ഐടി വകുപ്പിലെ കരാര്‍ നിയമനങ്ങള്‍ വിലയിരുത്താന്‍ സമിതി, കരാര്‍ ജീവനക്കാരുടെ ആവശ്യകത നിര്‍ണയിക്കുന്നതിനു പുറമേ നിലവിലുള്ളവരുടെ കാര്യക്ഷമത ഇടവേളകളില്‍ പരിശോധിക്കാനും ഉത്തരവായി

ഐടി വകുപ്പിലെ സ്വപ്ന സുരേഷിന്റെ അടക്കം നിയമനം വിവാദമായ പശ്ചാത്തലത്തില്‍ ഇനി നടത്തുന്ന കരാര്‍ നിയമനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക സമിതി. ഐടി വകുപ്പിനു കീഴിലെ കരാര്‍ നിയമനങ്ങളെല്ലാം ചീഫ് സെക്രട്ടറിതല സമിതിയുടെ നിര്‍ദേശപ്രകാരം ധനകാര്യ പരിശോധനാ വിഭാഗം പരിശോധിക്കുകയാണ്. സ്വപ്നയുടെ നിയമനത്തിലെ ചട്ടലംഘനം പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി.
ഇതിനിടെയാണ് ഐടി സെക്രട്ടറി അധ്യക്ഷനായി സമിതി. സമിതിയില്‍ ബന്ധപ്പെട്ട സ്ഥാപന മേധാവി, ജോയിന്റ് സെക്രട്ടറി, സ്റ്റേറ്റ് ഇ-ഗവേണന്‍സ് മിഷന്‍ ടീം മേധാവി, ഭരണപരിഷ്‌കാര വകുപ്പ് പ്രതിനിധി എന്നിവര്‍ അംഗങ്ങളാവും. കരാര്‍ ജീവനക്കാരുടെ ആവശ്യകത നിര്‍ണയിക്കുന്നതിനു പുറമേ നിലവിലുള്ളവരുടെ കാര്യക്ഷമത ഇടവേളകളില്‍ പരിശോധിക്കാനും ഉത്തരവായി.
സമിതി അംഗീകരിച്ചാലേ കരാര്‍ പുതുക്കി നല്‍കൂ. കരാര്‍ തസ്തികയില്‍ എത്തുന്നവര്‍ സ്ഥാപനവുമായി ധാരണാപത്രം ഒപ്പിടണം. ഇതിലെ ചട്ടലംഘനങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണും.
ഐടി വകുപ്പിലെ എല്ലാ പദ്ധതികളില്‍ നിന്നും സ്വപ്ന സുരേഷിനെ കണ്‍സല്‍റ്റന്റായി കൊണ്ടുവന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ (പിഡബ്ല്യുസി) ഒഴിവാക്കി.
പിഡബ്ല്യുസി-യെ കരിമ്പട്ടികയില്‍പെടുത്തണമെന്ന ചീഫ് സെക്രട്ടറി തല സമിതിയുടെ ശുപാര്‍ശയില്‍ ഇനിയും നടപടിയെടുത്തിട്ടില്ല. കെ ഫോണ്‍ പദ്ധതിക്കു മാത്രം പിഡബ്ല്യുസിക്ക് ഇതുവരെ നല്‍കിയത് 3.5 കോടി രൂപയാണ്.
സ്വപ്നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പിഡബ്ല്യുസിയെ രണ്ടാം പ്രതിയാക്കിയിരുന്നെങ്കിലും ആ വഴിക്കും അന്വേഷണമില്ല. ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്ന് പിഡബ്ല്യുസിയെ പുറത്താക്കിയിരുന്നു.
https://www.facebook.com/Malayalivartha


























