നയതന്ത്ര പാഴ്‌സല്‍ വഴി 2017-ല്‍ എത്തിച്ച ഈന്തപ്പഴം വിതരണം ചെയ്തതിന്റെ വിവരം നല്‍കാന്‍ സാമൂഹികനീതി വകുപ്പിനോട് കസ്റ്റംസ്

2017-ല്‍ നയതന്ത്ര പാഴ്‌സല്‍ വഴി എത്തിച്ച ഈന്തപ്പഴം ഏതൊക്കെ സ്‌കൂളുകളില്‍ വിതരണം ചെയ്തുവെന്നതിന്റെ വിവരം 30-ന് മുന്‍പ് അറിയിക്കാന്‍ കസ്റ്റംസ് സാമൂഹികനീതി വകുപ്പിനോട് നിര്‍ദേശിച്ചു. ഫയലുകള്‍ പരിശോധിക്കുകയാണെന്നും സൗജന്യമായി ലഭിച്ചതിനാല്‍ കൃത്യമായി രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നാണു കാണുന്നതെന്നും സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ പറഞ്ഞു.
വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കത്തുകളൊന്നും സാമൂഹിക നീതി വകുപ്പിലേക്ക് ലഭിച്ചില്ലെന്നാണ് വിവരം. ഫോണിലൂടെയാണ് അന്ന് നിര്‍ദേശം ലഭിച്ചതെന്നാണ് സൂചന. ആര് നിര്‍ദേശിച്ചുവെന്ന വിവരവും അന്വേഷണത്തില്‍ വരും. 17,000 കിലോ ഈന്തപ്പഴമാണ് കേരളത്തില്‍ എത്തിച്ചത്. 250 ഗ്രാം വച്ച് 40,000 കുട്ടികള്‍ക്ക് നല്‍കുന്നതിനാണ് എന്നാണു പറഞ്ഞിരുന്നത്.
കൊച്ചിയില്‍ കസ്റ്റംസ് ആസ്ഥാനത്ത് എത്താന്‍, കോണ്‍സുലേറ്റില്‍നിന്ന് മതഗ്രന്ഥ പാഴ്‌സലുകള്‍ സിആപ്റ്റിലേക്കും അവിടെ നിന്നു വിവിധ സ്ഥലങ്ങളിലേക്കും എത്തിച്ച വാഹനങ്ങളുടെ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ കസ്റ്റംസ് ഇന്നു ചോദ്യം ചെയ്യും. മതഗ്രന്ഥം ഏറ്റുവാങ്ങുന്നതിനു രേഖകള്‍ ഹാജരാക്കിയ കസ്റ്റംസ് ഹൗസ് ഏജന്റിനെയും വിളിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നു സിആപ്റ്റിലെ ജീവനക്കാരുടെ മൊഴിയെടുക്കും.
എന്‍ഐഎ, കസ്റ്റംസ്, ഇഡി വിഭാഗത്തിലെ അന്വേഷണ തലവന്മാരെയും ഉദ്യോഗസ്ഥരെയും വെവ്വേറെയും ഒരുമിച്ചും കണ്ടതിനു ശേഷം സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ 3 ദിവസം മുന്‍പ് കൊച്ചിയില്‍ എത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സ്‌പെഷല്‍ ഡയറക്ടര്‍ സുശീല്‍കുമാര്‍ ഇന്നലെ മടങ്ങി.
https://www.facebook.com/Malayalivartha


























