ഒരു കുഴപ്പവുമില്ലെന്ന് ട്രംപ്... കൊറോണ വൈറസിനേയും ചൈനയേയും ഒരു പോലെ തള്ളിപ്പറഞ്ഞ ലോക പോലീസിന്റെ അമരക്കാരന്‍ ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യ നിലയില്‍ ആശങ്ക; ആരോഗ്യവാനെന്ന് ട്രംപ് പറയുമ്പോഴും 48 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍

കോവിഡിന്റെ നീരാളിപ്പിടുത്തത്തിലാണ് ലോകം. കോടിക്കണക്കിന് പേരുടെ ജീവിതമാണ് ആര്‍ക്കും കാണാത്ത ഈ ചെറിയ വൈറസ് മാറ്റി മറിച്ചത്. 35 മില്യന്‍ ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കുകയും ഒരു മില്യന്‍ പേര്‍ മരിക്കുകയും ചെയ്തു. കോവിഡ് കവര്‍ന്നെടുത്തവരില്‍ പട്ടിണിപ്പാവങ്ങള്‍ മുതല്‍ അതി സമ്പന്നര്‍വരെയുണ്ട്. കോവിഡില്‍ ഓരോ പ്രദേശങ്ങളും തകര്‍ന്ന് വീഴുമ്പോഴും തങ്ങളെ അത് ബാധിക്കില്ല, മാസ്‌ക് വയ്ക്കില്ല എന്ന് കടുംപിടിത്തം പിടുത്തമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുണ്ടായിരുന്നത്. അതേസമയം ചൈനയാണ് കൊറോണ വൈറസ് പടര്‍ത്തിയതെന്ന് പറഞ്ഞ് ചൈനയെ വലിയ ശത്രുരാജ്യമായി ട്രംപ് കാണുകയും ലോകാരോഗ്യ സംഘടനയില്‍ നിന്നും രാജി വയ്ക്കുകയും ചെയ്തു. ഇത്രയേറെ സുരക്ഷയുണ്ടായിരുന്ന ട്രംപും ഇപ്പോള്‍ കോവിഡിന്റെ പിടിയിലാണ്. പഴയത് പോലെ തനിക്കൊന്നുമില്ലെന്ന് ട്രംപ് പറയുമ്പോഴും 48 മണിക്കൂര്‍ നിര്‍ണായകമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ട്രംപിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനകളും നടക്കുന്നുണ്ട്.
ട്രംപിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെങ്കിലും അടുത്ത രണ്ടു ദിവസം നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. താന്‍ ആരോഗ്യവാനാണെന്നും അടച്ചിട്ട മുറിയില്‍ ഏകാന്തനായി കഴിയുന്ന ബുദ്ധിമുട്ട് മാത്രമാണ് തനിക്കുള്ളതെന്നും ട്രംപ് അറിയിച്ചു. തിരഞ്ഞെടുപ്പിനു കൃത്യം ഒരു മാസം കൂടി അവശേഷിക്കുകയും മിക്ക സംസ്ഥാനങ്ങളിലും ഏര്‍ലി മെയില്‍ വോട്ടിങ് ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ രാഷ്ട്രീയവൃത്തങ്ങളില്‍ കോവിഡ് ഇപ്പോള്‍ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഏഴ് മാസത്തിനിടയില്‍ 2,09,000 ത്തിലധികം അമേരിക്കക്കാരെ കൊന്നൊടുക്കിയ കോവിഡ് ഇപ്പോള്‍ രാജ്യത്തെ ഗുരുതരമായ ഭരണ പ്രതിസന്ധിയിലേക്കു തള്ളിയിട്ടിരിക്കുയാണ്. കമാന്‍ഡര്‍ ഇന്‍ ചീഫ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.
ട്രംപിന്റെ ആരോഗ്യം നിലവില്‍ തൃപ്തികരം തന്നെയാണ്. ഇപ്പോള്‍ പനിയില്ലെങ്കിലും സപ്ലിമെന്റല്‍ ഓക്‌സിജനുമായി ട്രംപ് സുഖകരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദിവസം മുഴുവന്‍ 96% മുതല്‍ 98% വരെ സാച്ചുറേഷന്‍ ലെവല്‍ ഉണ്ട്, രക്തത്തിലെ ഓക്‌സിജന്റെ അളവ് സാധാരണ പരിധിക്കുള്ളിലാണ്. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ ആയിരുന്നപ്പോള്‍, ട്രംപിന് പരീക്ഷണാത്മക റെജെനെറോണ്‍ ആന്റിബോഡി കോക്ടെയ്ല്‍ നല്‍കിയിരുന്നു. ഇത് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. എങ്കിലും വൈറസിനെതിരെ പോരാടുമ്പോള്‍ പ്രസിഡന്റിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കും.
ട്രംപ് വാള്‍ട്ടര്‍ റീഡിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ആന്റിവൈറല്‍ മയക്കുമരുന്ന് റിമെഡെസിവിര്‍ ആരംഭിച്ചു. ഇത് അഞ്ച് ദിവസത്തെ കോഴ്‌സാണ്. മറ്റു മെഡിക്കല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സാധാരണയായി പ്രസിഡന്റിന്റെ രോഗവിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്ന പതിവ് രാജ്യത്തില്ല. എന്നാല്‍, വെള്ളിയാഴ്ച രാവിലെ ട്രംപിന് പനിയുണ്ടെന്നും ഓക്‌സിജന്റെ അളവ് അതിവേഗം കുറഞ്ഞുവെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മെഡോസ് പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ അവിശ്വസനീയമായ രീതിയില്‍ അദ്ദേഹം മെച്ചപ്പെടുത്തലുകള്‍ വരുത്തിയെന്നും മെഡോസ് പിന്നീട് കൂട്ടിച്ചേര്‍ത്തു. എന്നാലിത് ജനങ്ങള്‍ വിശ്വസിച്ചിട്ടില്ല.
വൈറ്റ് ഹൗസില്‍ നിന്ന് സംസാരിച്ച മെഡോസിന്റെ പ്രസ്താവന 24 മണിക്കൂര്‍ കാലയളവിലെ വൈരുദ്ധ്യം നിറഞ്ഞതാണെന്നു ജനങ്ങള്‍ മനസിലാക്കി. രോഗനിര്‍ണയം നടത്തിയതിന് ശേഷം ട്രംപ് കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ രോഗമുക്തനായിട്ടില്ലെന്നും ട്രംപിന്റെ ഡോക്ടര്‍ ശനിയാഴ്ച രാത്രി അറിയിച്ചിരുന്നു.
അതേസമയം ട്രംപിന് ശുഭാപ്തി വിശ്വാസം ഏറെയുണ്ട്. ഇത് അമേരിക്കയാണ്, ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഇതാണ്, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം ഇതാണ്, അതു കൊണ്ടു തന്നെ കോവിഡിനെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്കു കഴിയും എന്നാണ് ട്രംപ് പറയുന്നത്. എന്തായാലും ട്രംപ് പൂര്‍ണ ആരോഗ്യത്തോടെ ഉടന്‍ തിരിച്ച് വരുമെന്ന് തന്നെയാണ് ലോകം പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha


























