കൊടുങ്ങല്ലൂരിനടുത്തുള്ള 'പട്ടണം' ഉത്ഖനനത്തില്‍ റോമന്‍ ചക്രവര്‍ത്തിയുടെ സ്ഫിന്‍ക്‌സ് മുദ്ര കണ്ടെടുത്തു, 'പട്ടണം' സമുദ്രാന്തര വാണിജ്യ സംഘങ്ങളുടെ താവളമായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന നിര്‍ണായക തെളിവ്

കൊടുങ്ങല്ലൂരിനും പറവൂരിനും ഇടയിലുള്ള 'പട്ടണം' ഉത്ഖനനത്തില്‍ അഗസ്റ്റസ് സീസര്‍ റോമന്‍ ചക്രവര്‍ത്തിയാകും മുന്‍പ് ഉപയോഗിച്ചിരുന്ന മോതിരമുദ്രയായ സ്ഫിന്‍ക്‌സ് രൂപം കണ്ടെടുത്തു. ഗ്രീക്കോ-റോമന്‍ കാലത്തു മുദ്രമോതിരങ്ങളായി ഉപയോഗിച്ച അമൂല്യ പുരാവസ്തുവിന്റെ കണ്ടെത്തല്‍ ദക്ഷിണേഷ്യയില്‍ തന്നെ ഇതാദ്യമാകാം.
'പാമ' പുരാവസ്തു ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള പത്താം സീസണ്‍ ഉത്ഖനനത്തില്‍ ലഭിച്ച സ്ഫിന്‍ക്‌സ് രൂപം കൊടുങ്ങല്ലൂരിനും പറവൂരിനും ഇടയിലുള്ള 'പട്ടണം' സമുദ്രാന്തര വാണിജ്യ സംഘങ്ങളുടെ താവളമായിരുന്നുവെന്നു സ്ഥിരീകരിക്കുന്ന നിര്‍ണായക തെളിവാണ്.
ഗ്രീക്കോ- റോമന്‍ കലാപാരമ്പര്യത്തിലുള്ള മനുഷ്യശിരസ്സിന്റെ ചെറുശില്‍പവും ലഭിച്ചു. പട്ടണത്തുനിന്നു ലഭിക്കുന്ന മൂന്നാമത്തെ പുരാതന കൊത്തുപണി രൂപമാണിത്.
അമൂല്യമായ കാര്‍ണീലിയന്‍ കല്ലില്‍ തീര്‍ത്ത 2 ലോക്കറ്റുകള്‍ നേരത്തേ കിട്ടി. സിംഹത്തിന്റെ രൂപമുള്ള ലോക്കറ്റ് 2010-ല്‍ കണ്ടെത്തി. റോമന്‍ ദേവതയായ ഫോര്‍ച്യൂണയുടെ ചിത്രം പതിച്ച ലോക്കറ്റ് 2014-ലും. ഒരേ പ്രദേശത്തുനിന്നാണ് ഇവ മൂന്നും കിട്ടിയത്.
അഗസ്റ്റസ് സീസര്‍ ചക്രവര്‍ത്തിയാകും മുന്‍പ് ഒക്ടോവിയുസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാലത്ത് തന്റെ മോതിരത്തില്‍ ഉപയോഗിച്ചിരുന്നതാണ് ഈ മുദ്ര. അമൂല്യ കല്ലായ ബാന്‍ഡഡ് അഗെയ്റ്റില്‍ കൊത്തിയതാണ് 'സ്ഫിന്‍ക്‌സ്' മുദ്ര.
റോമിലെ ഉത്ഖനന ഡയറക്ടറും റോം സര്‍വകലാശാലാ പ്രഫസറുമായ ജൂലിയോ റോക്കോ, പട്ടണത്തു കണ്ടെത്തിയ മുദ്രയുടെ ശൈലി അഗസ്റ്റസ് സീസര്‍ ധരിച്ചിരുന്ന മോതിരത്തിലെ മുദ്രയ്ക്കു സമാനമാണെന്ന് സ്ഥിരീകരിച്ചു. ബിസി ഒന്നാം നൂറ്റാണ്ടു മുതല്‍ എഡി ഒന്നാം നൂറ്റാണ്ട് വരെയാണു കാലഗണന കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha


























