ശ്യാമളക്കെതിരെ തെളിവില്ല; ആന്തൂരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാമളക്കെതിരെ പ്രാഥമിക തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം

ആന്തൂരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാമളക്കെതിരെ പ്രാഥമിക തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം . ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച സംഭവിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി. സാജന്റെ കെട്ടിടത്തിന് ലൈസന്‍സ് നല്‍കാന്‍ എന്‍ജിനീയര്‍ ശുപാര്‍ശ ചെയ്തിട്ടും സെക്രട്ടറി ലൈസന്‍സ് നല്‍കിയില്ലെന്നും ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തി.
കഴിഞ്ഞദിവസം സാജന്റെ വീട്ടിലെത്തിയ പ്രത്യേക പോലീസ് സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. സാജന്റെ മുറിയില്‍നിന്ന് ഒരു ഡയറി കണ്ടെത്തിയിരുന്നെങ്കിലും ഇതില്‍ ആത്മഹത്യയുമായി ബന്ധപ്പെട്ട കുറിപ്പോ, ആരെയെങ്കിലും പേരെടുത്ത് പറയുന്ന വിവരങ്ങളോ ലഭിച്ചില്ല. വീട്ടിലെ പരിശോധനയ്ക്ക് പുറമേ സാജന്റെ ഭാര്യയില്‍നിന്നും ബന്ധുക്കളില്‍നിന്നും പോലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
അതിനിടെ, സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുന്ന ആന്തൂര്‍ നഗരസഭാ സെക്രട്ടറി ജിതീഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസ് അന്വേഷിക്കുന്ന പോലീസ് സംഘം അറസ്റ്റിലേക്ക് നീങ്ങിയേക്കാമെന്നത് മുന്‍കൂട്ടി കണ്ടാണ് സെക്രട്ടറി മുന്‍കൂര്‍ ജാമ്യം തേടിയത്. സാജന്റെ ആത്മഹത്യയില്‍ നഗരസഭ സെക്രട്ടറി ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
2018-ല്‍ കെട്ടിടം പൊളിച്ച് നീക്കാന്‍ നോട്ടീസ് കിട്ടിയപ്പോള്‍ സാജന്‍റെ പരാതി പ്രകാരം സിപിഎം സബ് കമ്മറ്റിയെ നിയോഗിച്ച് പ്രശ്നം പഠിച്ചിരുന്നു. റിപ്പോര്‍ട്ട് സാജന് അനുകൂലമായിരുന്നു. ജില്ലാ കമ്മിറ്റി അഗം കൂടിയായ നഗരസഭാധ്യക്ഷ പി കെ ശ്യാമളയടക്കമുള്ളവര്‍ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തില്‍ മൊറാഴ, ബക്കളം എന്നിങ്ങനെ 4 ലോക്കല്‍ കമ്മറ്റികളില്‍ കൂടി സബ് കമറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നിര്‍മ്മാണത്തില്‍ അസ്വാഭാവികതയില്ലെന്ന് ബോധ്യപ്പെടുത്താനായിരുന്നു ഇത്. പി ജയരാജൻ മുന്‍കൈ എടുത്ത് നടത്തിയ അയ്യപ്പ സേവാ കോൺഗ്രസിന്‍റെ സാമ്പത്തിക ചെലവുകള്‍ വഹിച്ചിരുന്നത് സാജനായിരുന്നു. പി ജയരാജനുമായുള്ള സാജന്‍റെ അടുപ്പം അയാളെ എതിരാളിയായി കാണാന്‍ പി കെ ശ്യാമളയെ പ്രേരിപ്പിച്ചു എന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍ .ചുരുക്കത്തില്‍ കണ്ണൂര്‍ പാര്‍ട്ടിയിലെ ചേരി തിരിവിന്‍റെ ഇരയാണ് സാജനെന്ന വാദം ബലപ്പെടുകയാണ്.
15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്‌തത്. നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജൻ ഓഡിറ്റോറിയം നിർമ്മാണം തുടങ്ങിയത്.
തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം
https://www.facebook.com/Malayalivartha