ടയര്‍ കട ഉടമയെയും ജീവനക്കാരനെയും പട്ടാപ്പകല്‍ ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തിയ അക്രമികള്‍ പിടിയില്‍
കാട്ടാക്കട മാര്‍ക്കറ്റ് ജംക്ഷനിലുള്ള ടയര്‍ കടയിലെത്തി ഉടമയെയും ജീവനക്കാരനെയും ആക്രമിച്ചവര്‍ പിടിയില്‍. കട്ടയ്ക്കോട് മുഴവന്‍കോട് ഷൈജു മന്ദിരത്തില്‍ ഷൈജു (38) തൂങ്ങാംപാറ കാട്ടുവിള വിജയ ഭവനില്‍ നന്ദു എന്നു വിളിക്കുന്ന അജിന്‍കുമാര്‍(27), സഹോദരന് വിജീഷ്(31) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ ഡി.ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കള്‍ നാലു മണിയോടെയാണ് സംഘം കാട്ടാക്കട മാര്‍ക്കറ്റ് ജംക്ഷനിലെ സുശീല(67)ന്റെ ടയര്‍ കടയ്ക്കുള്ളില്‍ ജീവനക്കാരന് സന്തോഷിനെ ആദ്യം ആക്രമിച്ചത് . കടയിലെ ജീവനക്കാരന് സന്തോഷ് (അജിത്) 3 വര്‍ഷം മുമ്പ് ഷൈജുവിന്റെ സഹോദരനെ മര്‍ദിച്ചതിന്റെ കണക്കു തീര്‍ക്കലായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് പ്രതികള്‍ പൊലീസിനോടു പറഞ്ഞു. സന്തോഷിനെ ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തുന്നത് കണ്ടുകൊണ്ട് കടയിലേക്ക് വന്ന സുശീലനെയും അക്രമികള്‍ വളഞ്ഞ് വച്ച് തലയ്ക്കടിച്ച് വീഴ്ത്തി. കടയുടെ മുന്‍ ഭാഗത്തെ ചില്ല് വാതിലുള്പെടെ അടിച്ച് തകത്തു.
കാട്ടാക്കട അക്രമത്തിന് ശേഷം ചെങ്കുത്തായ പാറയുടെ മുകളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികളെ തേടി അര്‍ധ രാത്രി ദുഷ്കരമായ യാത്രയാണ് പോലീസ് നടത്തിയത്.10 മണിക്കൂറിനുള്ളില്‍ പ്രതികളെല്ലാം പിടിയിലായി. ആദ്യം പിടിയിലായത് വിജീഷ്. ബൈക്ക് സഹിതം മാവുവിള വാട്ടര്‍ ടാങ്കിനു സമീപത്തുനിന്ന് രാത്രി പിടികൂടുമ്പോള്‍ ഇയാളില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തു.ഇതിന് വേറെ കേസെടുത്തു. പ്രധാന പ്രതി ഷൈജുവും അജിന്കുമാറും വിളപ്പില്‍ശാല ചെറുകോട് കടുമ്പൂപാറക്ക് മുകളില്‍ പാറക്കെട്ടുകള്‍ക്കിടയിലാണ് ഒളിച്ചത്.
നാട്ടുകാര്‍ നല്കിയ സൂചനകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് സംഘങ്ങളായി തിരിഞ്ഞ് തിങ്കള്‍ രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായി ഒളി സങ്കേതങ്ങളില്‍ നിന്ന് മൂവരെയും പിടികൂടുകയായിരുന്നു.സിസി ടിവി ദൃശ്യങ്ങളില്പ്പതിഞ്ഞ വേഷം തന്നെയാണ് പിടിയിലാകുമ്പൊഴും മൂവരും ധരിച്ചിരുന്നതെന്നത് പൊലീസിന്റെ നീക്കത്തിന്റെ വേഗം വെളിവാക്കുന്നു.
സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍
അര്‍ധ രാത്രി ചെങ്കുത്തായ കടുമ്പൂപ്പാറയില് എത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടി. കാട്ടാക്കട ഇന്‍സ്പെക്ടര്‍ ഡി. ബിജുകുമാര്‍, എസ്.ഐ.മാരായ ഗംഗാപ്രസാദ്, ശ്രീജിത് ജനാര്ദ്ദനന്, ഹെന്ഡേഴ്സന്,എഎസ്ഐ സുരേഷ്, രാജശേഖരന്, സിപിഒ മാരായ അജി, മഹേഷ്,വിജു, അനില്‍കുമാര്‍, ഉഷ, വിനോദ്, ഷാഡോ പൊലീസുകാരായ സുനില്‍, സജു, വിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha