സൂര്യന്റെ അയനം ആസ്പദമാക്കി പൂജകളുടെ സമയം ക്രമീകരിക്കുന്ന തിരുവാര്‍പ്പ് ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറ്റം
വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളും പൂജാക്രമങ്ങളും കൊണ്ട് ശ്രദ്ധേയമായ കോട്ടയം തിരുവാര്‍പ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. തന്ത്രി മറ്റപ്പള്ളി നാരായണന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്. 22-ന് ആറോട്ടോടെ ഉത്സവം സമാപിക്കും. ആഘോഷ പരിപാടികള്‍ ഒഴിവാക്കി ക്ഷേത്ര ചടങ്ങുകള്‍ മാത്രമാണ് നടത്തുക. ആനയോട്ടം, പുറത്തേക്കുള്ള എഴുന്നള്ളിപ്പ് എന്നിവയും ഒഴിവാക്കി. ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഇല്ല.
ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിര്‍ദേശം ഉള്ളതിനാല്‍ വിളക്കേന്തുന്ന ബാലികമാരെ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. 40 പേരില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട ചിന്മയി മേനോന്, ഗൗരി മേനോന് എന്നിവര്‍ വിളക്കേന്തി.
എല്ലാ ദിവസവും പുലര്‍ച്ചെ രണ്ടിനാണ് ഇവിടെ പള്ളിയുണര്‍ത്തല്‍. 2-ന് പള്ളിയുണര്‍ത്തല്‍. 2.30-ന് നിര്‍മാല്യദര്‍ശനം. 3.30-ന് അഭിഷേകവും തുടര്‍ന്ന് ഉഷഃനിവേദ്യവും. 8.15-ന്പന്തീരടിപൂജ. 11-ന് നവകാഭിഷേകം. 12.15-നാണ് ഉച്ചപ്പൂജ. വൈകിട്ട് അഞ്ചിനാണ് നടതുറക്കുന്നത്.
സൂര്യന്റെ അയനം ആസ്പദമാക്കിയാണ് പൂജകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ സമയക്രമത്തില്‍ നേരിയ വ്യത്യാസം വരാം. സൂര്യഗ്രഹണസമയത്തും ചന്ദ്രഗ്രഹണസമയത്തും അശുദ്ധിയേല്ക്കാത്ത ക്ഷേത്രമാണ്. ഗ്രഹണസമയത്തു പോലും ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കും പൂജകള്‍ക്കും മുടക്കം വരുത്താറില്ല.
എല്ലാ ക്ഷേത്രങ്ങളിലും ഉത്സവകാലത്ത് ഉത്സവബലി പതിവാണ്. എന്നാല്‍ തിരുവാര്‍പ്പില്‍ ഉത്സവബലി നടത്താറില്ല. ഇതിനുപകരമായി ഉത്സവത്തിന് ശ്രീഭൂതബലി പതിവുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞും അത്താഴ ശ്രീബലി കഴിഞ്ഞുമാണ് ഈ ചടങ്ങ്. വിളക്ക് വയ്ക്കാതെ പാണികൊട്ടുന്ന പതിവും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വാദ്യങ്ങള്‍ ഇവിടെ ഉപയോഗിക്കാറുണ്ട്. കൊടിയേറ്റിനുശേഷം ആണ് ഇവിടെ വിഷു പൂജ നടത്തുന്നത്. കൊടിയേറി കണി കാണണം എന്നാണ് തിരുവാര്‍പ്പിലെ ക്ഷേത്രാചാരം.
https://www.facebook.com/Malayalivartha