എജ്ജാതി ഭാഗ്യമാണിത്... നറുക്കെടുപ്പ് നടക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പ് എടുത്ത ലോറട്ടറിക്ക് ഭാഗ്യദേവത കടാക്ഷിച്ചു:- കണ്ണീരും വേദനയും മാത്രം കൈമുതലായുണ്ടായിരുന്ന ലേഖയ്ക്ക് അടിച്ചത് അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം 60 ലക്ഷം രൂപയും 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളും...

കണ്ണീരും വേദനയും മാത്രം കൈമുതലായുണ്ടായിരുന്ന ലേഖയെ ഭാഗ്യദേവത കടാക്ഷിച്ചത് രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലായിരുന്നു. നറുക്കെടുപ്പ് നടക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പായിരുന്നു മുൻ ലോട്ടറി വിൽപനക്കാരിയായ ലേഖ ലോട്ടറി എടുത്തത്. അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം 60 ലക്ഷം രൂപയും 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളുമാണ് തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയിൽ ലേഖ പ്രകാശിന് ലഭിച്ചത്. കൊമ്മാടി കുയിൽ ലോട്ടറി ഏജൻസിയിൽനിന്ന് എവൈ–771712 നമ്പർ ലോട്ടറി ടിക്കറ്റ് എടുത്തത് കഴിഞ്ഞ ദിവസം 2.58ന് ആയിരുന്നു. വൈകിട്ട് മൂന്നിന് ആയിരുന്നു നറുക്കെടുപ്പ്. ആകെ 12 ടിക്കറ്റുകളാണ് എടുത്തത്.
രണ്ട് വർഷം മുമ്പ് വരെ കലക്ടറേറ്റിന് മുൻപിൽ ലോട്ടറി വിൽപന നടത്തുകയായിരുന്നു ലേഖ. ലോറി ഡ്രൈവർ ആയിരുന്ന ഭർത്താവ് കെ.ആർ പ്രകാശിന് വാഹനാപകടം ഉണ്ടായതിനെ തുടർന്ന് വിൽപന നിറുത്തുകയായിരുന്നു. ലേഖയ്ക്ക് സ്വന്തമായി വീടില്ല. ഭർത്താവും മക്കളും ലേഖയുടെ കുടുംബവീട്ടിലാണ് താമസം. സ്നേഹിച്ച് വിവാഹം കഴിച്ചതിനാൽ മറ്റ് ബന്ധുക്കൾ ആരും തന്നെ തങ്ങളെ സഹായിക്കാനില്ലായിരുന്നുവെന്നും ലേഖ പറയുന്നു. 2007 ഡിസംബറിലാണ് പ്രകാശും ലേഖയും തമ്മിൽ വിവാഹിതരായത്. കൃഷ്ണപ്രിയ, കൃതി കൃഷ്ണ, കാര്‍ത്തിക് കൃഷ്ണ, ദേവി കൃഷ്ണ എന്നിവരാണ് മക്കൾ. സമ്മാനത്തുക ഉപയോഗിച്ച് വീട് നിർമിക്കാനും ഒരു ലോട്ടറിക്കട തുടങ്ങാനുമാണ് ഇവരുടെ ആഗ്രഹം. ലോട്ടറി ടിക്കറ്റ് എസ്.ബി.ഐ സിവിൽ സ്റ്റേഷൻ വാർഡ് ശാഖയിൽ നൽകി.
തങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഏറിയാൽ ലഭിക്കുന്നത് 5000 രൂപ മാത്രമാണ്. അതിൽ കൂടുതലൊന്നും നമ്മൾ പ്രതീക്ഷിക്കില്ല. നിനച്ചിരിക്കാത്ത നേരത്ത് ലോട്ടറി അടിച്ചപ്പോൾ സന്തോഷം തോന്നി. ഞാൻ ഭാഗ്യകുറി എടുക്കുമായിരുന്നു. വയ്യാത്ത ആളുകളും പ്രായമായവരും കൊണ്ടുവരുന്ന ലോട്ടറി ടിക്കറ്റുകൾ, അവരുടെ ബുദ്ധിമുട്ടുകൾ കണ്ട് വാങ്ങും. ലോട്ടറി വിറ്റുകൊണ്ടിരുന്നപ്പോഴും ഞാൻ ടിക്കറ്റ് എടുക്കുമായിരുന്നു. തമ്പുരാൻ നമ്മളേ ഒന്നും കൈവിടില്ല. കുറേ നാൾ ദുഖിക്കുമ്പോൾ ഒരിക്കൽ നമുക്ക് വെളിച്ചം കിട്ടും'- ലേഖ പറയുന്നു.
https://www.facebook.com/Malayalivartha