പികെ ശ്യാമളയുടെ അഹങ്കാരവും ഗർവ്വും; ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സനെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്ത്

ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സനെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്ത്. പ്രവാസിയായ സാജന്‍ പാറയിലിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് നഗരസഭ ചെയര്‍പേഴ്‌സനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നത്. ആന്തൂരില്‍ ആരംഭിച്ച ശുചീകരണ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണമായത് പികെ ശ്യാമളയാണെന്ന് വനിത വ്യവസായിയായ സോഹിതയും ഭര്‍ത്താവ് വിജുവും ആരോപിച്ചു. സ്ഥാപനം കോയമ്പത്തൂരോ മുംബൈയിലോ പോയി തുടങ്ങാന്‍ ചെയര്‍പേഴ്‌സന്‍ ഉപദേശിച്ചെന്നും വിജു ഫേസ്ബുക്കില്‍ കുറിച്ചു.
മരിക്കുന്നതിന് മുൻപേ ഇദ്ദേഹം ഏതെല്ലാം വഴികളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകാം എന്നും ആരുടെയൊക്കെ കാൽക്കീഴിൽ അഭിമാനം പണയം വച്ചിട്ടുണ്ടാകും എന്നും ഞങ്ങൾക്ക് കൃത്യമായി പറയാനാകും. കാരണം ആ വഴികളിലൂടെയൊക്കെയും ഞങ്ങളും സഞ്ചരിച്ചിട്ടുണ്ട്.
പിന്നെ മരണത്തിന്റെ കൂടെ പോകാതിരുന്നത്... തോൽക്കാൻ മനസ്സില്ലാത്തത്കൊണ്ട്, വീഴാനാനുവദിക്കാതെ കരുത്തോടെ താങ്ങാൻ കരങ്ങൾ ഏറെയുണ്ടായത്കൊണ്ട്, എന്നും കൂടെയുള്ള മാതാപിതാഗുരുക്കന്മാരുടെ കരുതലും അനുഗ്രഹവും കൊണ്ട്, പിന്നെ, ഇരുൾമാറ്റി തെളിവേകുന്ന,ഉള്ളിൽ കുടിയിരിക്കുന്ന ആ മഹാശക്തിചൈതന്യം നൽകിയ തെളിമകൊണ്ട്.
"വല്ല കോയമ്പത്തൂരോ ബോംബെയിലോ പോയി തുടങ്ങാതെ ആരെങ്കിലും ഇവിടെ വ്യവസായം തുടങ്ങുമോ" നിരന്തരഉപദ്രവം കാരണം കാര്യമെന്താണെന്നറിയാൻ പോയ വനിതാവ്യവസായിയോട് കേരളത്തിലെ എതിരില്ലാ നഗരത്തിൽ വാഴും ചെയർപേഴ്സൺ പറഞ്ഞ വാക്കാണിത്. അതിലും തമാശയുണ്ട് അത് കേട്ട് കരഞ്ഞു കണ്ണുംതുടച്ചു ബസിൽ കയറി തിരിച്ചു വരുമ്പോൾ അതേ പേഴ്സൺ സ്റ്റേജിൽനിന്ന് പ്രസംഗിക്കുകയാണ്, "വനിതകൾ വ്യവസായരംഗത്തു മുന്നോട്ട് വരണം"!
പലരും മുഖാന്തരം ഉപദ്രവത്തിന്റെ മൂലകാരണം അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി അതിലേറെ തമാശയായിരുന്നു. "ഓൾക്ക് അഹങ്കാരമാണ്". അതായിരുന്നു പത്തു പതിനഞ്ചു കുടുംബങ്ങൾ ജോലിചെയ്ത് അരി വാങ്ങിയിരുന്ന ഒരു വ്യവസായം അടപ്പിക്കാൻ അവർ കണ്ടെത്തിയ ന്യായം. അതായത് ജീവിക്കണമെങ്കിൽ പലരുടെയും മുന്നിൽ ഓച്ഛാനിച്ചു നിൽക്കണം എന്ന് ചുരുക്കം. ഏതായാലും പത്തു ലക്ഷം മുതൽമുടക്കിയ ഞങ്ങളെ നാല്പത് ലക്ഷത്തിന്റെ ബാധ്യതക്കാരാക്കാൻ അവർക്ക് പറ്റി. പത്തുപതിനഞ്ചു കുടുംബങ്ങളുടെ അന്നം മുട്ടിക്കാനും. പക്ഷെ അതിന് നല്ലൊരു മറുവശമുണ്ടായി. അതോടുകൂടി എന്തിനെയും നേരിടാൻ മാത്രം ഞങ്ങൾ കരുത്തു നേടി. സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത വിധം ഉന്നതവ്യക്തികൾ പോലും നേരിട്ടു സഹായത്തിനെത്തി.
നിങ്ങൾ ഇത് നിർത്തരുത്. ഇനിയും തുടരണം മിനിമം ഏഴു തലമുറവരെയെകിലും പേറാനുള്ള ശാപം വാങ്ങണം. ജീവിക്കാനുള്ള വ്യഗ്രതയിൽ കാപട്യങ്ങളറിയാതെ ചുഴിയിൽപ്പെട്ടുപോയ ആ യുവാവിന്റെ അവസാനശ്വാസം അന്തരീക്ഷത്തിൽ നിന്ന് ഒരിക്കലും മായില്ല. അനന്തതയിലത് കറങ്ങിവന്ന് കാലാകാലങ്ങളിൽ നിങ്ങളെ കരയിക്കും അല്ലെങ്കിൽ തലമുറകളെ. അതുമല്ലെങ്കിൽ ജന്മാന്തരങ്ങളിൽ നിങ്ങളെ.
അധികാരവും പ്രതാപവും കൊണ്ട് അന്യന്റെ കണ്ണുനീരും ശാപവും വാങ്ങുന്നവർ ഒന്നോർക്കുക. അതൊന്നുമില്ലാത്ത നാളുകൾ വരും ജന്മങ്ങൾ വരും. അനങ്ങാനാവാതെ പുഴുക്കുത്തേറ്റ് പുളയേണ്ടി വരും. എന്തെന്നാൽ എല്ലാം ചാക്രികമാണ്. വാക്കുകളും പ്രവൃത്തികളും എല്ലാം. ഒരു കാലമെത്തിയാൽ അവ കറങ്ങിത്തിരിഞ്ഞു വരും അതിന്റെ ഉറവിടം തേടി.
വീഴാതെ കാത്തതിന് നന്ദി പറയാൻ ഏറെ പേരുണ്ട്. കെട്ടുതാലി അഴിച്ചു പണയം വെക്കാൻ തന്ന ചങ്കുകൾ മുതൽ താഴെത്തട്ടിന്റെ പരിമിതിയിൽ നിന്ന് ധാർമികരോഷം അടക്കി സഹായിക്കാൻ കൂടെ നിന്ന സഖാക്കളും പാർട്ടി ജില്ലാ സംസ്ഥാന സെക്രട്ടറി വരെയും അവിടം വരെ ഞങ്ങളെ എത്തിച്ചവരോടും. ബഹു പഞ്ചായത്ത് പ്രസിഡന്റ് മുതൽ ബഹു വ്യവസായമന്ത്രി വരെയുള്ളവരോടും. പിന്നെ മുറിവിൽത്തന്നെ വീണ്ടും കോറിയിട്ടു രസിച്ചവരെങ്കിലും ഞങ്ങളുടെ സഹനശക്തി ഇരട്ടിയാക്കി തന്ന പ്രമുഖന്മാരോടും എന്ന് ഫേസ്ബുക്കിൽ പറയുന്നു. പ്രവാസി വ്യവസായിയും സിപിഎം അനുഭാവിയുമായ സാജൻ പാറയിൽ ജീവനൊടുക്കിയതിനു പിന്നിൽ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയുടെ ഭീഷണിയും പകപോക്കലുമാണെന്ന് വ്യവസായിയുടെ കുടുംബം ആരോപിച്ചിരുന്നു. ‘ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കില്ല’ എന്ന് ഏതാനും ദിവസം മുൻപ് നഗരസഭാധ്യക്ഷ ഭീഷണി മുഴക്കിയതായും കുടുംബം ആരോപിച്ചു.
https://www.facebook.com/Malayalivartha