താമരശ്ശേരി വനം വകുപ്പ് ഓഫിസില്‍ എത്തിയ കോഴിക്കോട് ഡിഎഫ്ഒ-യ്ക്ക് നേരെ കയ്യേറ്റശ്രമം: യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍

താമരശ്ശേരി വനം വകുപ്പ് ഓഫിസില്‍ എത്തിയ കോഴിക്കോട് ഡിഎഫ്ഒ എം.രാജിവനെ കരിങ്കൊടി കാട്ടി തടഞ്ഞ് കയ്യേറ്റത്തിനു ശ്രമിച്ച കേസില്‍ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലബാര്‍ വന്യജീവി സങ്കേതം കരടു വിജ്ഞാപനം സംബന്ധിച്ച ആശങ്ക പരിഹരിക്കുന്നതിനായാണ് ഡിഎഫ്ഒ രാജിവന്‍ വനം വകുപ്പ് ഓഫിസില്‍ എത്തിയത്.
ഇന്നലെ പുലര്‍ച്ചെ പൊലീസ് വീടുകളിലെത്തി യുഡിഎഫ് നേതാക്കളായ ബിജു കണ്ണന്തറ, അഷ്‌റഫ് കോരങ്ങാട്, ഫസല്‍ കാരാട്ട്, നിയാസ് ഇല്ലിപറമ്പില്‍, ബേബി തോമസ്, ജാസില്‍ പുതുപ്പാടി എന്നിവരെ അറസ്റ്റ് ചെയ്തു. പിന്നീട് താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് മജിസ്‌ട്രേട്ട് ജാമ്യം നല്‍കി.
താമരശ്ശേരി വനംവകുപ്പ് ഓഫിസിനു മുന്നില്‍ വ്യാഴാഴ്ച രാവിലെയാണ് ഡിഎഫ്ഒയെ തടഞ്ഞത്. ഡിഎഫ്ഒയുടെ പരാതി പ്രകാരം കയ്യേറ്റം ചെയ്യല്‍, ജോലി തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ താമരശ്ശേരി ടൗണില്‍ പ്രതിഷേധ യോഗം നടത്തി. ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം, ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ്, കെ.വി.മുഹമ്മദ്, പ്രേംജി ജയിംസ്, ബിജു താന്നിക്കാക്കുഴി എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha


























