ഇന്ത്യയുമായി സൗഹാര്‍ദമുള്ള ഇറാഖിനെതിരെ സായുധപോരാട്ടം നടത്തിയെന്ന കേസില്‍ സുബഹാനി കുറ്റക്കാരന്‍ , 28-ാം തീയതി എന്‍.ഐ.എ. കോടതി വിധി

തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍ സുബഹാനി ഹാജാ മൊയ്തീന്‍ (34) ഇന്ത്യയുമായി സൗഹാര്‍ദമുള്ള ഇറാഖിനെതിരെ സായുധപോരാട്ടം നടത്തിയെന്ന കേസില്‍ കുറ്റക്കാരനെന്നു എന്‍.ഐ.എ പ്രത്യേക കോടതി. ഈ വരുന്ന 28-ാം തീയതി ജഡ്ജി പി.കൃഷ്ണകുമാര്‍ ശിക്ഷ വിധിക്കും.
2015-ല്‍ തുര്‍ക്കി വഴി ഇറാഖിലേക്കു കടന്ന സുബ്ഹാനി ഐ.എസില്‍ ചേര്‍ന്ന് ആയുധ പരിശീലനം നേടിയ ശേഷമാണു മൊസൂളിനടുത്തുള്ള യുദ്ധഭൂമിയില്‍ മറ്റുള്ളവര്‍ക്കൊപ്പം എത്തിയതെന്നാണ് ആരോപണം. സഖ്യരാഷ്ട്രത്തിനെതിരേ യുദ്ധം ചെയ്തതുമായി ബന്ധപ്പെട്ട് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. ഭീകരസംഘടനയായ ഐ.എസിനൊപ്പം ചേര്‍ന്നാണു പ്രതി ഇറാഖിനെതിരേ പോരാടിയത്.
കണ്ണൂര്‍ കനകമലയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഗൂഢാലോചന നടത്തിയ കേസിലെ പ്രതികള്‍ക്കൊപ്പമാണ് 2016-ല്‍ സുബഹാനിയെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. ബാഗ്ദാദിലെ ഇന്ത്യന്‍ എംബസി മുന്‍ ഉദ്യോഗസ്ഥന്‍ അടക്കം 46 സാക്ഷികളെ 2019 ജനുവരിയില്‍ തുടങ്ങിയ സാക്ഷി വിസ്താരത്തില്‍ എന്‍.ഐ.എ കോടതി വിസ്തരിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമം 125 പ്രകാരം ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഏഷ്യന്‍ രാജ്യത്തിനെതിരേ യുദ്ധം ചെയ്യുക, യു.എ.പി.എ വകുപ്പു 20 അനുസരിച്ചു ഭീകര സംഘടനയില്‍ അംഗമാകുക, വകുപ്പ് 38 അനുസരിച്ചു ഭീകരസംഘടനയില്‍ അംഗമാകാനായി പരിശ്രമിക്കുക, വകുപ്പു 39-ഭീകരസംഘടനയെ പിന്തുണയ്ക്കുക, അവരോടു സഹകരിക്കുക, ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പു 120 ബി പ്രകരമുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ കോടതി കണ്ടെത്തിയത്.
എന്നാല്‍ ഇന്ത്യക്കെതിരേ പോരാടാന്‍ ആയുധം ശേഖരിച്ചെന്ന കുറ്റം (ഇന്ത്യന്‍ ശിക്ഷാനിയമം 122) തെളിയിക്കാന്‍ എന്‍.ഐ.എക്കായില്ല. താന്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്നും സമാധാനത്തിലാണ് വിശ്വാസമെന്നും സുബ്ഹാനി വാദിച്ചു. ഇന്ത്യക്കെതിരെയോ മറ്റേതെങ്കിലും രാജ്യത്തിനെതിരെയോ യുദ്ധം ചെയ്തിട്ടില്ല. കോടതിയുടെ വിധി അംഗീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍, അന്തിമ വിധി സര്‍വശക്തനായ ദൈവത്തിന്റെതാണെന്നും സുബ്ഹാനി പറഞ്ഞു.
പ്രതിക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇരുഭാഗം വാദവും കേട്ടശേഷമാണ് കോടതി ശിക്ഷ പ്രഖ്യാപിക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha


























