കരുണ സംഗീതമേള തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘാടകരെ പോലീസ് ചോദ്യം ചെയ്തു

കരുണ സംഗീതമേള തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘാടകരെ പോലീസ് ചോദ്യം ചെയ്തു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രസിഡന്റ് ബിജിബാൽ ആഷിക് അബു ഉള്‍പ്പെടെയുള്ളവരില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ബുധനാഴ്ച കൊച്ചിയിലെ ആഷിക് അബുവിന്റെ കഫേ പപ്പായ സ്ഥാപനത്തില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. പരിപാടി നഷ്ടമായിരുന്നുവെന്നാണ് സംഘാടകര്‍ പോലീസിന് നല്‍കിയ മൊഴി. 23 ലക്ഷം രൂപയോളം പരിപാടിക്കായി ചിലവായെന്നും ടിക്കറ്റ് വരുമാനത്തിലൂടെ ആകെ 6.22 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നുമാണ് സംഘാടകര്‍ പറയുന്നത്.
കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരില്‍നിന്നും വിശദമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം ജില്ലാ പോലീസ് മേധാവിക്ക് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഗീത നിശയുടെ പേരില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയെന്ന ബി.ജെ.പി. വക്താവ് സന്ദീപ് വാര്യരുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. 2019 നവംബര്‍ ഒന്നിനാണ് കൊച്ചിയില്‍ സംഗീതമേള സംഘടിപ്പിച്ചിരുന്നത്.
സംഗീത നിശ നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പ്രകാരം ദുരിതാശ്വാനിധിയിലേക്ക് പണം കൈമാറാത്തതിനെ ചൊല്ലിയായിരുന്നു വിവാദം. വിഷയം ചൂട് പിടിച്ചതോടെ ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ കൈമാറിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനെന്ന പേരിൽ നടത്തിയ സംഗീത പരിപാടി തട്ടിപ്പാണെന്ന ഹൈബി ഈഡൻ എം.പിയുടെ ആരോപണത്തിന് സംവിധായകന്‍ ആഷിഖ് അബു മറുപടി നൽകിയിരുന്നു. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല 'കരുണ'യെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണെന്നും ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
സംഭാവന നല്‍കിയതിന്റെ ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി ഫെബ്രുവരി 14 ആണ്. അതായത് ആരോപണം ഉന്നയിക്കപ്പെട്ടതിന് ശേഷമാണ് ആഷിക് അബു 6.22 ലക്ഷം രൂപ ദുരിതാശ്വാധനിധിയിലേക്ക് കൈമാറിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആഷിക് അബുവിനെതിരേ കടുത്ത വിമര്‍ശനം ഉയരുകയാണ്.
https://www.facebook.com/Malayalivartha