മോഷ്ടിച്ച ബൈക്കില്‍ കറങ്ങി കവര്‍ച്ച നടത്തുന്ന മൂന്നംഗ സംഘം ഒളിച്ച തോട്ടത്തില്‍ നിന്നും പിടികൂടാനായില്ല

ഇന്നലെ പുലര്‍ച്ചെ രണ്ടു മുതല്‍ പൊലീസിനെ ചുറ്റിക്കുന്ന കവര്‍ച്ചാസംഘത്തെ ഇതുവരേയും പിടികൂടാനായില്ല. മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്നുള്ള മോഷണ പരമ്പരയ്ക്കിടെ പൊലീസിനെ വെട്ടിച്ച് റബര്‍ തോട്ടത്തില്‍ ഒളിച്ച മൂന്നംഗ സംഘത്തെ പകല്‍ മുഴുവന്‍ തിരഞ്ഞിട്ടും കണ്ടെത്താനായില്ല.
പൊലീസ് പിന്തുടര്‍ന്നതോടെ ഊടുവഴികളിലൂടെ തോട്ടത്തിലേക്ക് ഓടിക്കയറിയ യുവാക്കള്‍ പരിസരവാസികളുടെ മുന്നില്‍ പെട്ടെങ്കിലും പിടികൂടാനായില്ല.
മേലുകാവുമറ്റത്തെ ബിസി ടൈംസ് കടയില്‍ പുലര്‍ച്ചെ രണ്ടിനു പൂട്ടു പൊളിച്ചുകയറിയ സംഘം സെക്യൂരിറ്റി ജീവനക്കാരനെ കണ്ടതോടെ ബൈക്കില്‍ പാഞ്ഞു. കടയില്‍നിന്ന് നിന്ന് ഒരു ഫോണ്‍ മാത്രമാണ് മോഷണം പോയത്. ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പിന്നീടു പ്രവിത്താനത്തെ ഗുഡ്ലുക്ക് മൊബൈല്‍സിലും മോഷണത്തിനു ശ്രമിച്ചു. വാഹനവെളിച്ചം കണ്ടതോടെ സംഘം ബൈക്കുമായി കടന്നു.
പാലായില്‍ നിന്നുള്ള കണ്‍ട്രോള്‍ റൂം വാഹനം ഇവരെ കണ്ടതോടെ ഊടുവഴികളിലൂടെ പാഞ്ഞ ഇവര്‍ പൊലീസിനെ വെട്ടിച്ചുകടന്നു. രാവിലെ ആറോടെ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ കപ്പാട്ട് ഇവരുണ്ടെന്നു വിവരം ലഭിച്ചു. തിടനാടു നിന്നുള്ള പൊലീസ് സംഘം ഇവിടെ പരിശോധന ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഈരാറ്റുപേട്ട റോഡില്‍ കാളകെട്ടിയില്‍ നിന്നു പുലര്‍ച്ചെ ആറോടെ, തോട്ടങ്ങള്‍ നിറഞ്ഞ കൊച്ചുകടവിലെത്തിയ സംഘം ബൈക്ക് ഉപേക്ഷിച്ചു തോട്ടത്തിലേക്കു കയറി.
ഇവരെ നാട്ടുകാര്‍ കണ്ടെങ്കിലും ആറരയോടെ പിന്നാലെ പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് മോഷണ സംഘമാണെന്ന് മനസ്സിലായത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നു കഴിഞ്ഞ 29-ാം തീയതി മോഷണം പോയ ബൈക്കാണ് സംഘം ഉപയോഗിച്ചതെന്നു കണ്ടെത്തി. തിരുവനന്തപുരം റജിസ്‌ട്രേഷനുള്ള ബൈക്ക് മോഷണം പോയതായി കാണിച്ച് ഉടമ അന്നു തന്നെ കോട്ടയം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തോട്ടങ്ങള്‍ക്കു നടുവിലുള്ള വീട്ടുകാര്‍ കൊച്ചുകാവില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ ചേരാനി ഭാഗത്ത് രാവിലെ 8.30-ന് മോഷണസംഘത്തെ കണ്ടു. മുന്‍പു കണ്ടിട്ടില്ലാത്ത 3 ചെറുപ്പക്കാര്‍ നടന്നുപോകുന്നതു ശ്രദ്ധയില്‍പെട്ടെങ്കിലും സംശയം തോന്നിയില്ല. പ്രദേശത്തു റബറിനൊപ്പം കൈതക്കൃഷിയും വ്യാപകമാണ്. പ്രതികള്‍ തോട്ടത്തില്‍ ഉണ്ടെന്നു ബോധ്യമായതോടെ 40 ഏക്കര്‍ പ്രദേശം പൊലീസും നാട്ടുകാരും ചേര്‍ന്നു വളഞ്ഞു. കൈതയായതിനാല്‍ ഉള്ളില്‍ കയറി പരിശോധന ദുഷ്‌കരമായി. തോട്ടത്തില്‍ നിന്നു പുറത്തേക്കുള്ള എല്ലാ വഴികളിലും നിലയുറപ്പിച്ച ശേഷമാണു പരിശോധന തുടങ്ങിയത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഡ്രോണ്‍ എത്തിച്ച് പരിശോധന തുടങ്ങി. എന്നാല്‍ ഇടതൂര്‍ന്ന മരങ്ങളും കനത്ത വെയിലും തിരിച്ചടിയായി. ഇരുട്ടു വീഴുന്നതു വരെ പരിശോധന തുടര്‍ന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. പ്രദേശത്തെ റോഡുകളിലും തോട്ടത്തിലും പൊലീസ് സംഘം തുടരുകയാണ്.
മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. വിദഗ്ധര്‍ മേലുകാവുമറ്റത്തെയും പ്രവിത്താനത്തെയും കടകളില്‍ നിന്നു വിരലടയാളം ശേഖരിച്ചു. പാലാ ഡിവൈഎസ്പി സാജു വര്‍ഗീസ്, പാലാ എസ്എച്ച്ഒ അനൂപ് ജോസ്, ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വര്‍ഗീസ്, തിടനാട് എസ്എച്ച്ഒ ക്ലീറ്റസ് ജോസഫ്, പൊന്‍കുന്നം എസ്എച്ച്ഒ എസ്.ഷിഹാബുദീന്‍ മേലുകാവ് എസ്‌ഐ ലെബിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുനൂറോളം പൊലീസുകാരാണു പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha


























