സ്വപ്‌നേ വേണ്ടിയിരുന്നോ... ഒന്നുമില്ല ഒന്നുമില്ല എന്ന് നിരന്തരം പറയുമ്പോഴും പുറത്ത് വരുന്നത് വിശ്വസിക്കാനാകാത്ത കാര്യങ്ങള്‍; ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതോടെ പുറത്താകുന്നത് വമ്പന്‍ സ്രാവുകള്‍; സ്വപ്നയുമായി നിരന്തര ആശയവിനിമയം നടത്തിയവരെ കണ്ടെത്തുന്നു; അന്വേഷണ പരിധിയിലേക്ക് ഒരു മന്ത്രി കൂടിയെന്ന് പ്രമുഖ പത്രങ്ങള്‍

സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷവും കൊറോണ അന്തരീക്ഷവും താറുമാറാക്കി സ്വപ്ന സുരേഷ് സഞ്ചരിക്കുകയാണ്. ദേശീയ അന്വേഷണ ഏജന്‍സികളുടെ ശക്തമായ അന്വേഷണത്തിലൂടെ നിരവധി കാര്യങ്ങളാണ് പുറത്താകുന്നത്. ഒന്നുമില്ല ഒന്നുമില്ല എന്ന് ചാനല്‍ ചര്‍ച്ചയില്‍ കയറിയിരുന്ന് പറയുമ്പോള്‍ പുറത്താകുന്ന വാര്‍ത്തകള്‍ മറ്റൊന്നാണ്. ഇതോടെ ഏത് വിശ്വസിക്കണമെന്നാണ് ജനം ചിന്തിക്കുന്നത്. ഇന്നത്തെ മലയാളത്തിലെ രണ്ട് പ്രമുഖ പത്രങ്ങള്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരമാണ് പുറത്ത് വിടുന്നത്.
സ്വര്‍ണക്കടത്തു കേസില്‍ ഒരു മന്ത്രിയില്‍ നിന്നു കൂടി അന്വേഷണ സംഘം വിവരങ്ങള്‍ ആരായുമെന്നാണ് വാര്‍ത്ത. പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പരിശോധിച്ചപ്പോള്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ആരായുന്നത്. ഈ മന്ത്രിയുമായുള്ള നിരന്തര ആശയ വിനിമയത്തിന്റെ വിവരങ്ങള്‍ ലഭ്യമായതായാണു സൂചന.
ലൈഫ് പദ്ധതി കമ്മിഷന്‍ ഇടപാടില്‍ ആരോപണ വിധേയനായ മന്ത്രിപുത്രനുമായുള്ള സ്വപ്നയുടെ സമ്പര്‍ക്ക വിവരങ്ങളും സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഉന്നതബന്ധം സംബന്ധിച്ചു സ്വപ്ന നല്‍കിയ മൊഴികള്‍ ശരിയല്ലെന്നാണു പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തിന്റെ നിഗമനം.
എന്‍ഐഎയും കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മുന്‍പു നടത്തിയ ചോദ്യം ചെയ്യലില്‍ സ്വപ്ന പേരു വെളിപ്പെടുത്താതിരുന്ന പ്രമുഖരുമായുള്ള ഓണ്‍ലൈന്‍ ആശയവിനിമയ വിവരങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്.
ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വപ്നയെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. സ്വപ്നയുടെയും സന്ദീപിന്റെയും മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയില്‍ നിന്ന് 2000 ജിബി ഡേറ്റ അതായത് ഏകദേശം 2780 സിഡികളില്‍ കൊള്ളുന്ന വിവരങ്ങളാണ് വീണ്ടെടുത്തത്.
മറ്റു ചില പ്രതികളുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നു വേറെ 2000 ജിബി ഡേറ്റയും ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ മായ്ച്ചുകളഞ്ഞ സന്ദേശങ്ങളും വീണ്ടെടുത്തു.
അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും വീണ്ടും മൊഴിയെടുക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ പറഞ്ഞു.
കേരളത്തില്‍ നിന്ന് സര്‍ക്കാര്‍ വാഹനത്തില്‍ ബെംഗളൂരുവിലേക്ക് ഒരു പാഴ്‌സല്‍ അയച്ചതും ഇ.ഡി. അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കഴിഞ്ഞദിവസം മന്ത്രിയെ കൊച്ചിയിലെ ഓഫീസില്‍ വരുത്തി ഇ.ഡി. മൊഴിയെടുത്തിരുന്നു. മന്ത്രി നല്‍കിയ ഉത്തരങ്ങള്‍ പരിശോധിച്ച ശേഷമാണ് വീണ്ടും അദ്ദേഹത്തെ ചോദ്യംചെയ്യാനൊരുങ്ങുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ എസ്.കെ. മിശ്ര പറഞ്ഞു.
പ്രോട്ടോകോള്‍ ലംഘനത്തിലാണ് ഇ.ഡി. ജലീലില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടുന്നത്. നയതന്ത്ര ബാഗില്‍ എന്തെല്ലാം സാധനങ്ങളുണ്ടെന്നു വ്യക്തമാക്കുന്ന കോണ്‍സുലേറ്റിന്റെ അപേക്ഷയില്‍ പ്രോട്ടോകോള്‍ ഓഫീസര്‍ ഒപ്പിട്ടാലേ ഡ്യൂട്ടിയിളവ് നല്‍കാന്‍ കഴിയൂ. നയതന്ത്ര പാഴ്‌സല്‍ വഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാനോ അതില്‍ സംസ്ഥാനത്തിന് നികുതിയിളവിന് സാക്ഷ്യപത്രം നല്‍കാനോ ചട്ടപ്രകാരം കഴിയില്ല. ഇക്കാര്യങ്ങളില്‍ മന്ത്രി പറഞ്ഞ മറുപടികള്‍ തൃപ്തികരമല്ലെന്നാണ് ഇ.ഡി.യുടെ വിലയിരുത്തല്‍. ജലീലിനും മന്ത്രി പുത്രനും പുറകേ മറ്റൊരു മന്ത്രി കൂടെ വരുന്നതോടെ പ്രതിപക്ഷത്തിനും ബിജെപിക്കും സമരം ചെയ്യാനായി മൂന്നാമത്തെ മന്ത്രിയേയാണ് കിട്ടുന്നത്. എന്തായാലും സമരക്കാര്‍ക്ക് കോളുതന്നെ.
https://www.facebook.com/Malayalivartha