ജാഥ, ആള്‍ക്കൂട്ടം, കലാശക്കൊട്ട് എന്നിവ ഒഴിവാക്കണമെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോവിഡ് പ്രോട്ടോക്കോള്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ തയാറാക്കിയ കോവിഡ് പ്രോട്ടോക്കോളിന്റെ കരട് പുറത്ത്. പ്രചാരണത്തിനു നോട്ടിസ്, ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി സമൂഹമാധ്യമങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താം. ഭവന സന്ദര്‍ശനത്തിന് ഒരു സമയം സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ പരമാവധി 5 പേര്‍ മതി. വീട്ടിനുള്ളില്‍ പ്രവേശിക്കരുത്. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് പരമാവധി 3 വാഹനങ്ങള്‍ ആകാം.
സ്ഥാനാര്‍ഥികള്‍ക്ക് ഹാരം, പൂച്ചെണ്ട്, നോട്ടുമാല, ഷാള്‍ തുടങ്ങിയവ നല്‍കിയുള്ള സ്വീകരണ പരിപാടി ഒഴിവാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം. ജാഥ, ആള്‍ക്കൂട്ടം, കലാശക്കൊട്ട് എന്നിവയും ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവ സംബന്ധിച്ചു വരണാധികാരി യോഗങ്ങള്‍ വിളിക്കുമ്പോള്‍ 30-പേരില്‍ കൂടരുത്. തിരഞ്ഞെടുപ്പു യന്ത്രങ്ങളുടെ പരിശോധന നടത്തുമ്പോഴും 30 പേരെയാണ് അനുവദിക്കുക. രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാതല യോഗം കലക്ടര്‍മാര്‍ വിളിച്ചു ചേര്‍ക്കുമ്പോള്‍ ഒരു പാര്‍ട്ടിക്കു ഒരു പ്രതിനിധി എന്ന നിലയില്‍ പരമാവധി 40 പേര്‍ക്കു പങ്കെടുക്കാം. സ്ഥലസൗകര്യമുള്ളതും വായുസഞ്ചാരമുള്ളതുമായ മുറികള്‍ ക്രമീകരിക്കണം.
ഹാളിനുള്ളില്‍ 2 മീറ്റര്‍ അകലത്തില്‍ സീറ്റുകള്‍ ക്രമീകരിക്കണമെന്നും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തു നിര്‍ദേശങ്ങള്‍ അന്തിമമാക്കും.
ഏതെങ്കിലും സ്ഥാനാര്‍ഥി കോവിഡ് പോസിറ്റീവ് ആവുകയോ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന ക്വാറന്റീനില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ഉടന്‍ പ്രചാരണ രംഗത്തു നിന്നു മാറിനില്‍ക്കണം. ജനസമ്പര്‍ക്കം ഒഴിവാക്കണം. പരിശോധനാ ഫലം നെഗറ്റീവായ ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം തുടര്‍പ്രവര്‍ത്തനം നടത്താം. പ്രചാരണത്തില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണം.
സ്ഥാനാര്‍ഥി കോവിഡ് പോസിറ്റീവോ ക്വാറന്റീനിലോ ആണെങ്കില്‍ നാമനിര്‍ദേശ പത്രിക അദ്ദേഹം നിര്‍ദേശിക്കുന്നയാള്‍ മുഖേന സമര്‍പ്പിക്കാം. ആവശ്യമെങ്കില്‍ പത്രിക സമര്‍പ്പിക്കുന്നതിനു മുന്‍നിശ്ചയിച്ച് സമയം അനുവദിക്കാം.
പത്രിക സമര്‍പ്പിക്കാന്‍ വരുമ്പോള്‍ ഒരു വാഹനം മാത്രമാണ് അനുവദനീയം. വരണാധികാരി കയ്യുറയ്ക്കു പുറമേ ഫെയ്‌സ് ഷീല്‍ഡും ധരിക്കണം. ഓരോ പത്രികയും സ്വീകരിച്ച ശേഷം സാനിറ്റൈസര്‍ ഉപയോഗിക്കണം. പത്രിക സമര്‍പ്പിക്കാന്‍ വരുന്ന മറ്റുള്ളവര്‍ക്കു വേറെ കാത്തിരിപ്പു സ്ഥലമൊരുക്കാം.
https://www.facebook.com/Malayalivartha


























