കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരിക്ക് പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം

കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരിക്ക് പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം. പ്ലസ് ടു പരീക്ഷാ മാര്‍ക്ക് ലിസ്റ്റുമായി വീട്ടിലേക്കോടിവന്ന് ഏട്ടനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടണമെന്നുണ്ടായിരുന്നു കൃഷ്ണപ്രിയക്ക്. പക്ഷേ, എത്ര ഓടിയെത്തിയാലും വീട്ടിലും നാട്ടിലും കാത്തിരിക്കാന്‍ ഏട്ടനില്ല. ഏതെങ്കിലും ഒരു ലോകത്തിരുന്ന് ഏട്ടന്‍ ഇതുകണ്ട് സന്തോഷത്തോടെ ചിരിക്കുമെന്ന് മാത്രം അവള്‍ ഓര്‍ത്തു. പെരിയ കല്യോട്ട് രാഷ്്ട്രീയ എതിരാളികളുടെ കൊലക്കത്തിയില്‍ പിടഞ്ഞുതീര്‍ന്ന കൃപേഷിന്റെ അനുജത്തി കൃഷ്ണപ്രിയ പ്ലസ് ടു പരീക്ഷ പാസായത് ഒരു എ പ്ലസും അഞ്ച് എ ഗ്രേഡും നേടി ഉയര്‍ന്ന മാര്‍ക്കോടെ. കൃപേഷ് ഏറെ ആഗ്രഹിച്ചതാണ് അനുജത്തി ഉയര്‍ന്ന നിലയില്‍ പ്ലസ് ടു പാസാകുന്നത്. കൃപേഷിനൊപ്പം കൊല്ലപ്പെട്ട ശരത് ലാലും കൃഷ്ണപ്രിയക്ക് ജ്യേഷ്ഠതുല്യനായിരുന്നു. കൊല്ലാതെ വിട്ടിരുന്നെങ്കില്‍ ഇരുവരും ചേര്‍ന്ന് ആഘോഷിക്കുമായിരുന്നു ഈ വിജയം. കല്യോട്ട് ഗ്രാമം തന്നെയും സന്തോഷിക്കുമായിരുന്നു.
കൃപേഷിന്റെയും ശരത്‌ലാലിന്റെയും ചിതാഭസ്മം തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ നിമജ്ജനം ചെയ്ത അതേ ദിവസമാണ് കൃഷ്ണപ്രിയ പ്ലസ് ടുവിന്റെ ആദ്യ പരീക്ഷയെഴുതിയത്. ഇതേദിവസം ശരത്‌ലാലിന്റെ സഹോദരി അമൃതയും എം.കോം നാലാം സെമസ്റ്റര്‍ പരീക്ഷയെഴുതുകയായിരുന്നു. ഇരുവരെയും പഠിപ്പിച്ച് വലിയവരാക്കണമെന്നായിരുന്നു കൃപേഷും ശരത്‌ലാലും ആഗ്രഹിച്ചിരുന്നത്.അവരുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കണമെന്ന ദൃഢനിശ്ചയത്തോടെയാണ് ഇരുവരും കരച്ചില്‍ അടക്കിനിര്‍ത്തി പരീക്ഷയെഴുതിയതും.
https://www.facebook.com/Malayalivartha



























