എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട് - ദമാം, രാത്രി 11.20നുള്ള കോഴിക്കോട് - ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുറവാണ് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
നേരത്തെ ജീവനക്കാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, മുംബൈ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. സമരം ഒത്തുതീര്‍പ്പായതോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ച് തുടങ്ങിയെങ്കിലും എയര്‍ ഇന്ത്യ എക്സപ്രസിന്റെ സര്‍വീസ് പ്രശ്നങ്ങള്‍ ഇതുവരെ തീര്‍ന്നിട്ടില്ല.
എയര്‍ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയനില്‍ ഉള്ള 300 ജീവനക്കാര്‍ കൂട്ടമായി മെഡിക്കല്‍ അവധി എടുത്തതിനെ തുടര്‍ന്നായിരുന്നു വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. ഇക്കാര്യം ആസൂത്രിതമാണെന്ന് ബോധ്യപ്പെട്ട കമ്പനി ഇതിന് നേതൃത്വം നല്‍കിയ 25 പേരെ പിരിച്ചുവിടുകയാണെന്ന് നോട്ടീസ് നല്‍കിയിരുന്നു. കേന്ദ്ര ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം മാനേജ്മെന്റ് ജീവനക്കാരും തമ്മില്‍ ചര്‍ച്ച നടത്തി പ്രതിസന്ധി പരിഹരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























