ഇത്രയും പ്രതീക്ഷിച്ചില്ല... പോലീസ് കേസെടുക്കാത്തതിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് മര്‍ദിച്ച സംഭവം ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം; യൂട്യൂബ് ചാനല്‍ വഴി നടത്തിയ പരാമര്‍ശം തെളിഞ്ഞാല്‍ ലഭിക്കുന്നത് വെറും മൂന്ന് വര്‍ഷം മാത്രം; പൊട്ടിക്കരഞ്ഞ് ഭാഗ്യ ലക്ഷ്മിയും ദിയ സനയും

എത്ര കുറ്റം ചെയ്തവര്‍ക്കെതിരായും നിയമം മറികടന്ന് പ്രവര്‍ത്തിച്ചാല്‍ എന്തുണ്ടാകുമെന്ന് കാണുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അതേസമയം, വിജയ് പി. നായര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇരു കൂട്ടര്‍ക്കുമെതിരെ സിറ്റി പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
നിയമമനുസരിച്ച് വീട്ടില്‍ കയറി തല്ലിയാല്‍ വലിയ കുറ്റമാണ് ചെയ്യുന്നത്. താമസസ്ഥലത്ത് അതിക്രമിച്ചു കയറി മര്‍ദ്ദിച്ച സംഭവം ഇന്ത്യന്‍ ശിക്ഷാ നിയമം 452 വകുപ്പ് പ്രകാരം ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചില്ലെങ്കിലും പൊലീസിന് കേസെടുക്കാം. യൂട്യൂബ് ചാനല്‍ വഴി നടത്തിയ പരാമര്‍ശങ്ങളും കുറ്റകരമാണ്. ഐ.ടി ആക്ടിലെ സെക്ഷന്‍ 67 പ്രകാരം മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാം.
വല്ലാത്തൊരു ട്വിസ്റ്റാണ് സംഭവത്തില്‍ ഉണ്ടായത്. സോഷ്യല്‍ മീഡിയ തന്നെ രണ്ടുകൂട്ടരുടേയും പക്ഷം പിടിച്ചിരിക്കുകയാണ്. ഒരു കൂട്ടര്‍ ഭാഗ്യലക്ഷ്മി തല്ലിയത് ശരിയെന്ന് പറയുമ്പോള്‍ മറുകൂട്ടര്‍ ഇവര്‍ നടത്തിയ തെറിവിളികളും അക്രവും ശരിയല്ലെന്നാണ് പറയുന്നത്. ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചാ വേളയില്‍ ഭാഗ്യ ലക്ഷ്മിയും ദിയ സനയും പൊട്ടിക്കരഞ്ഞു. സുഗതകുമാരി ലൈവില്‍ വന്ന് ഈ സംഭവത്തെ ശക്തമായി അപലപിച്ചപ്പോഴാണ് ഇരുവരും പൊട്ടിക്കരഞ്ഞത്. ദിയ സന കുറേനേരം തിരിഞ്ഞിരുന്ന് ഏങ്ങിയേങ്ങി കരഞ്ഞു. ഇതോടെ ചാനല്‍ അവതാരകനായ വിനു വി ജോണിനും സങ്കടം വന്നു.
അതിക്രമിച്ച് കയറല്‍, മര്‍ദ്ദനം തുടങ്ങിയ ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍ ചുമത്തിയാണ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. താമസസ്ഥലത്ത് അതിക്രമിച്ചുകയറി ദേഹോപദ്രവം ഏല്‍പിക്കുകയും ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിച്ചു കൊണ്ടു പോവുകയും ചെയ്‌തെന്ന വിജയ് പി. നായരുടെ പരാതിയിലാണ് നടപടി. ലാപ്‌ടോപും മൊബൈലും പിടിച്ചെടുത്തതിന് മോഷണക്കുറ്റവും ചുമത്തി.
കൈയേറ്റത്തിനു പിന്നാലെ മാപ്പ് പറയുകയും പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്ത വിജയ് പി.നായര്‍ ശനിയാഴ്ച രാത്രി നിലപാട് മാറ്റി പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ മ്യൂസിയം, തമ്പാനൂര്‍ സ്‌റ്റേഷനുകളിലായി രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. യൂട്യൂബ് ചാനലിലൂടെ സംവിധായകന്‍ ശാന്തിവിള ദിനേശ് തന്നെ അപകീര്‍ത്തിപ്പെടുത്തിയതായി കാണിച്ച് ഭാഗ്യലക്ഷ്മി ഡി.ജി.പിക്ക് നല്‍കിയ പരാതിയിലും മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടാണ് വിജയ് പി. നായരുടെ ഓഫീസിലെത്തി ഭാഗ്യലക്ഷ്മിയും സംഘവും ഇയാളെ കൈയേറ്റം ചെയ്തത്. ഇയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച സംഘം സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതിനു മാപ്പുപറയിപ്പിക്കുകയും ചെയ്തു. കേസന്വേഷണം നടക്കുകയാണെന്നും തെളിവുകള്‍ ശേഖരിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും തമ്പാനൂര്‍ സി.ഐ പറഞ്ഞു.
ഗൗരവമേറിയ വകുപ്പുകള്‍ ചുമത്തുന്ന കാര്യവും അതിനുശേഷമേ പരിഗണിക്കാനാവൂ എന്നും മ്യൂസിയം പൊലീസ് വ്യക്തമാക്കി. അതേസമയം നിയമം കുറ്റവാളികള്‍ക്ക് ഒപ്പമെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ജയിലില്‍ പോകേണ്ടി വന്നാല്‍ അന്തസായി പോകുമെന്നും ഇവിടത്തെ നിയമം കുറ്റവാളികള്‍ക്കൊപ്പമാണെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. സ്ത്രീകള്‍ക്കെതിരെ വ്യക്തമായ സൂചന നല്‍കി ലൈംഗിക അധിക്ഷേപം നടത്തുന്നതാണ് വിജയ് പി. നായര്‍ ഒരു മാസം മുന്‍പ് പ്രസിദ്ധീകരിച്ച വീഡിയോ. അതിനെതിരെ കഴിഞ്ഞ മാസം 26ന് രാവിലെ ശ്രീലക്ഷ്മി തിരുവനന്തപുരം സിറ്റി സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടിക്കായി കൈമാറിയത് കൈയേറ്റ സംഭവത്തിനുശേഷമെന്നാണ് ആരോപണം.
അതേസമയം ശക്തമായ തെളിവുള്ള ഏഴ് വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന കേസ് എത്രനാള്‍ കൊണ്ട് പോകുമെന്ന് കണ്ടറിയണം. സൈബര്‍ കുറ്റത്തിന് വിജയ് പി നായര്‍ പെട്ടെന്ന് ഊരുകയും ചെയ്യും. ഇതോടെ പല കേസുകളേയും പോലെ ഇതും കോമ്പ്രമൈസിലേക്ക് പോകുമോന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha