വെള്ളക്കരത്തിലും ഉപയോക്താക്കള്‍ക്ക് ഇരുട്ടടി; ശരാശരി കണക്കാക്കിയപ്പോള്‍ വെള്ളക്കരം ഇരട്ടിയിലേറെ!

കോവിഡ് കാലത്തെ വെള്ളക്കരത്തിന്റെ ബില്‍ത്തുക കണ്ടമാനം കൂടിയതോടെ ജല അതോറിറ്റി ഓഫിസുകളില്‍ പരാതി പ്രളയമാണ്. റീഡിങ് മുടങ്ങിയതിനാല്‍ ശരാശരി കണക്കാക്കി ബില്‍ത്തുക നിശ്ചയിച്ചപ്പോള്‍ പലര്‍ക്കും വെള്ളക്കരം ഇരട്ടിയിലേറെയായി. ഉപയോഗം കണക്കാക്കാന്‍ കെഎസ്ഇബിയുടെ അതേ രീതിയാണു ജല അതോറിറ്റിയും പിന്തുടരുന്നത്.
കഴിഞ്ഞയാഴ്ച തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയോട് ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ബില്ലായി അടയ്ക്കാനാവശ്യപ്പെട്ടത് 9563 രൂപ.2 മാസം കൂടുമ്പോള്‍ ഏതാണ്ട് 800 രൂപയായിരുന്നു (ശരാശരി 70-80 കിലോ ലീറ്റര്‍ ഉപയോഗം) നേരത്തേ വെള്ളക്കരം. സെപ്റ്റംബര്‍ 26-ന് ലഭിച്ച ബില്ലില്‍ 304 കിലോ ലീറ്റര്‍ വെള്ളം ഉപയോഗിച്ചെന്നു കാണിച്ചാണ് 9563 രൂപ കണക്കാക്കിയത്. മാര്‍ച്ച് മാസമാദ്യം മീറ്റര്‍ പരിശോധിക്കാതെ ശരാശരി കണക്കാക്കി ലഭിച്ച ബില്‍ പ്രകാരം ഇദ്ദേഹം തുക അടച്ചിരുന്നു. അതിനു പുറമേയാണു വന്‍ തുകയുടെ ബില്‍ വന്നത്. 2 മാസത്തിലൊരിക്കല്‍ 802 രൂപ അടച്ചിരുന്നയാള്‍ക്ക് 2000 രൂപയുടെ ബില്ലും 40 രൂപ അടച്ചിരുന്നയാള്‍ക്കു 300 രൂപയുടെ ബില്ലും കിട്ടി.
റീഡിങ് മുടങ്ങിയതിനാല്‍ മുന്‍കാല റീഡിങ്ങുകളുടെ ശരാശരി കണക്കാക്കിയാണ് ബില്‍ത്തുക തിട്ടപ്പെടുത്തുന്നത്. ലോക്ഡൗണില്‍ ഗാര്‍ഹിക ഉപയോഗം കൂടിയതാണു ബില്‍ത്തുക ഉയരാന്‍ കാരണമെന്ന് ജല അതോറിറ്റി. സ്ലാബ് സംവിധാനം മാറുമ്പോള്‍ ഒടുക്കേണ്ട തുകയിലും ഗണ്യമായ മാറ്റം വന്നിരിക്കാം. പരാതികളുണ്ടെങ്കില്‍ അതതു സെക്ഷന്‍ ഓഫിസുകളുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha


























