മകൾ കെഎസ്ആർടിസി കണ്ടക്ടർ ; കിഴക്കേക്കോട്ടയില്‍ നിന്നും ചാക്ക ബൈപാസ് ഇന്‍ഫോസിസ് - ടെക്നോപാര്‍ക്ക് - കഴക്കൂട്ടം - വെട്ടു റോഡ് - പോത്തന്‍കോട് - വെഞ്ഞാറമൂട് എന്നീ ബസ് റൂട്ടുകളിൽ ഡ്യൂട്ടി നോക്കിയിരുന്നു; മകളുടെ പരിശോധനഫലം നിര്‍ണായകം

പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ് കൊറോണ ബാധിച്ച് മരിച്ചതോടെ ആശങ്കയിലായിരിക്കുകയാണ് ഒരുനാടും ആരോഗ്യ പ്രവർത്തകരും. അബ്ദുള്‍ അസീസിന്റെ മകള്‍ കെഎസ്‌ആര്‍ടിസി കണ്ടക്ടർ ആയി ജോലി നോക്കിയിരുന്നതും ആശങ്കക്ക് വഴി തെളിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ മകളുടെ പരിശോധനഫലം നിര്‍ണായകമാകും. കെ.എസ്.ആര്‍.ടി.സി വികാസ്ഭവന്‍ ഡിപ്പോയിലെ കണ്ടക്ടറായ ഇവര്‍ അവസാനമായി ഡ്യൂട്ടി നോക്കിയത് ഈ മാസം 17,19 തീയതികളിലായിരുന്നു. രണ്ട് ദിവസവും ഡബിള്‍ ഡ്യൂട്ടി ആയിരുന്നു ചെയ്തിരുന്നത്.
മരിച്ച അബ്ദുള്‍ അസീസും മകളും ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പരിശോധനയ്ക്കായി മകളുടെ സ്രവം ആരോഗ്യവകുപ്പ് 29ന് എടുത്തിരുന്നു. കിഴക്കേക്കോട്ടയില്‍ നിന്നും ചാക്ക ബൈപാസ് ഇന്‍ഫോസിസ് - ടെക്നോപാര്‍ക്ക് - കഴക്കൂട്ടം - വെട്ടു റോഡ് - പോത്തന്‍കോട് - വെഞ്ഞാറമൂട് ആണ് ഇവര്‍ ഡ്യൂട്ടി നോക്കിയ ബസിന്റെ റൂട്ട്.
നോണ്‍ എ.സി ലോ ഫ്ളോര്‍ ബസായിരുന്നു അത്. ഏറെ തിരക്കുള്ള റൂട്ട് ആയതിനാല്‍ തന്നെ ഇവരുടെ പരിശോധനാഫലം ആശങ്കയോടെയാണ് അധികൃതര്‍ കാത്തിരിക്കുന്നത്. കെ .എസ് .ആര്‍. ടി.സി ബസില്‍ യാത്ര ചെയ്തവരെയൊക്കെ കണ്ടുപിടിക്കുക ബുദ്ധിമുട്ടായിരിക്കും. വിവരം അറിഞ്ഞതോടെ കിഴക്കേക്കോട്ടയിലെ അടക്കം കെ.എസ്.ആര്‍.ടി.സി ജീവനക്കാരും ആശങ്കയിലാണ്.
കൊറോണ ബാധിച്ച് മരിച്ചയാള്‍ വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് പുറമേ പ്രൈമറി സ്‌കൂളിന്റെ പി.ടി.എ യോഗത്തിലും പങ്കെടുത്തതായി വിവരം . പ്രവാസികളുമായി ബന്ധമില്ലാത്ത ഇയാള്‍ക്ക് രോഗം എങ്ങിനെ പിടിപ്പെട്ടുവെന്നറിയാതെ ആരോഗ്യവകുപ്പ്. മാര്‍ച്ച് രണ്ടിന് പോത്തന്‍കോട് വിവാഹചടങ്ങില്‍ പങ്കെടുത്തു, അതേ ദിവസവും മാര്‍ച്ച് 11നും, 18നും, 21നും മരണാന്തര ചടങ്ങുകളില്‍ പങ്കെടുത്തു. കാസര്‍കോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദ്ദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്.
മാര്‍ച്ച് 20 വരെ വീടിന് സമീപമുള്ള പള്ളിയിലും പോയിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോയി. ഇയാള്‍ എത്തിയതായി സ്ഥിരീകരിച്ച ബാങ്കുകളിലടക്കം ജോലി ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിദ്ദേശിച്ചിട്ടുണ്ട്. ഇയാള്‍ക്ക് എവിടെ നിന്ന് രോഗം പകര്‍ന്നു എന്നറിയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇയാളുമായി സമ്ബര്ക്കം പുലര്ത്തിയവരെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താന് തീരുമാനം. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ച് മരിച്ചയാളുമായി സമ്ബര്ക്കം പുലര്ത്തിയ എല്ലാവരും സ്വമേധയാ പോലീസിനെയോ ആരോഗ്യപ്രവര്ത്തകരെയോ അറിയിക്കണെമെന്ന് അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha