കെട്ടിടത്തൊഴിലാളികളുടെ പഴ്സ് മോഷ്ടിച്ച് കുറ്റിക്കാട്ടിലൊളിച്ചു.. പുറത്തു കടക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയെങ്കിലും രണ്ടു പേരുടെ കൈകടിച്ച് മുറിച്ച് ഓടിമറഞ്ഞു.... മുങ്ങിനടന്ന മോഷ്ടാവ് നാട്ടുകാരുടെ കണ്ണില്പെട്ടപ്പോള് രക്ഷപ്പെടാനായി പുഴയില്‍ എടുത്ത് ചാടി... വീണത് വെള്ളമില്ലാത്ത ഭാഗത്ത്, ഒടുവില്‍...
മോഷണം നടത്തി മുങ്ങിനടന്ന മോഷ്ടാവ് നാട്ടുകാരുടെ കണ്ണില്പെട്ടപ്പോള് രക്ഷപ്പെടാനായി പുഴയില്‍ എടുത്ത് ചാടി... വെള്ളമില്ലാത്ത ഭാഗത്ത് വീണതോടെ ഡ്രാക്കുള സുരേഷിന് ഗുരുതര പരിക്ക്. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പൊലീസ് രക്ഷപ്പെടുത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ച പെരുവംമൂഴി പാലത്തില്‍നിന്നാണ് കുപ്രസിദ്ധ മോഷ്ടാവ് പുത്തന്‍കുരിശ് വടയമ്പാടി കുണ്ടേലിക്കുടിയില്‍ സുരേഷ് (37) പുഴയില്‍ ചാടിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവപരമ്പരകള്‍ക്ക് തുടക്കമാകുന്നത്.
പെരുവംമൂഴിയില്‍ കെട്ടിടം പണിയുന്നിടത്ത് എത്തിയ ഇയാള്‍ തൊഴിലാളികളുടെ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നിടത്ത് നിന്ന് പഴ്സുകള്‍ മോഷ്ടിച്ചു. തൊഴിലാളികളില്‍ ഒരാള്‍ ഇത് കണ്ടതോടെ ഇറങ്ങിയോടി പരിസരത്തെ കുറ്റിക്കാട്ടില്‍ ഓടി ഒളിച്ചു. നാട്ടുകാര്‍ കുറെ നേരം തിരഞ്ഞിട്ടും ആദ്യം കണ്ടെത്തിയില്ല. പിന്നീട് ഇവിടെനിന്ന് പുറത്തു കടക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടിയെങ്കിലും രണ്ടുപേരുടെ കൈ കടിച്ചുമുറിച്ച് വീണ്ടും ഓടികളഞ്ഞു. അപ്പോഴാണ് ഇയാളുടെ ബൈക്ക് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അതിന്റെ ചോക്ക് ഊരിയിട്ട് കാത്തിരുന്നു.
അങ്ങനെ ശനിയാഴ്ച പുലര്‍ച്ചയോടെ ബൈക്ക് എടുക്കാനായി ഇയാള്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടാന്‍ ഓടിയെത്തി. ഇതോടെ പെരുവംമൂഴി പാലത്തില്‍ നിന്ന് താഴോട്ട് ചാടുകയായിരുന്നു. വെള്ളമില്ലാത്ത സ്ഥലത്ത് വീണതിനാല്‍ ഗുരുതര പരിക്കേറ്റു. ഇയാള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
2018 ജൂലൈ 29ന് മൂവാറ്റുപുഴ കച്ചേരിത്താഴത്തെ പി.ബി. അജിത്കുമാറിന്റെ ആധാരമെഴുത്ത് ഓഫിസില്‍നിന്ന് ഒന്നരലക്ഷം രൂപ മോഷ്ടിച്ചത് അടക്കം 20ലേറെ കേസില്‍ പ്രതിയാണ് സുരേഷ്. അഞ്ചുവര്‍ഷം മുമ്പ് കോലഞ്ചേരിയില്‍ പള്ളിയില്‍ മോഷ്ടിക്കാന്‍ കയറി വെന്റിലേറ്ററില്‍ കുടുങ്ങി അവിടെയിരുന്ന് ഉറങ്ങിപ്പോയ ഇയാളെ ഒടുവില്‍ പൊലീസാണ് പുറത്തെടുത്തത്. 2018ല്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍നിന്ന് മുങ്ങി ഒളിവില്‍ കഴിയുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. പലനാള്‍ കള്ളന് ഒരുനാള്‍ പിടിയില്‍ എന്ന ചൊല്ല് ഇവിടെ യാഥാര്‍ത്ഥ്യമാകുകയാണ്.
https://www.facebook.com/Malayalivartha