യുവതീപ്രവേശനത്തിലുള്ള ഭക്തരുടെ എതിര്‍പ്പുണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ട് മണ്ഡലകാലത്തിന് ഒന്നരമാസം മുമ്പ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിനെ നിയമിച്ചു, പിന്‍മാറില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ച് നില്‍ക്കുന്നു

യുവതീപ്രവേശനത്തില്‍ നിന്ന് ഒരടി പിന്‍മാറില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ച് നില്‍ക്കുന്നു. യുവതീപ്രവേശനത്തിലുള്ള ഭക്തരുടെ എതിര്‍പ്പുണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ട് മണ്ഡലകാലത്തിന് ഒന്നരമാസം മുമ്പ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിനെ നിയമിച്ചു. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലുള്ള സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് എ.ഡി.എമ്മിനെ നിയമിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. യുവതികളെ മലകയറ്റിയ കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റിയെന്ന് സി.പി.എം വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രിയും സര്‍ക്കാരും പഴനിലപാട് തുടരുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാക്കുന്നത്. മാനന്തവാടി സബ് കലക്റ്ററായിരുന്ന എന്‍.എസ്.കെ. ഉമേഷിനാണ് ചുമതല. നവംബര്‍ 17നാണ് മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിക്കുക.
ഭക്തരുടെ വികാരങ്ങള്‍ മാനിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ശബരിമല കര്‍മസമിതി മുന്നറിയിപ്പ് നല്‍കി. ആത്മീയവിഷയങ്ങളില്‍ ഭക്തജനങ്ങളുടെ വികാരം സര്‍ക്കാര്‍ മനസിലാക്കണം. നവോത്ഥാന സമിതി തട്ടിപ്പാണ്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറും വ്യക്തിപരമായ നേട്ടങ്ങള്‍ക്കാണ് നവോത്ഥാന സമിതിയില്‍ തുടരുന്നതെന്നും സമുദായം അവര്‍ക്കൊപ്പം ഇല്ലെന്നും ശബരിമല കര്‍മസമിതി നേതൃത്വം ആരോപിക്കുന്നു. സമുദായങ്ങളെ ഭിന്നിപ്പിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും അതിനാണ് നവോത്ഥാന സമിതി രൂപീകരിച്ചതെന്നും എന്‍.എസ്.എസ്് ജനറല്‍ സെക്രട്ടറി ആരോപിച്ചു. അതിനാല്‍ കഴിഞ്ഞ മണ്ഡലകാലത്തേക്കാള്‍ പ്രക്ഷുബ്ധമായിരിക്കും ഇത്തവണത്തെ സീസണെന്ന് സംശയിക്കാം.
ശബരിമല അടക്കമുള്ള വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എന്‍.എസ്.എസ് ഉപതെരഞ്ഞെടുപ്പുകളില്‍ സമദൂരം കൈവെടിഞ്ഞ് ശരിദൂരം സ്വീകരിച്ചത് സി.പി.എമ്മിന് തിരിച്ചടിയായി. എന്‍.എസ്.എസ് നിലപാട് മാറ്റണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനും കേരള സര്‍ക്കാരിനും എതിരായ നിലപാട് സമുദായം തുടരും. ഇത് സര്‍ക്കാരിന് വലിയ തലവേദനയാകും. ഇത്തവണ യുവതികളെ പ്രവേശിപ്പിക്കുക എന്ന നിലപാട് സ്വീകരിക്കേണ്ടെന്നാണ് പല സി.പി.എം നേതാക്കളും പറയുന്നത്. എന്നാല്‍ പാലാ തെരഞ്ഞെടുപ്പ് വിജയത്തോടെ ശബരിമല വിഷയം അപ്രസക്തമായെന്നാണ് മുഖ്യമന്ത്രി അടക്കം ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പിക്ക് ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥതയില്ലെന്ന് എന്‍.എസ്.എസ് വ്യക്തമാക്കിയതോടെ അവരും വെട്ടിലായി.
വരുന്ന മണ്ഡലകാലത്ത് യുവതികളെ ശബരിമല കയറ്റാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ദേവസ്വം പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. എന്ത് പ്രത്യാഘാതം ഉണ്ടായാലും ഏറ്റെടുക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസ് ഇതിനായി തന്നെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. സഹനസമരമായിരിക്കും വരുന്ന മണ്ഡലകാലത്ത് ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 19 സീറ്റുകള്‍ ലഭിച്ചത് ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്തത് കൊണ്ടായിരുന്നെന്ന് ബോധ്യമായ സാഹചര്യത്തിലാണ് അതേ നിലപാട് ഇത്തണയും ആവര്‍ത്തിച്ച്, അതുവഴി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha