കെവിന്‍ വധക്കേസ്.... ശിക്ഷ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍...

കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി പരിഗണിക്കപ്പെട്ട കെവിന്‍ കേസില്‍ ശിക്ഷ ഇളവുചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍. കുറ്റക്കാരെന്നു കണ്ടെത്തിയ പത്തു പ്രതികള്‍ക്കും കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു.
ഇവര്‍ ഏഴുപേരും മൂന്നുപേരുമായി വെവ്വേറെ ഹര്‍ജികളാണു ഫയല്‍ചെയ്തത്. ഇവ ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്കു നോട്ടീസയയ്ക്കാന്‍ ഉത്തരവായി. കെവിന്റെ ഭാര്യാ പിതാവ് ചാക്കോയും സഹോദരന്‍ ഷിനോ ചാക്കോയും ഉള്‍പ്പെടെ 14 പ്രതികളാണുള്ളത്. പത്തുപേരെ ശിക്ഷിച്ച കോടതി ചാക്കോ ഉള്‍പ്പെടെയുള്ളവരെ വെറുതേവിട്ടു. 2018 മേയ് 28-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി. ജോസഫിനെ(24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മുഖ്യ സാക്ഷിയായ അനീഷിന്റെ വീട് ആക്രമിച്ചാണു പ്രതികള്‍ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്. 27-ന് കൊല്ലം ജില്ലയിലെ തെന്മലയില്‍ ഇരുവരെയും എത്തിച്ചു. തുടര്‍ന്ന് അനീഷിനെ പ്രതികള്‍ തിരികെ കോട്ടയത്ത് എത്തിച്ചു. പിറ്റേന്നു രാവിലെ 11-ന് കെവിന്റെ മൃതദേഹം പുനലൂരിനു സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha