്ങളുടെ ഒരാനകളെയും ഇനി ഒരുത്സവത്തിനും വിട്ടുനല്‍കില്ലെന്ന് ആനഉടമകള്‍. കേരള എലിഫെന്റ് ഒാണേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് തീരുമാനം. മേയ് 11 മതല്‍ സൃശൂര്‍ പൂരത്തിനടക്കം ഒരു പൊതുപരിപാടിക്കും ആനകളെ വിട്ടുനല്‍കില്ലെന്നാണ് ഇവരുടെ തീരുമാനം.
ആന പ്രേമികളുടെ ഇഷ്ട താരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് തുടരുകയാണ്. രണ്ട് പേർ കൊല്ലപ്പെട്ട അപകടത്തിനെ തുടർന്നാണ് കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഈ വിലക്ക് തുടരാൻ തൃശ്ശൂരിൽ ചേർന്ന നാട്ടാന നിരീക്ഷണസമിതിയോഗം തീരുമാനിക്കുകയായിരുന്നു.
ഇതോടെ വരുന്ന തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റാൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ ഉണ്ടാവില്ലെന്നുറപ്പായി. അതേസമയം രാമചന്ദ്രനുള്ള വിലക്ക് തുടരുമെന്ന തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ആനപ്രേമികൾ രംഗത്ത് എത്തിയതോടെ പ്രശ്നം വഷളാകുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ നടന്ന ഒരു എഴുന്നള്ളിപ്പിനിടെ രാമചന്ദ്രന്‍ ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അന്ന് മുതല്‍ രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്കുണ്ട്. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്.
എന്നാല്‍ തൃശ്ശൂര്‍ പൂരത്തിന്‍റെ നടത്തിപ്പ് സംബന്ധിച്ച ആലോചനായോഗം തൃശ്ശൂര്‍ കളക്ട്രേറ്റില്‍ ചേര്‍ന്നപ്പോള്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയായി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി നേടിയെടുക്കാനായി ആനപ്രേമികളും ആന ഉടമകളുടെ സംഘടനയും സമ്മർദ്ദം ചെലുത്തി വരികയായിരുന്നു. എന്നാല്‍ ജില്ലാ കളക്ടർ ടിവി അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ തല നാട്ടാന നിരീക്ഷണസമിതിയുടെ യോഗത്തില്‍ രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കേണ്ട എന്ന തീരുമാനമാണ് ഉണ്ടായത്. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും ആനയെ എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കാനാവില്ലെന്നും തൃശ്ശൂര്‍ പൂരത്തിനുള്ള ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ അറിയിച്ചു. ഇതോടെ യോഗത്തിനെത്തിയ എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി.
അൻപത് വയസ്സിലേറെ പ്രായമുള്ള ആനയ്ക്ക് പ്രായത്തിന്റെ അവശതകളുണ്ടെന്നും കേൾവി പ്രശ്നങ്ങളുണ്ടെന്നും നേരത്തെ വനംവകുപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാമചന്ദ്രന് മദ്ദപ്പാടിന്റെ ലക്ഷണങ്ങളില്ലെങ്കിലും ചെറിയ ശബ്ദം കേട്ടാൽ പോലും ഞെട്ടി ഓടുന്ന ആനയെ എഴുന്നള്ളിപ്പിനും മറ്റു പൊതുപരിപാടികൾക്കും കൊണ്ടു പോവുന്നത് അപകടകരമാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. നിലവിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം ആനയെ പരിശോധിച്ചു വരികയാണ്. ഈ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് ആനയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരാൻ നിരീക്ഷണസമിതി തീരുമാനിച്ചതെന്നാണ് വിവരം.
തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ നടക്കിരുത്തിയതിന് പിന്നാലെ അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാന്‍മാരെ രാമചന്ദ്രന്‍ കൊലപ്പെടുത്തി. നാല് സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും അടുത്തിടെ മരിച്ച നാരായണ പട്ടേരിയും അരീക്കല്‍ ഗംഗാധരനും ഉള്‍പ്പെടെ 13 പേരെയാണ് ആന ഇല്ലാതാക്കിയത്.
https://www.facebook.com/Malayalivartha



























