അറിയുന്നത് തമ്പുരാന് മാത്രം; മരടിൽ ഫ്ലാറ്റ് പൊളിച്ച സാഹചര്യത്തിൽ തങ്ങളുടെ കൈവശം ഇരിക്കുന്നതോ വാങ്ങാൻ പോകുന്നതോ ആയ സ്ഥലം തീരദേശപരിപാലന നിയമത്തിന് കീഴിൽ വരുന്നതാണോ എന്ന് അന്വേഷിക്കുന്നവർക്ക് ഉത്തരം മുട്ടും; കേരള തീരദേശപരിപാലന അതോറിറ്റിക്ക് ഒരു വെബ് സൈറ്റ് പോലുമില്ല

മരടിൽ ഫ്ലാറ്റ് പൊളിച്ച സാഹചര്യത്തിൽ തങ്ങളുടെ കൈവശം ഇരിക്കുന്നതോ വാങ്ങാൻ പോകുന്നതോ ആയ സ്ഥലം തീരദേശപരിപാലന നിയമത്തിന് കീഴിൽ വരുന്നതാണോ എന്ന് അന്വേഷിക്കുന്നവർക്ക് കേരള തീരദേശപരിപാലന അതോറിറ്റിക്ക് ഒരു വെബ് സൈറ്റ് പോലുമില്ലെന്ന് മനസിലാവും.
ഇനി തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ റ്റി സി സമുച്ചയത്തിലുള്ള ഓഫീസിലേക്ക് വിളിച്ചാലോ, സ്ഥലം തീരദേശമേഖലയിലാണോ എന്ന വിവരം രഹസ്യമാണെന്ന് പറയും. തന്റെ സ്ഥലം തീരദേശ പരിപാലനനിയമത്തിന് കീഴിൽ വരുന്നതാണോ എന്നറിയേണ്ടത് തന്റെ അവകാശമാണെന്ന് പറഞ്ഞാൽ തീരദേശക്കാരൻ അതോറിറ്റി കൈമലർത്തും.
തീരദേശ പരിപാലന അതോറിറ്റിയുടെ തലപ്പത്ത് രണ്ട് ഐ. എ എസുകാരാണുള്ളത്. ചെയർമാനായി പി.എച്ച്. കുര്യനും മെമ്പർ സെക്രട്ടറിയായി ഡോ. വീണ മാധവനും. രണ്ട് ഐ. എ. എസുകാർ ഭരിക്കുന്ന സ്ഥാപനത്തിന് നല്ലൊരു വെബ് സൈറ്റ് പോലുമില്ലെന്ന് പറയുന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്.
മരട് സംഭവത്തോടെ തീരദേശ നിയമത്തെ കുറിച്ച് എല്ലാവർക്കും ഭയമാണ്. എറണാകുളം ജില്ലയിലാണ് ഭയന്നുവിറയ്ക്കുന്നവർ ഏറ്റവുമധികമുള്ളത്. കാരണം ജില്ലയിലെനല്ല ശതമാനം സ്ഥലങ്ങളും നിയമത്തിന്റെ പരിധിയിൽ വരുന്നവയാണ്. തീരദേശ അതോറിറ്റിയുടെ കൈവശമുള്ള മാപ്പുകളിൽ നിന്നും ഇത്തരം സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് മനസിലാവും. മാപ്പുകൾ തീരദേശ അതോറിറ്റിയുടെ വെബസൈറ്റിൽ പ്രസിദ്ധികരിച്ചാൽ അക്കാര്യം ആർക്കും മനസിലാക്കാവുന്നതേയുള്ളു. എന്നാൽ അതോറിറ്റി അതിന് തയ്യാറല്ല. കാരണം എന്താണെന്ന് അതോറിറ്റിക്ക് പോലുമറിയില്ല. ഓഫീസിൽ നേരിട്ട് അന്വേഷിക്കണമെങ്കിൽ 3 മുതൽ 5മണി വരെ മാത്രമാണ് അനുവാദം.
കാസർകോട് നിന്നും ഒരാൾക്ക് വിവരം അറിയണമെങ്കിൽ തിരുവനന്തപുരത്ത് വരണമെന്ന് ചുരുക്കം.
സ്ഥലം തീരദേശ നിയമത്തിൽ വരുന്നതാണോ എന്നറിയാൻ മന്ത്രിമാരെ കൊണ്ടു വരെ ശുപാർശ ചെയ്യിക്കണമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിനു വേണ്ടി എം എൽ എമാരും എം പിമാരും വരെ അതോറിറ്റിയിലേക്ക് വിളിക്കുന്നുണ്ട്.
യഥാർത്ഥത്തിൽ ഒരാളുടെ സ്ഥലം തീരദേശ മാപ്പിൽ നിന്ന് ഒഴിവാക്കാനോ കൂട്ടി ചേർക്കാനോ യാതൊരു അധികാരവും അതോറിറ്റിക്കില്ല. എന്നാൽ അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ ഭാവം കണ്ടാൽ ഇതിനൊക്കെ തങ്ങൾക്ക് അധികാരമുണ്ട് എന്നാണ്. എന്തിന് പി എച്ച് കുര്യനും വീണ മാധവനും പോലും നാമ മാത്രമായ അധികാരം മാത്രമാണുള്ളത്.
സേവനാവകാശ നിയമം അനുസരിച്ച് ഇതെല്ലാം പ്രസിദ്ധപ്പെടുത്തേണ്ട ബാധ്യത അതോറിറ്റിക്ക് ഉണ്ടെങ്കിലും അതിൽ അവർ അജ്ഞത ഭാവിക്കുന്നു. വിവരാവകാശ നിയമ പ്രകാരം വിവരം ചോദിച്ചാൽ കൃത്യമായ മറുപടി നൽകുകയും ഇല്ല. അപ്പീൽ പോയാൽ അതെല്ലാം സർക്കാരിന്റെ പരിഗണനയിലാണെന്ന് പറയും.
തീരദേശ പരിപാലന നിയമം അട്ടിമറിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. തീരദേശ മേഖലയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയും നഗരസഭാ സെക്രട്ടറിയും കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുന്നുണ്ട്. ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനം തിരസ്കരിക്കുന്ന അപേക്ഷകൾക്ക് പോലും ഇത്തരത്തിൽ ഐ എ എസുകാർ അനുമതി നൽകുന്നുണ്ട്. ഒടുവിൽ അനുമതി നൽകിയ അതേ സ്ഥലങ്ങൾ തന്നെ നിയമവിരുദ്ധമാണെന്ന് എഴുതി കോടതിക്ക് നൽകും. തീരദേശ മേഖലയിൽ അനുമതി നൽകാൻ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരും ഭരണസിരാ കേന്ദ്രത്തിലുണ്ടെന്നാണ് വിവരം. ഇത്തരത്തിൽ കോഴ വാങ്ങിയ ഒരു ഉദ്യോഗസ്ഥൻ ഇപ്പോൾ ജയിലിലാണ്.
https://www.facebook.com/Malayalivartha