പൊതുഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ വിചിത്രമായ ഉത്തരവ് വിവാദത്തില്‍; അതിഥിത്തൊഴിലാളി കോവിഡ് രോഗിയെങ്കിലും ജോലി ചെയ്യിക്കാം!

കോവിഡ് ഉള്ളവര്‍ ക്വാറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥ ലോകരാജ്യങ്ങളെല്ലാം നടപ്പാക്കുമ്പോള്‍ വ്യവസായ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതുഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്‍ വിചിത്രമായ ഒരു ഉത്തരവു പുറപ്പെടുവിച്ചു. കോവിഡ് ബാധിച്ച അതിഥിത്തൊഴിലാളികളെക്കൊണ്ട് ജോലികള്‍ ചെയ്യിപ്പിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിവാദഉത്തരവ്.
ലക്ഷണങ്ങളില്ലാതെ കോവിഡ് സ്ഥിരീകരിച്ചവരെ ജോലിക്കു നിയോഗിക്കാം. വൈറസ് ബാധിതരെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കരുത് എന്നാണ് ഉത്തരവിലുള്ളത്.
ലക്ഷണങ്ങളോടെയോ അല്ലാതെയോ കോവിഡ് സ്ഥിരീകരിച്ചാല്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും തുടര്‍ന്ന് ആന്റിജന്‍ പരിശോധന നടത്തുമ്പോള്‍ വൈറസ് ബാധയില്ലെന്നു കണ്ടെത്തിയാലും 7 ദിവസം കൂടി ക്വാറന്റീനില്‍ കഴിയണമെന്നുമാണു സര്‍ക്കാരിന്റെ പൊതു ഉത്തരവ്.
സംസ്ഥാനത്ത് എത്തുന്ന തൊഴിലാളികള്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥയ്ക്കു മാറ്റമില്ല. ഇതിന്റെ ചെലവ് കരാറുകാര്‍ വഹിക്കണം. അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണു തീരുമാനമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ വീണ്ടും പണം മുടക്കേണ്ടിവരുമെന്നു മനസ്സിലാക്കിയാണു കരാറുകാര്‍ സര്‍ക്കാരിനെ സ്വാധീനിച്ച് കോവിഡ് ബാധിതരെക്കൊണ്ടു ജോലി ചെയ്യിക്കാമെന്ന ഉത്തരവ് ഇറക്കിയത്.
https://www.facebook.com/Malayalivartha