കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യ പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു; ജയിലിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു ആത്മഹത്യാ ശ്രമം; മുറിക്കാൻ ഉപയോഗിച്ചത് ചില്ലെന്നു സൂചന; ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യ പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു. ജയിലിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു ആത്മഹത്യാ ശ്രമം. അതിരാവിലെ 4.50 ഓടെ രക്തം വാർന്ന നിലയിൽ ജയിൽ അധികൃതർ കണ്ടെത്തുകയായിരുന്നു. കൈ ഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മുറിക്കാൻ ഉപയോഗിച്ചത് ചില്ലെന്നു സൂചന. മൂർച്ചയുള്ള വസ്തു എങ്ങനെ പ്രതിയുടെ കൈയിലെത്തിയെന്നതിൽ അന്വേഷണം നടക്കുകയാണ്. അറസ്റ്റ് ചെയ്തപ്പോഴും ആത്മഹത്യാ പ്രവണത കാട്ടിയ കുറ്റവാളിയായിരുന്നു ജോളി .ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അടുത്തിടെ കേരളത്തിൽ കോളിളക്കം സൃഷ്ടിക്കുകയും ലോക ശ്രദ്ധയാകർഷിക്കുകയും ചെയ്ത കേസാണ് കൂടത്തായ് കൊലപാതക പരമ്പര. ഭര്‍ത്താവിനെയും ഭര്‍തൃ മാതാപിതാക്കളെയും ഉള്‍പ്പെടെ ആറ് പേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളി ജോസഫ് എന്ന ജോളി അറസ്റ്റിലാവുന്നത്. കേസില്‍ ആറ് കുറ്റപത്രങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.
ഒമ്പത് വർഷത്തിടെയാണ് ജോളി ഭർത്താവ്, അദ്ദേഹത്തിന്റെ രക്ഷിതാക്കൾ, ബന്ധു, ഇപ്പോഴത്തെ ഭർത്താവിന്റെ ഭാര്യ, ഒന്നര വയസ്സുകാരിയായ മകൾ എന്നിവരെ വിഷം നൽകി വകവരുത്തിയത്. സയനേഡാണ് കൊലപാതകങ്ങൾക്ക് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ട റോയ് തോമസ് എന്ന ജോളിയുടെ മുന്‍ ഭർത്താവിന്റെ സഹോദരൻ റോജോ തോമസാണ് 6 ദുരൂഹ മരണങ്ങളെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടത്. ഈ അന്വേഷണം ജോളി ജോസഫിലേക്ക് എത്തുകയായിരുന്നു. 2019 ഒക്ടോബറിൽ ജോളി അറസ്റ്റിലാവുകയും ചെയ്തു. 6 പേരെ കൊല്ലാൻ സയനൈഡ് ഉപയോഗിച്ചതായി ജോളി സമ്മതിച്ചിട്ടുണ്ട്. എം. എസ്. മാത്യു, പ്രജി കുമാർ എന്നിവരുടെ സഹായത്തോടെയാണ് അവർ സയനൈഡ് നേടിയത്.
2002 ൽ ഭർത്താവിന്റെ മാതാവ് അന്നമ്മ തോമസിന്റെ മരണത്തോടെയാണ് കൂടത്തായി കേസിൽ ദൂരൂഹമരണങ്ങൾ ആരംഭിച്ചത്. 2008 ൽ, അന്നമ്മയുടെ ഭർത്താവ് ടോം തോമസ് കുഴഞ്ഞ് വീണ് മരിച്ചു. 2011 ൽ, ജോളിയുടെ അദ്യ ഭർത്താവായിരുന്ന റോയ് തോമസും ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. അകത്ത് നിന്ന് പൂട്ടിയിട്ടിരുന്ന കുളിമുറിയിൽ മരിച്ച നിലയിലായിരുവന്നു റോയ് തോമസിനെ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിഷത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു, എന്നാൽ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ആത്മഹത്യയായി വിധിക്കപ്പെട്ടു. 2014 ൽ റോയ് തോമസിന്റെ അമ്മാവൻ മാത്യു മഞ്ചാടി കുഴഞ്ഞ് വീണ് മരിച്ചു. റോയിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മരിച്ച റോയ് തോമസിന്റെ ബന്ധുവായ ഷാജു സക്കറിയയുടെ പിഞ്ചുകുഞ്ഞ് മകൾ ആൽഫിൻ ഷാജുവാണ് പിന്നീട് മരിച്ചത്. 2016 ൽ ആൽഫിന്റെ അമ്മയും ഷാജുസക്കറിയയുടെ ഭാര്യയുമായ സിലിയും കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ആ മരണങ്ങൾ നടക്കുമ്പോഴെല്ലാം ഇവിടെ ജോളിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















