കവളപ്പാറ ദുരന്തത്തില്‍ മണ്ണെടുത്ത ആറു കൂട്ടുകാരില്ലാതെ കണ്ണീരില്‍ നനഞ്ഞ് പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ... കൂടെ കളിച്ചു നടന്നവരെ മരണം തട്ടിയെടുത്തതിന്റെ ആഘാതത്തില്‍ ക്ലാസ് മുറി കൂട്ടക്കരച്ചിലിലായി....

കവളപ്പാറ ദുരന്തത്തില്‍ മണ്ണെടുത്ത ആറു കൂട്ടുകാരില്ലാതെ കണ്ണീരില്‍ നനഞ്ഞാണ് പോത്തുകല്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുറന്നത്. കൂടെ കളിച്ചു നടന്നവരില്‍ പലരുടെയും മാതാപിതാക്കളെയും സഹോദരങ്ങളെയും മരണം തട്ടിയെടുത്തതിന്റെ നടുക്കം ക്ലാസ്മുറികളില്‍ തങ്ങിനിന്നു. പത്ത് ഇ ക്ലാസിന്റെ പുറത്തെത്തുമ്പോള്‍ തന്നെ കൂട്ടക്കരച്ചില്‍ . ആരു കേട്ടാലും ഹൃദയം പൊട്ടിപ്പോകും. ധന്യയും ഹര്‍ഷയും സാന്ദ്രയുമൊക്കെ കലങ്ങിയ കണ്ണുകളുമായി ഡെസ്‌കില്‍ തലവെച്ചു കിടന്നു. അവരുടെ കൂടെ രണ്ടാം ബെഞ്ചിലിരുന്ന കൂട്ടുകാരി പള്ളത്ത് രാമകൃഷ്ണന്റെ മകള്‍ ശ്രീലക്ഷ്മി സ്‌കൂളിലെത്തിയിട്ടില്ല. ഇനി അവള്‍ വരുകയുമില്ല. മുത്തപ്പന്‍കുന്ന് ഇടിഞ്ഞ് 63 പേര്‍ മണ്ണിനടിയിലായ ദുരന്തത്തില്‍ മരിച്ചവരില്‍ അവളുമുണ്ട്. കൂട്ടുകാരിയുടെ മരണം ഇനിയും വിശ്വസിക്കാനായിട്ടില്ല അവര്‍ക്ക്.
ശ്രീലക്ഷ്മിയെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോഴേ നയനയും സാന്ദ്രയും വിങ്ങി. പോത്തുകല്ല് കാതോലിക്കേറ്റ് എച്ച്എസ്എസിലെ 10 ഇ ക്ലാസിലെ പ്രീയപ്പെട്ട പാട്ടുകാരി കൂടിയാണ് അവള്‍. ജോസഫ് എന്ന സിനിമയിലെ 'പാടവരമ്പത്തിലൂടെ... എന്ന പാട്ട് അവള്‍ക്ക് ഒത്തിരി ഇഷ്ടമായിരുന്നു. അവസാനം കണ്ട ദിവസവും ഈ പാട്ടുപാടിയാണ് അവള്‍ പോയത്. സന്ദര്‍ഭത്തിനനുസരിച്ച് കോമഡിയുണ്ടാക്കി പറയാന്‍ പ്രത്യേക മിടുക്കായിരുന്നു അവള്‍ക്കെന്ന് നന്ദനയും ഹര്‍ഷയും ധന്യയും പറഞ്ഞു.ഇവരുടെയെല്ലാം പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ പള്ളത്ത് ശ്രീലക്ഷ്മി. ചെറിയ ക്ലാസുമുതല്‍ ഒന്നിച്ച് പഠിച്ചവരാണിവര്‍. കുട്ടികള്‍ തമ്മില്‍ നല്ല ആത്മബന്ധമായിരുന്നുവെന്ന് ക്ലാസ് അധ്യാപകന്‍ കെ എ വര്‍ഗീസ് പറഞ്ഞു.ഒരു പ്രദേശത്തെയാകെ മണ്ണ് വിഴുങ്ങിയ കളവപ്പാറ ദുരന്തമുണ്ടായ രാത്രിയില്‍ കുടുംബാംഗങ്ങളോടൊപ്പം ആറു കൂട്ടുകാരെ കൂടി നഷ്ടമായതിന്റെ കണ്ണീര്‍ ഓര്‍മകളാണ് എല്ലാ ക്ലാസ് മുറികളിലും.
ഒമ്പത് ഇ ക്ലാസില്‍ നാലാം ബെഞ്ചിലിരുന്ന രണ്ടു പേരില്ല. കവളപ്പാറ ഗോപിയുടെ മകള്‍ പ്രജിഷ, പള്ളത്ത് പാലന്റെ മകള്‍ ശ്രീലക്ഷ്മി എന്നിവര്‍ ഇരുന്ന സ്ഥലമാണ് ഒഴിഞ്ഞുകിടക്കുന്നത്. കൂട്ടുകാരികളായ ദേവികയും ഷിഫാനയും ഒന്നും പറയാനില്ലാതെ ബെഞ്ചിന്റെ മൂലയില്‍ തലകുനിച്ചിരുന്നു. അവര്‍ക്കിടയില്‍ കൂട്ടുകാരികള്‍ രണ്ടു പേരുമില്ല. പ്രജിഷയുടെയും രാമകൃഷ്ണന്റെ മകള്‍ ശ്രീലക്ഷ്മിയുടെയും മൃതദേഹങ്ങളാണ് ഇതുവരെ കിട്ടിയത്. 10സിയിലെ പൂളക്കല്‍ ബാലന്റെ മകന്‍ കാര്‍ത്തിക്, സഹോദരനും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ കമല്‍, പാലന്റെ മകള്‍ ശ്രീലക്ഷ്മി, പ്ലസ് ടു കോമേഴ്‌സില്‍ പഠിക്കുന്ന സഹോദരി സുമതി എന്നിവരാണ് ഇപ്പോഴും മണ്ണിനടിയിലുള്ളത്. ആഗസ്റ്റ് എട്ടിന് അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ എല്ലാവരും വീട്ടിലായിരുന്നു.
കൂട്ടുകാരെ മാത്രമല്ല, ഒരു നാടിനെ മുഴുവനാണ് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും സങ്കടക്കടലിലേക്ക് താഴ്ത്തിയത്.
https://www.facebook.com/Malayalivartha