മുഖ്യമന്ത്രിയ്ക്ക് നാളെ 75 -ാം ജന്മദിനം

പിണറായി വിജയന് നാളെ 75 വയസ്സു തികയുന്നു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ പിണറായി ജന്മദിനം ആഘോഷിക്കാനിടയില്ല. തൊട്ടു പിറ്റേന്ന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനത്തില്‍ ആഘോഷമുണ്ടാവില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ജന്മദിനം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിക്കു തൊട്ടുപിന്നാലെയായിരുന്നു. ഒരു വര്‍ഷത്തിനിടയില്‍ രാഷ്ട്രീയം മാറിമറിഞ്ഞുവെന്ന ആത്മവിശ്വാസമാണ് ഇപ്പോഴുള്ളത്. നാലുവര്‍ഷം മുന്‍പ് മേയ് 25-ന് അധികാരമേല്‍ക്കുന്നതിനു തൊട്ടുതലേന്നാണ് തന്റെ യഥാര്‍ഥ ജനനത്തീയതി ഒരു സസ്‌പെന്‍സ് പോലെ മുഖ്യമന്ത്രി പുറത്തു പറഞ്ഞത്. അതുവരെ മാര്‍ച്ച് 24 എന്നായിരുന്നു അറിഞ്ഞിരുന്നത്.
അധികാരമേല്‍ക്കുന്നതിനു തൊട്ടുതലേന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഡ്ഡുവിതരണം ചെയ്തതിനു ശേഷം ഈ ലഡ്ഡു തന്റെ പിറന്നാള്‍ മധുരമാണ് എന്നു പറഞ്ഞാണ് വെളിപ്പെടുത്തല്‍ നടത്തിയത്. രേഖകളില്‍ 21 മാര്‍ച്ച് 1944-ന് ജനിച്ചു എന്നാണെങ്കിലും , 1120 ഇടവം 10-നാണ് താന്‍ ജനിച്ചതെന്നും ആ തീയതി മേയ് 24, 1945 ആണെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്.
പിണറായി വിജയന്‍ കാന്തസൂചി പോലെ ആകര്‍ഷിക്കുമെന്ന് ഇഷ്ടപ്പെടുന്നവരും കാട്ടാനയെപ്പോലെ കുഴിയില്‍ വീഴ്ത്താന്‍ നോക്കുമെന്ന് എതിരാളികളും വിശേഷിപ്പിക്കുന്ന സമസ്യയാവുന്നതും ഇതു കൊണ്ടൊക്കെ തന്നെയാണ്.
പുറത്തുള്ളവര്‍ക്കു യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ സമയമെടുക്കുമെന്നും പാര്‍ട്ടിക്കു തെറ്റിദ്ധാരണ ഉണ്ടാകരുതെന്നേയുള്ളൂ എന്നുമാണ് ഇതെക്കുറിച്ചുള്ള ചോദ്യത്തിന് ഒരിക്കല്‍ അദ്ദേഹം നല്‍കിയ മറുപടി.
15 വര്‍ഷത്തിലേറെ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു റെക്കോര്‍ഡിട്ട നേതാവ് ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ ഏക മുഖ്യമന്ത്രിയാണ്. കോവിഡ് വിരുദ്ധ പോരാട്ടത്തിലൂടെ ലോകത്തിനു മുന്നില്‍ ഇടതുപക്ഷം ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്ന ബ്രാന്‍ഡാണെന്ന് പോലും പറയാം.
https://www.facebook.com/Malayalivartha